INDIA

മുസ്ലിം വിദ്യാര്‍ഥിയുടെ മുഖത്തടിപ്പിച്ച സംഭവം: യുപി സർക്കാർ പ്രതീക്ഷിച്ച രീതിയിൽ ഇടപെട്ടില്ലെന്ന് സുപ്രീംകോടതി

വെബ് ഡെസ്ക്

ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർഥിയെ തല്ലിച്ച സംഭവത്തിൽ പ്രതീക്ഷിച്ച രീതിയിലുള്ള ഇടപെടൽ നടത്തുന്നതിൽ ഉത്തർപ്രദേശ് സർക്കാർ പരാജയപ്പെട്ടെന്ന് സുപ്രീംകോടതി. സംഭവത്തിൽ കൃത്യവും സമയബന്ധിതവുമായ അന്വേഷണം ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് തുഷാർ ഗാന്ധി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വാക്കാലുള്ള കുറ്റപ്പെടുത്തൽ. ജസ്റ്റിസ് അഭയ് എസ് ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഉത്തര്‍പ്രദേശ് മുസാഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളിൽ ഗുണനപ്പട്ടിക തെറ്റിച്ച മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ട് അവിടുത്തെ അധ്യാപിക മുഖത്ത് തല്ലിച്ചതാണ് കേസ്. അധ്യാപികയുടെ നിർദേശപ്രകാരം വിദ്യാർഥികൾ മാറിമാറി സഹപാഠിയെ മർദിക്കുകയായിരുന്നു. വിവാദ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

മർദനത്തിനിരയായ കുട്ടിയുടെ കൗൺസിലിങ് സംബന്ധിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ശിപാർശകൾ എങ്ങനെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ കഴിഞ്ഞ വാദത്തിനിടെ കോടതി യു പി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നിർദേശം പാലിച്ച് വിദ്യാഭ്യാസ വകുപ്പ് അധിക സത്യവാങ്മൂലം സമർപ്പിച്ചതായി ബെഞ്ച് ഇന്നത്തെ വാദം പരിഗണിക്കവെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ വകുപ്പിന്റെ പ്രതികരണം അപര്യാപ്തമാണെന്ന് അഭിഭാഷകൻ ഷദൻ ഫറസത്ത് വിമർശിച്ചു. ഇതിനു മറുപടിയായി ഹർജിക്കാരന്റെ നിർദ്ദേശങ്ങൾ യു പി അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഗരിമ പ്രഷാദിന് രേഖാമൂലം അയയ്ക്കാൻ അഭിഭാഷകനോട് ജസ്റ്റിസ് ഓക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടിയെ ഇപ്പോഴും അതേ സ്കൂളിൽ തന്നെയാണോ ചേര്‍ത്തിരിക്കുന്നതെന്ന ചോദ്യത്തിന് യുപി സർക്കാരും വിദ്യാഭ്യാസ വകുപ്പും മുൻ വാദങ്ങളിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും ആവർത്തിച്ചത്. കുട്ടിയുടെ താമസസ്ഥലത്തിനടുത്ത് സർക്കാർ സ്കൂളുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ബോർഡിന് കീഴിലുള്ള സ്വകാര്യ സ്കൂളിൽ കുട്ടിക്ക് പ്രവേശനം നൽകാൻ സർക്കാർ ആദ്യം വിമുഖത കാണിച്ചിരുന്നു.

സ്കൂളിൽ ചേർത്തശേഷം കുട്ടിയും സഹപാഠികളും തമ്മിലുള്ള സാമൂഹിക-സാമ്പത്തിക വ്യത്യാസങ്ങളെക്കുറിച്ചും സ്കൂളിലേക്കെത്താൻ ദിവസവും സഞ്ചരിക്കേണ്ട ദൂരത്തെക്കുറിച്ചും യുപി സർക്കാർ ആശങ്ക ഉന്നയിച്ചിരുന്നു.

"സംഭവത്തിന് ശേഷവും സംസ്ഥാന സർക്കാർ പ്രതീക്ഷിച്ച രീതിയിലുള്ള ഇടപെടൽ നടത്താത്തതുകൊണ്ടാണ് ഇതെല്ലം സംഭവിക്കുന്നത്. സ്കൂളിൽ നടന്ന പ്രവർത്തിയെ സംസ്ഥാനം ഗുരുതരമായി കാണണം. അതിനാൽ, നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ശിപാർശകൾ അനുസരിച്ച് മറ്റ് നിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും," ജസ്റ്റിസ് ഓക പറഞ്ഞു.

ഉത്തർപ്രദേശിലെ മുസഫർനഗറിലെ സ്വകാര്യ സ്കൂളിൽ തൃപ്ത ത്യാഗിയെന്ന അധ്യാപികയാണ് സഹപാഠികളെ കൊണ്ട് മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് അടിപ്പിച്ചത്. കുട്ടിയെ അടിപ്പിക്കുന്നതിനിടയിൽ വിദ്വേഷ പരാമർശങ്ങളും അധ്യാപിക നടത്തുന്നുണ്ടായിരുന്നു. ഇതിൽ ഓഗസ്റ്റ് 26നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അതിന് പിന്നാലെയാണ് മഹാത്മാ ഗാന്ധിയുടെ ചെറുമകനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുന്നതും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്നതും.

'ചെറിയാന്‍ ഫിലിപ്പിന്റെ ഫോണില്‍ നിന്ന് ബ്രിട്ടാസ് വിളിച്ചിരുന്നു'; തുറന്നുപറഞ്ഞ് തിരുവഞ്ചൂര്‍

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്