INDIA

'അക്കൗണ്ടുകൾ മരവിപ്പിച്ച് കോൺഗ്രസിനെ തകർക്കാൻ ആസൂത്രിതനീക്കം'; പ്രചാരണത്തിന് പണമില്ലെന്ന് സോണിയയും രാഹുലും

ദ ഫോർത്ത് - ഡൽഹി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാക്കളായ സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും. കോൺഗ്രസിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിപ്പ് കോൺഗ്രസിനെ തെരഞ്ഞെടുപ്പ് കാലത്ത് സാമ്പത്തികമായി തകർക്കാൻ നരേന്ദ്രമോദി ഗൂഢനീക്കം നടത്തുകയാണെന്ന് സോണിയ ഗാന്ധി ആരോപിച്ചു. ജനാധിപത്യ സംവിധാനത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന നടപടിയാണ് ഇതെന്നും സോണിയ കുറ്റപ്പെടുത്തി.

കോൺഗ്രസിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി എന്നതിനുപരി ഇന്ത്യൻ ജനാധിപത്യ സംവിധാനത്തെ തന്നെ മരവിപ്പിക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 210 കോടി രൂപ കോൺഗ്രസ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖാർഗെയും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

കോൺഗ്രസിന്റെ അനുമതിയില്ലാതെ ഔദ്യോഗിക അക്കൗണ്ടിൽനിന്ന് ആദായനികുതി വകുപ്പ് നേരിട്ട് 115 കോടി പിൻവിച്ചുവെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ സ്തംഭിപ്പിക്കുകയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

രാഹുല്‍ ഗാന്ധി

ബാങ്ക് അക്കൗണ്ടുകളും എടിഎമ്മും മരവിപ്പിച്ചാൽ ഒരു സാധാരണക്കാരന് എന്ത് സംഭവിക്കും? അതാണ് കോൺഗ്രസിന് സംഭവിച്ചിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രചാരണ പരിപാടികൾക്കും പാർട്ടി യാത്രകൾക്കും പണം പിൻവലിക്കാനാകാത്ത സ്ഥിതിയാണെന്നും ഇത് ജനാധിപത്യത്തിൽ കേട്ടുകേൾയില്ലാത്ത തരംതാണ നടപടിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

എന്താണ് കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി?

2018-2019 വർഷത്തെ ആദായനികുതി റിട്ടേൺ കോൺഗ്രസ് 45 ദിവസം വൈകിയാണ് ഫയൽ ചെയ്തത്. 2019 ഡിസംബർ 31നകമായിരുന്നു റിട്ടേൺ ഫയൽ ചെയ്യേണ്ടിയിരുന്നത്. ഇതിന് 2020 ഫെബ്രുവരിയിലാണ് കോൺഗ്രസ് റിട്ടേൺ ഫയൽ ചെയ്തത്. ഇതുകൂടാതെ കോൺഗ്രസ് അക്കൗണ്ടിലേക്ക് എത്തിയ സംഭാവനകളിൽ ചിലവിന്റെ ഉറവിടത്തിൽ അവ്യക്തതയുണ്ടെന്നും ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

റിട്ടേൺ അടക്കാൻ വൈകിയതും നിക്ഷേപങ്ങളുടെ ഉറവിടത്തിലെ അവ്യക്തതയും ചൂണ്ടിക്കാട്ടി 210 കോടി രൂപ ആദായ നികുതി വകുപ്പ് കോൺഗ്രസ് പിഴ ചുമത്തി. പിഴ അടക്കുന്നതുവരെ ഇത്രയും തുക കോൺഗ്രസ് അക്കൗണ്ടിൽ മരവിപ്പിക്കാൻ ആദായ നികുതി വകുപ്പ് ബാങ്കുകൾക്ക് കത്തുനൽകുകയും ചെയ്തു. അതിന് പിന്നാലെ കോൺഗ്രസ് അക്കൗണ്ടുകളിൽ നിന്ന് രണ്ട് ഘട്ടമായി ആദായ നികുതി വകുപ്പ് 115 കോടി രൂപ നേരിട്ട് പിൻവലിച്ച് സർക്കാർ അക്കൗണ്ടിലേക്ക് മാറ്റി.

ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ ഐടി ട്രൈബ്യൂണലിനെയും ദില്ലി ഹൈക്കോടതിയെയും കോൺഗ്രസ് സമീപിച്ചെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് വന്ന പണത്തിന് നികുതിയില്ലെങ്കിലും ചില ഇടപാടുകളിൽ ഉറവിടം വെളിപ്പെടുത്താൻ കോൺഗ്രസിന് സാധിച്ചിട്ടില്ല എന്നാണ് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, നികുതി റിട്ടേൺ വൈകിപ്പിക്കുകയും ചെയ്തു. ഇതിനാൽ ആദായ നികുതി വകുപ്പിലെ 13 എ പ്രകാരമുള്ള ഇളവ് കോൺഗ്രസിന് കിട്ടില്ല.

കോൺഗ്രസ് പറയുന്നത്

രാജ്യത്തെ സാധാരണക്കാരായ പ്രവർത്തകർ നൽകിയ സംഭാവനയാണ് കോൺഗ്രസ് അക്കൗണ്ടുകളിൽ ഉള്ളത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് അങ്ങനെ കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും അക്കൗണ്ടുകളിലാണ് കോൺഗ്രസിന് കിട്ടുന്ന സംഭാവനകൾ വരുന്നത്. ഇതുകൂടാതെ പണമായി കിട്ടുന്ന സംഭാവനകളും ഉണ്ട്. ഇതെല്ലാം കൃത്യമായി ആദായ നികുതി റിട്ടേണിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 14 ലക്ഷം രൂപ മാത്രമാണ് പണമായി കിട്ടിയതെന്നും ഇത് എം.പിമാരും എംഎൽഎമാരും ജീവനക്കാർക്ക് ശമ്പളം നൽകിയതാണെന്നും കോൺഗ്രസ് വാദിക്കുന്നു.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി