വിദ്യാര്‍ഥിയെ അധ്യാപിക മുഖത്തടിപ്പിച്ച സംഭവം: വീഡിയോ പങ്കുവച്ചതിന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്

വിദ്യാര്‍ഥിയെ അധ്യാപിക മുഖത്തടിപ്പിച്ച സംഭവം: വീഡിയോ പങ്കുവച്ചതിന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്

ഏഴ് വയസുകാരന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന് ആരോപിച്ച് ബാലനീതി നിയമപ്രകാരമാണ് മുസഫര്‍ നഗര്‍ പോലീസ് കെസെടുത്തത്

ഉത്തർപ്രദേശിലെ മുസഫര്‍ നഗറില്‍ സഹപാഠികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ഥിയെ അധ്യാപിക മുഖത്തടിപ്പിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതിന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്. അടികൊണ്ട ഏഴ് വയസുകാരനെ വെളിപ്പെടുത്തിയെന്ന കുറ്റം ചുമത്തി മുസഫര്‍ നഗര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിഷ്ണുദത്ത് എന്നയാളുടെ പരാതിയിൽ ബാലനീതി നിയമത്തിലെ 74-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുറ്റകൃത്യത്തിന് ഇരയാകുന്ന കുട്ടിയുടെയോ സാക്ഷിയുടെയോ വ്യക്തിത്വം വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണെന്നാണ് നിയമം. ഇത് ലംഘിച്ചുവെന്നാരോപിച്ചാണ് പരാതി. ഇത്തരം കേസുകളിൽ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ആറ് മാസം തടവോ രണ്ട് ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിക്കാം.

വിദ്യാര്‍ഥിയെ അധ്യാപിക മുഖത്തടിപ്പിച്ച സംഭവം: വീഡിയോ പങ്കുവച്ചതിന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്
'കേരളത്തിലേക്ക് സ്വാഗതം'; യുപിയിൽ അധ്യാപിക മുഖത്തടിപ്പിച്ച കുട്ടിയെ പഠിപ്പിക്കാൻ തയ്യാറെന്ന് വി ശിവൻകുട്ടി

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് മാധ്യമപ്രവര്‍ത്തകന്‍ കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയെന്നാണ് സുബൈറിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ആരോപിക്കുന്നത്. അതേസമയം, സർക്കാർ തന്നെ ലക്ഷ്യമിടുന്നതായി സുബൈര്‍ കുറ്റപ്പെടുത്തി. ''മാധ്യമങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീഡിയോ പോസ്റ്റ് ചെയ്തിട്ടും എഫ്ഐആറില്‍ പേരുള്ളത് എന്റേത് മാത്രമാണ്' സുബൈര്‍ സ്‌ക്രോളിനോട് പറഞ്ഞു.'' വിഷയത്തില്‍ പൊലീസ് ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സുബൈര്‍ പറഞ്ഞു.

ഓഗസ്റ്റ് 24 നാണ് മുസ്ലിം വിദ്യാർഥിയെ അധ്യാപിക സഹപാഠികളൊക്കൊണ്ട് മുഖത്ത് അടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. മുസഫര്‍ നഗറിലെ നെഹാ പബ്ലിക് സ്‌കൂളിലായിരുന്നു സംഭവം. അധ്യാപികയുടെ നടപടിക്കെതിരേ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു.

ക്ലാസില്‍ ഗുണന പട്ടിക പഠിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പട്ടിക തെറ്റിച്ചതിന്റെ പേരില്‍ അധ്യാപിക ത്രിപ്ത ത്യാഗി മുസ്ലിം വിദ്യാര്‍ഥിയെ മര്‍ദ്ദിക്കാന്‍ സഹപാഠികളോട് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് ചില കുട്ടികള്‍ എത്തി കുട്ടിയുടെ മുഖത്തടിക്കുന്നതും വീഡിയോയില്‍ കാണാം.

മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ മാറിമാറി മുഖത്ത് അടിക്കുമ്പോള്‍ അധ്യാപികയായ വീണ്ടും കുട്ടികളെ മര്‍ദിക്കാന്‍ പ്രചോദിപ്പിക്കുന്നതായി 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. അടികൊണ്ട് കുട്ടി കരയുമ്പോഴും എന്തുകൊണ്ടാണ് കൂടുതല്‍ ശക്തമായി തല്ലാത്തതെന്നായിരുന്നു അധ്യാപികയുടെ ചോദ്യം.

വിദ്യാര്‍ഥിയെ അധ്യാപിക മുഖത്തടിപ്പിച്ച സംഭവം: വീഡിയോ പങ്കുവച്ചതിന് ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കേസ്
'കുട്ടിക്ക് ഉറങ്ങാൻ പോലുമാകുന്നില്ല'; മുഖത്ത് അടിപ്പിച്ച അധ്യാപികക്കെതിരെ കേസുമായി മുന്നോട്ടെന്ന് കുടുംബം

ഹോംവര്‍ക്ക് ചെയ്യാത്തതിനുള്ള ശിക്ഷ എന്ന രീതിയിലാണ് സഹപാഠികളോട് കുട്ടിയെ അടിക്കാന്‍ നിര്‍ദേശിച്ചതെന്നും അതില്‍ തെറ്റില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അധ്യാപിക. താന്‍ ഭിന്നശേഷിക്കാരിയായായതുകൊണ്ടാണ് കുട്ടിയെ അടിക്കാന്‍ സഹപാഠികളോട് ആവശ്യപ്പെട്ടതെന്നും അവര്‍ പറയുന്നു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് വിഡിയോ പങ്കിടരുതെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ മേധാവി പ്രിയങ്ക് കനൂംഗോ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ വീഡിയോ നീക്കം ചെയ്തതെന്ന് സുബൈര്‍ കൂട്ടിച്ചേര്‍ത്തു.

logo
The Fourth
www.thefourthnews.in