INDIA

യുപിയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ അമ്മയും മകളും പൊള്ളലേറ്റ് മരിച്ചു; പോലീസ് തീയിട്ടെന്ന് ആരോപണം

വെബ് ഡെസ്ക്

ഉത്തര്‍ പ്രദേശത്തിലെ കാണ്‍പൂരില്‍ കൈയേറ്റ ഭൂമിയിലെ വീട് ഒഴിപ്പിക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പൊള്ളലേറ്റു മരിച്ചു. കാണ്‍പൂരിലെ ദേഹത് ജില്ലയിലെ മദൗലി ഗ്രാമത്തിലാണ് സംഭവം. 45 വയസുള്ള പ്രമീള ദീക്ഷിതും 20 വയസുള്ള മകള്‍ നേഹയുമാണ് പൊള്ളലേറ്റ് മരിച്ചത്. ഉള്ളില്‍ ആളുണ്ടായിരിക്കെ പോലീസ് കുടിലിന് തീയിട്ടതാണെന്ന് കുടുംബം ആരോപിച്ചു. ഇരുവരും വീടിനുള്ളില്‍ സ്വയം തീ കൊളുത്തി മരിച്ചതാണെന്ന് പ്രാദേശിക പോലീസ് അവകാശപ്പെട്ടെങ്കിലും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, പോലീസ് ഉദ്യോഗസ്ഥര്‍, ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ തുടങ്ങി 13 പേര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.

കൊലപാതകശ്രമം, മനപ്പൂര്‍വം മുറിവേല്‍പ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇരുവരുടെയും മരണത്തിന് പിന്നാലെ പ്രദേശത്ത് പോലീസും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടി. തിങ്കളാഴ്ച ജില്ലാ ഭരണകൂടവും പോലീസും ചേര്‍ന്ന് സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ നടത്തിയപ്പോഴാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്.

ഉദ്യോഗസ്ഥര്‍ രാവിലെ ബുള്‍ഡോസറുമായാണ് എത്തിയതെന്നും തങ്ങള്‍ക്ക് മുന്‍കൂര്‍ അറിയിപ്പ് നല്‍കിയില്ലെന്നും ഗ്രാമവാസികള്‍ പറഞ്ഞു. ആളുകള്‍ അകത്ത് ഉണ്ടായിരിക്കുമ്പോളാണ് ഉദ്യോഗസ്ഥര്‍ തീ കൊളുത്തിയത്. ഞങ്ങള്‍ രക്ഷപ്പെട്ടെങ്കിലും ഉള്ളില്‍ കുടുങ്ങിയവരെ ആരും രക്ഷിക്കാന്‍ തയ്യാറായില്ല. അവര്‍ ഞങ്ങളുടെ ക്ഷേത്രവും തകര്‍ത്തു. ജില്ലാ മജിസ്‌ട്രേറ്റ് പോലും ഒന്നും ചെയ്തില്ല. എല്ലാവരും ഓടി. എന്റെ അമ്മയെ ആര്‍ക്കും രക്ഷിക്കാനായില്ല മരിച്ച പ്രമീളയുടെ മകൻ ശിവറാം ദീക്ഷിത് പറഞ്ഞു. എന്നാല്‍ അമ്മയും മകളും സ്വയം തീക്കൊളുത്തി മരിച്ചതാണെന്നായിരുന്നു തിങ്കളാഴ്ച പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിനേശ് ഗൗതം, പ്രമീളയുടെ ഭര്‍ത്താവ് ഗെന്ദന്‍ ലാല്‍ എന്നിവര്‍ക്ക് പൊള്ളലേറ്റതായും പോലീസ് പറഞ്ഞിരുന്നു.

മരണത്തെ തുടര്‍ന്ന് പ്രദേശത്ത് ഗ്രാമവാസികളും പോലീസും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പോലീസിന് നേരെ നാട്ടുകാര്‍ ഇഷ്ടികയെറിഞ്ഞു. നടപടി പൂര്‍ത്തിയാക്കാനാകാതെ ഉദ്യോഗസ്ഥര്‍ക്ക് അവിടം വിടേണ്ടി വന്നു. കാണ്‍പൂര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് അലോക് സിങ്, ഡിവിഷന്‍ കമ്മീഷണര്‍ രാജ്‌ശേഖര്‍ എന്നിവര്‍ പ്രദേശം സന്ദര്‍ശിക്കുകയും ജനങ്ങളെ സമാധാനിപ്പിക്കുകയും ചെയ്തു. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയൊടുക്കുമെന്നും ഡിവിഷന്‍ കമ്മീഷണര്‍ ഗ്രാമവാസികളെ അറിയിച്ചു.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍