പിന്മാറ്റത്തിനൊരുങ്ങി മായാവതി, പിന്‍ഗാമിയായി ആകാശ്; ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബിഎസ്പി

പിന്മാറ്റത്തിനൊരുങ്ങി മായാവതി, പിന്‍ഗാമിയായി ആകാശ്; ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബിഎസ്പി

നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന ബിഎസ്പിയെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുമോ ആകാശ് ആനന്ദിന്?

ലക്‌നൗവില്‍ ഞായറാഴ്ച ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് ബിഎസ്പി അധ്യക്ഷ മായാവതി ആ പ്രഖ്യാപനം നടത്തിയത്, അനന്തരവന്‍ ആകാശ് ആനന്ദ് ആയിരിക്കും തന്റെ രാഷ്ട്രീയ പിന്‍ഗാമി. പാര്‍ട്ടിയിലെ പ്രമുഖ മുഖങ്ങളെ ഒഴിവാക്കിയാണ് അനന്തരവനെ തന്റെ പിന്‍മാഗിയായി മായാവതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പുകളില്‍ അമ്പേപരാജയപ്പെട്ട് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ് ബിഎസ്പി. 2024ലേക്കുള്ള ചര്‍ച്ചകളില്‍ എവിടേയും ബിഎസ്പിയും മായാവതിയുമില്ല. 2022ന് ശേഷം മായാവതി തുടരുന്ന രാഷ്ട്രീയ മൗനം, അടിക്കടി നാടകീയതകള്‍ സംഭവിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് ബിഎസ്പിയെ അപ്രസക്തമാക്കി. നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന ബിഎസ്പിയെ കൈപിടിച്ചുയര്‍ത്താന്‍ സാധിക്കുമോ ആകാശ് ആനന്ദിന്? അതുപോലെ തന്നെ പ്രസക്തമാണ്, മായാവതി സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണോ എന്ന ചോദ്യവും.

ആരാണ് ആകാശ് ആനന്ദ്?

മായാവതിയുടെ സഹോദരനും ബിഎസ്പി ദേശീയ വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാറിന്റെ മകനാണ് 28കാരനായ ആകാശ് ആനന്ദ്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടം ആകാശിന് ആയിരുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും ബിഎസ്പിക്ക് വേണ്ടി ആകാശ് പ്രവര്‍ത്തിച്ചു.

ആകാശ് ആനന്ദ്
ആകാശ് ആനന്ദ്

ലണ്ടനില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി മടങ്ങിവന്ന ആകാശ്, 22-ാം വയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 2017ല്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മായാവതി നടത്തിയ റാലിയില്‍ ആകാശ് ആനന്ദ് ആദ്യമായി രാഷ്ട്രീയ രംഗത്ത് പ്രത്യക്ഷപ്പെട്ടു. അഖിലേഷ് യാദവിനും മായാവതിക്കുമൊപ്പം വേദി പങ്കിട്ട ആകാശ് ആനന്ദിന് അന്ന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.

പിന്മാറ്റത്തിനൊരുങ്ങി മായാവതി, പിന്‍ഗാമിയായി ആകാശ്; ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബിഎസ്പി
സാമ്പത്തിക അടിയന്തരാവസ്ഥ: ആശങ്കകൾ എന്തൊക്കെ?

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ആകാശ് ആനന്ദിന്റെ പേര് ആദ്യമായി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. മായാവതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആകാശ് ആയിരുന്നു. ആഗ്രയില്‍ നടന്ന ബിഎസ്പി റാലിയില്‍ ആദ്യമായി ആകാശ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ആകാശിന്റെ വരവ് ബിഎസ്പി രീതികളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടായിരുന്നു. ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ഭൂമികയില്‍ ബിഎസ്പിക്ക് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന കാലത്തും മായവതി പദയാത്രകള്‍ നടത്തിയിരുന്നില്ല. 'സാര്‍വജന്‍ ഹിതായ്, 'സാര്‍വജന്‍ സുഖായ് സങ്കല്‍പ് യാത്ര' എന്ന പേരില്‍ രാജസ്ഥാനില്‍ ബിഎസ്പി 14 ദിവസം നീണ്ടുനിന്ന പദയാത്ര സംഘടിപ്പിച്ചു. ഇതിന് പിന്നില്‍ ആകാശ് ആനന്ദ് ആയിരുന്നു.

2022 ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ ചുമതലയും ആകാശിന് ആയിരുന്നു. 2022ലെ ഹിമാചല്‍ നിയസഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ താര പ്രചാരകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി ആകാശ് മാറി. ബാബാ സാഹേബ് അംബേദ്കറിന്റെ കാഴ്പ്പാടുകള്‍ പിന്തുടരുന്നയാളാണ് താന്‍ എന്നാണ് ആകാശ് സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും പറയുന്നു ആകാശ്. ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ ചുമതലയാണ് ആകാശിന് നല്‍കിയിരിക്കുന്നത്. ഈ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുപിയിലും ഉത്തരാഖണ്ഡിലും മായാവതിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും ബിഎസ്പി കളത്തിലിറങ്ങുക.

പിന്മാറ്റത്തിനൊരുങ്ങി മായാവതി, പിന്‍ഗാമിയായി ആകാശ്; ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബിഎസ്പി
കശ്മീരിന്റെ പ്രത്യേക പദവി: എന്താണ് അനുച്ഛേദം 370? ഇത് റദ്ദാക്കിയ കേന്ദ്ര നടപടിക്ക് പിന്നിലെന്ത്?

2017ന് ശേഷം മായാവതിയുടെ പൊളിറ്റിക്കല്‍ ഗ്രാഫ് താഴേക്കാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കരുത്തുറ്റ സ്ത്രീ സാന്നിധ്യമായിരുന്ന മായാവതി, മോദി യുഗത്തില്‍ അപ്രസക്തയായ നിലയിലാണ്. തുടരെയുള്ള തിരഞ്ഞെടുപ്പ് തോല്‍വികളും സംഘടന രംഗത്തെ സ്ഥിരതയില്ലായ്മയും മായാവതിയേയും ബിഎസ്പിയേടും തളര്‍ത്തിയിട്ടുണ്ട്. മോദിയുടെ തുടക്കകാലത്ത് ബിജെപി വിമര്‍ശകയായിരുന്ന മായാവതി, പിന്നീട് നിലപാടുകള്‍ മയപ്പെടുത്തി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുമായി സഹകരിക്കാനും മായാവതി തയ്യാറായിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്കും ബിജെപിക്കും ഒപ്പമല്ല തങ്ങളെന്ന് മായാവതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

കാന്‍ഷി റാം കൈപിടിച്ചു കയറ്റിയ മായാവതി

കാന്‍ഷി റാമിന്റെ അനുയായിയായി രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന മായാവതി, ബിഎസ്പിയുടെ പ്രധാന മുഖമായി മാറിയത് മിന്നല്‍ വേഗത്തിലായിരുന്നു. കുമാരി മായവതി ദാസില്‍ നിന്നും 'ബഹന്‍ ജി' റോളിലേക്ക് മായാവതി അതിവേഗം നടന്നെത്തി. മായാവതിയുടെ വളര്‌ച്ചൊക്കൊപ്പം, 1984ല്‍ അംബേദ്കറൈറ്റ് ആദര്‍ശങ്ങളുമായി കാന്‍ഷി റാം ആരംഭിച്ച ബിഎസ്പിയും കുതിച്ചു.

ദളിത്-പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ മായാവതിയും ബിഎസ്പിയും വന്‍ ചലമുണ്ടാക്കിയ കാലമുണ്ടായിരുന്നു. തിരഞ്ഞെടുപ്പു രംഗത്ത് തോറ്റുകൊണ്ടായിരുന്നു മായാവതിയുടെ തുടക്കം. 1984ല്‍ കൈരാനയില്‍ നിന്ന് മത്സരിച്ചപ്പോള്‍ തോല്‍വിയായിരുന്നു ഫലം. 1986ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ നിന്ന് ജയിച്ചു. 1995ലും 1997ലും 2002ലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായെങ്കിലും അഞ്ചുവര്‍ഷം തികച്ച് ഭരിക്കാന്‍ മായാവതിക്കായില്ല. ഇവിടെനിന്നാണ്, ദളിത്-ബ്രാഹമണ വോട്ടുകള്‍ ഏകീകരിച്ച് 2007ല്‍ മായാവതി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയത്. 403 അംഗ നിയമസഭയില്‍ മായാവതിയുടെ ബിഎസ്പി 206 സീറ്റ് നേടി കൂറ്റന്‍ വിജയം സ്വന്തമാക്കി.

കാന്‍ഷി റാമിനൊപ്പം മായാവതി
കാന്‍ഷി റാമിനൊപ്പം മായാവതി

മായവതിക്ക് മുന്‍പും പിന്‍പും രാജ്യത്ത് ദളിത് മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ട്. എന്നാല്‍, നാലു തവണ മുഖ്യമന്ത്രി പദത്തിലെത്തിയത് മായാവതി മാത്രമായിരുന്നു. ബിഎസ്പിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു രണ്ടായിരങ്ങള്‍. ഉത്തര്‍പ്രദേശിലാകെ ആന പ്രതിമകള്‍ സ്ഥാപിച്ച മായാവതി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. യുപിയുടെ വിവിധ ഭാഗങ്ങളില്‍ ബിഎസ്പി നടത്തിയ കൂറ്റന്‍ റാലികള്‍ ദേശീയ ശ്രദ്ധ നേടി. തന്റെ പരിപാടികള്‍ കവര്‍ ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് ദേശീയ മാധ്യമങ്ങളെ അവര്‍ യുപിയിലേക്ക് കൊണ്ടുവന്നു.

ദേശീയതലത്തില്‍ കരുത്തയായ നേതാവായി മാറുകയായിരുന്നു മായാവതി. അതുവരെ ദളിത് ജനതയുടെ മുഖമായി നിന്ന മായാവതി, ബഹുജന്‍ മുദ്രാവാക്യം അവസാനിപ്പിച്ച് സാര്‍വ ജന്‍ മുദ്രാവാക്യമുയര്‍ത്തി. അംബേദ്കര്‍, കാന്‍ഷി റാം ചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്ന മായവതി ദേശീയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ക്കണ്ട് നിലപാടുകള്‍ മയപ്പെടുത്തി. എന്നാല്‍, മോദി യുഗത്തില്‍ മായാവതി കനത്ത തിരിച്ചടി നേരിടാന്‍ പോവുകയായിരുന്നു.

ബിഎസ്പിയുടെ പതനം

2014ല്‍ നരേന്ദ്ര മോദി പ്രഭാവത്തില്‍ ബിഎസ്പി കടപുഴകി. യുപിയില്‍ 80 സീറ്റില്‍ മത്സരിച്ച ബിഎസ്പി സംപൂജ്യരായി. അതുവരെ കണ്ട സ്വപ്‌നങ്ങളെല്ലാം തകര്‍ന്ന മായാവതി, തിരിച്ചുവരവിന് കോപ്പുകൂട്ടുന്നതിനിടെ പിന്നേയും തിരിച്ചടി നേരിട്ടു. 2017 നിയമസഭ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ മത്സരിച്ച ബിഎസ്പി വെറും 19 സീറ്റിലൊതുങ്ങി. 1995ലെ ഒറ്റവര്‍ഷം മാത്രം നീണ്ടുനിന്ന സഖ്യത്തിന് ശേഷം 2019ല്‍ എസ്പിയുമായി സഖ്യമുണ്ടാക്കാന്‍ മായാവതി തയ്യാറായത് തന്നെ നിലനില്‍പ്പിനെ കുറിച്ചുള്ള ഭയത്തെ തുടര്‍ന്നായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 10 സീറ്റായിരുന്നു ബിഎസ്പിയുടെ സമ്പാദ്യം. ഇതോടെ സഖ്യം പിരിഞ്ഞു. 2022ല്‍ ഉത്തര്‍പ്രദേശ് നിമസഭയില്‍ ബിഎസ്പിക്ക് ആകെ കിട്ടിയത് ഒരു സീറ്റാണ്. 2006ല്‍ 206 സീറ്റ് നേടി അധികാര കസേരയിലിരുന്ന ബിഎസ്പി, 16 വര്‍ഷം കൊണ്ട് യുപിയില്‍ ഒന്നുമല്ലാതായി.

മിണ്ടാതിരിക്കുന്ന മായാവതി

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകളിലേക്ക് രാജ്യം നീങ്ങുമ്പോള്‍, ആ ചര്‍ച്ചകളിലൊന്നും ബിഎസ്പിയും മായാവതിയുമില്ല. ഇന്ത്യ മുന്നണിക്കും ബിജെപിക്കും ഒപ്പമില്ലെന്ന് പ്രഖ്യാപിച്ചിരുന്നു മായാവതി. ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപനം. ബിഎസ്പി ഭരണകാലത്തെ അഴിമതി ആരോപണങ്ങളുടെ അന്വേഷണത്തിന്റെ വാള്‍മുനകള്‍ മായാവതിയുടെ തലയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നുണ്ട്. അതുകൊണ്ടാണ് ബിജെപി വിരുദ്ധ സഖ്യത്തിന് എതിരെ മായാവതി മുഖംതിരിച്ചു നില്‍ക്കുന്നത് എന്നാണ് ആരോപണം. എന്നാല്‍, ബഹന്‍ ജി തിരഞ്ഞെടുപ്പുകള്‍ക്ക് ഒരുങ്ങുകയാണെന്നും വലിയ മുന്നേറ്റത്തിന് കാത്തിരിക്കൂ എന്നുമാണ് ബിഎസ്പി നേതാക്കളുടെ മറുപടി.

പിന്മാറ്റത്തിനൊരുങ്ങി മായാവതി, പിന്‍ഗാമിയായി ആകാശ്; ഉയിര്‍ത്തെഴുന്നേല്‍ക്കുമോ ബിഎസ്പി
കോടതിയില്‍ പോയാല്‍ മഹുവയുടെ 'വിധി എന്താകും?'; സാധ്യതകള്‍ ഇങ്ങനെ

പ്രമുഖരായ നേതാക്കളെ അവഗണിച്ചാണ് തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി അനന്തരവനെ മായാവതി വാഴിച്ചിരിക്കുന്നത്. രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞിട്ടില്ലാത്ത ഒരു 28കാരന് തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ബിഎസ്പിയെ പോലൊരു പാര്‍ട്ടിയെ പിടിച്ചു നിര്‍ത്താന്‍ കെല്‍പ്പുണ്ടാകുമോ എന്ന ചോദ്യം പ്രസക്തമാണ്.

logo
The Fourth
www.thefourthnews.in