INDIA

അനുച്ഛേദം 370: സുപ്രീംകോടതി ഇന്ന് വിധി പറയും, കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം

വെബ് ഡെസ്ക്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. 23 ഹര്‍ജികളാണ് ബെഞ്ച് പരിഗണിച്ചത്. ഈ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം നിലനില്‍ക്കില്ലെന്ന് വാദം കേള്‍ക്കലിന്റെ ആദ്യദിനങ്ങളില്‍ തന്നെ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ വിധി കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ച് അതിനിര്‍ണായകമാണ്. ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍.

എന്നാല്‍ അനുച്ഛേദം 370 റദ്ദാക്കിയതോടെ തീവ്രവാദികളും വിഘടനവാദികളും നടത്തിയിരുന്ന ജമ്മു കശ്മീരിലെ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ പഴങ്കഥയായെന്നാണ് കേന്ദ്രത്തിന് വേണ്ടി അഭിഭാഷകര്‍ വാദിച്ചത്. റദ്ദാക്കലിന് ശേഷം സമാധാനവും പുരോഗതിയും സാഹോദര്യവും സമൃദ്ധിയുമാണ് കാണാന്‍ സാധിക്കുന്നതെന്നാണ് അവരുടെ ഭാഷ്യം. തീവ്രവാദ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്ന യുവാക്കള്‍ പോലും ഇപ്പോള്‍ ലാഭകരമായ ജോലികള്‍ ചെയ്യുകയാണെന്നും മേത്ത വാദിച്ചു. ജമ്മു കശ്മീരില്‍ പ്രത്യേക പദവി നല്‍കുന്ന വ്യവസ്ഥ റദ്ദാക്കിയതില്‍ ഭരണഘടനാ വഞ്ചന നടന്നിട്ടില്ലെന്നാണ് കേന്ദ്രം ആവര്‍ത്തിച്ചു പറയുന്നത്.

അനുച്ഛേദം 370 റദ്ദാക്കിയ രാഷ്ട്രപതിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്ന ആദ്യ ഹര്‍ജി അഭിഭാഷകന്‍ എംഎല്‍ ശര്‍മയായിരുന്നു സമര്‍പ്പിച്ചത്. പിന്നീട് ജമ്മു കശ്മീരില്‍ നിന്നുള്ള മറ്റൊരു അഭിഭാഷകന്‍ ഷാക്കിര്‍ ഷബീറും കക്ഷി ചേരുകയായിരുന്നു.

ഹര്‍ജിക്കാരനായ മുസ്സഫര്‍ ഇഖ്ബാല്‍ ഖാന്‍ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അനുച്ഛേദം 368 അനുച്ഛേദം 370ല്‍ ഉള്‍പ്പെടുന്നില്ലെന്ന് വാദിച്ചിരുന്നു. അനുച്ഛേദം 370 റദ്ദാക്കുന്നത് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടില്ലെന്നും അദ്ദേഹം അന്ന് കോടതിയെ ഓര്‍മിപ്പിച്ചിരുന്നു. ജമ്മു കശ്മീരില്‍ ഭരണഘടന നിര്‍മാണ സമിതിയുടെ ആവശ്യമില്ലാത്ത സാഹചര്യത്തില്‍ ആര്‍ക്കാണ് അനുച്ഛേദം 370 റദ്ദാക്കാന്‍ സാധിക്കുകയെന്ന ചോദ്യം അന്ന് തന്നെ സുപ്രീം കോടതി ഉന്നയിച്ചിരുന്നു. വാദപ്രതിവാദങ്ങള്‍ ഇങ്ങനെയിരിക്കെ ഇന്നത്തെ സുപ്രീം കോടതി വിധിയെ ഉറ്റുനോക്കുകയാണ് രാജ്യം.

ഡല്‍ഹി മദ്യനയക്കേസ്: ആം ആദ്മി പാര്‍ട്ടിയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്ന് ഇഡി

വിദ്വേഷ പ്രസംഗം: നരേന്ദ്ര മോദിയെ തിരഞ്ഞെടുപ്പിൽനിന്ന് വിലക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

'ചെന്നൈയുടെ ആരാധകരെല്ലാം ധോണി ഭക്തർ'; ജഡേജയെ ഇത് അസ്വസ്ഥനാക്കിയിരുന്നെന്ന് റായുഡു

'ഹാർദിക്കിനെ ലോകകപ്പ് ടീമിൽ ഉള്‍പ്പെടുത്തിയത് സമ്മർദം മൂലം'; രോഹിതിനും അഗാർക്കറിനും എതിർപ്പുണ്ടായിരുന്നെന്ന് റിപ്പോർട്ട്

ഭീമ കൊറേഗാവ് കേസ്: മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം