INDIA

അധ്യാപക നിയമനത്തിലെ സംവരണ അട്ടിമറി: കാലിക്കറ്റ് സർവകലാശാലയ്ക്ക് സുപ്രീംകോടതിയിലും തിരിച്ചടി

വെബ് ഡെസ്ക്

അധ്യാപക നിയമനത്തില്‍ സംവരണം അട്ടിമറിച്ചതായി കണ്ടെത്തിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് തിരിച്ചടി. റോസ്റ്റര്‍ പോയിന്റുകള്‍ നല്‍കുന്നതില്‍ സര്‍വകലാശാല പിന്തുടരുന്ന നയം, സംവരണം 50 ശതമാനം കടക്കരുതെന്ന് അനുശാസിക്കുന്ന ഇന്ദിര സാഹ്നി കേസിലെ വിധിയ്ക്ക് എതിരാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് സര്‍വകലാശാലയുടെ അപ്പീല്‍ തള്ളിയത്.

തെറ്റായ രീതിയില്‍ അംഗപരിമിത സംവരണം നടപ്പാക്കിയതിനാല്‍ നിയമനത്തില്‍ ഈഴവ സമുദായത്തിന്റെ സംവരണ ഊഴം നഷ്ടപ്പെട്ടെന്നും ലഭിക്കേണ്ട നിയമനം നല്‍കിയില്ലെന്നും കാണിച്ച് ഉദ്യോഗാര്‍ഥിയായ ഡോ. കെ പി അനുപമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിശോധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അധ്യാപക നിയമനത്തില്‍ സംവരണം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തി, ഹര്‍ജിക്കാരിക്ക് നിയമനം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു.

ഈ വിധി ചോദ്യം ചെയ്താണ് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചത്. അംഗപരിമിതരുടെ സംവരണം ഹൊറിസോണ്ടലായി നടപ്പാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കാത്തതാണ് സാമുദായിക സംവരണം തെറ്റാന്‍ കാരണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍.

സര്‍വകലാശാലയില്‍ കഴിഞ്ഞ വര്‍ഷം 53 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമച്ചിതില്‍ 29 പേര്‍ സംവരണ ഊഴം തെറ്റി നിയമിക്കപ്പെട്ടവരാണെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് അംഗം ഡോ. റഷീദ് അഹമ്മദ് ചാന്‍സലര്‍ക്ക് പരാതി നല്‍കുകയും നിയമനാവസരം നഷ്ടപ്പെട്ട ഒട്ടേറെ പേര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

അതില്‍ ആദ്യത്തെ വിധിയാണ് ഹര്‍ജിക്കാരിക്ക് അനുകൂലമായി ഹൈക്കോടതിയില്‍നിന്നും ഇപ്പോള്‍ സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ച് വിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് കണ്ടാണ് സര്‍വകലാശാല സുപ്രീംകോടതിയെ സമീപിക്കുന്നത്.

സമാന പ്രശ്‌നം നേരിടുന്ന മറ്റ് അധ്യാപകരും നിയമവഴി തേടുന്നതിനാല്‍ സുപ്രീംകോടതി വിധി സര്‍വകലാശാലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വ്യക്തമാകുന്നത്.

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'

ബിജെപിക്ക് മാത്രമല്ല; മുസ്ലിങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ മതേതര പാര്‍ട്ടികള്‍ക്കും വൈമനസ്യം