INDIA

അദാനി ഗ്രൂപ്പിനെതിരെ ലേഖനം; രവി നായരുള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

വെബ് ഡെസ്ക്

അദാനി ഗ്രൂപ്പിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അദാനി - ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരായ മലയാളി രവി നായര്‍, ആനന്ദ് മഗ്നലെ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള ഗുജറാത്ത് പോലീസിന്റെ നീക്കമാണ് സുപ്രീം കോടതി തടഞ്ഞത്.

അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡായ പരാസ് നാഥ് സിങ്ങ് മുഖേന ഇരുവരും നല്‍കിയ റിട്ട് ഹര്‍ജിയില്‍ ജസ്റ്റിസ് ബി ആര്‍ ഗവായിയുടെയും പ്രശാന്ത് കുമാര്‍ മിശ്രയുടെയുമാണ് നടപടി. ഓര്‍ഗനൈസ്ഡ് ക്രൈം ആന്റ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ്ങ് പ്രൊജക്ട് (ഒസിസിആര്‍പി) വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ സംബന്ധിച്ച് പോലീസിന്റെ പ്രാഥമിക അന്വേഷണവുമായി ബന്ധപ്പെട്ട് അഹമ്മദാബാദ് ക്രൈം ബ്രാഞ്ച് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇരുവര്‍ക്കും സമന്‍സ് അയച്ചിരുന്നു. ഇതിനതിരെയാണ് മാധ്യമപ്രവര്‍ത്തകര്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചത്.

എന്തിനാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചതെന്ന് ഇരുവര്‍ക്കും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്ങിനോട് കോടതി ചോദിച്ചിരുന്നു. ഏത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് പോലീസ് നോട്ടീസ് നല്‍കിയതെന്ന് ചോദിച്ച ഇന്ദിര, നോട്ടീസ് അധികാരപരിധിയില്ലാത്തതാണെന്ന് വാദിച്ചു. ഇരുവര്‍ക്കും സമന്‍സില്‍ പരാമര്‍ശിച്ച അപേക്ഷയുടെ പകര്‍പ്പ് നല്‍കിയിട്ടില്ലെന്നും ഇന്ദിര വാദിച്ചു.

കൂടാതെ നോട്ടീസുമായി ബന്ധപ്പെട്ട് എഫ് ഐ ആര്‍ നിലവിലുണ്ടോ എന്ന് പോലും മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയില്ലെന്നും അഭിഭാഷക പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടി അഹമ്മദാബാദ് ക്രൈം ബ്രാഞ്ചിന് കത്തയച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകുമ്പോള്‍ വിവരങ്ങള്‍ നല്‍കാമെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇന്ദിര ചൂണ്ടിക്കാട്ടി.

''നോട്ടീസ് 41 എ വകുപ്പ് പ്രകാരമാണോ? വകുപ്പ് 160 പ്രകാരമാണോ? അവര്‍ പ്രതിയുടെ സ്ഥാനത്താണോ? അല്ലെങ്കില്‍ സാക്ഷിയാണോ? ഇതിലൊന്നും ഒരു വ്യക്തതയുമില്ല''- ഇന്ദിര പറയുന്നു. നോട്ടീസ് 160 വകുപ്പ് പ്രകാരമാണെങ്കില്‍ മാധ്യമപ്രവര്‍ത്തകരുടെ വസതി ഡല്‍ഹിയിലായതിനാല്‍ ഗുജറാത്ത് പോലീസിന് നോട്ടീസ് നല്‍കാന്‍ സാധിക്കില്ല. ഗുജറാത്ത് പോലീസിന്റെ അധികാര പരിധി ഡല്‍ഹി വരെ നീളുന്നില്ലെന്നും ഇന്ദിര വ്യക്തമാക്കി.

എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് തന്നെ നോട്ടീസ് 41 എ പ്രകാരമല്ലെന്നും അഭിഭാഷക വാദിക്കുന്നു. ഈ സമന്‍സ് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള അവരുടെ അവകാശത്തിന്റെ ലംഘനമാണെന്നും ഇന്ദിര ചൂണ്ടിക്കാട്ടി. ഇന്ദിരയുടെ വാദങ്ങളെത്തുടര്‍ന്ന് സുപ്രീം കോടതി ഇരുവരുടെയും അറസ്റ്റ് തടയുകയായിരുന്നു.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ