INDIA

വനിതാ സംവരണ ബില്‍: ഉപരാഷ്ട്രപതി ഒപ്പുവെച്ചു, രാഷ്ട്രപതിക്ക് മുമ്പാകെ സമര്‍പ്പിക്കും

വെബ് ഡെസ്ക്

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ വനിതാ സംവരണ ബില്ലില്‍ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ഒപ്പുവച്ചു. രാഷ്ട്രപതിയുടെ ഒപ്പിനായി ബില്‍ ദ്രൗപദി മുര്‍മുവിന്റെ മുമ്പാകെ സമര്‍പ്പിക്കും. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ബിൽ നിയമമാകും.

ബില്ലിൽ ഉപരാഷ്ട്രപതി ഒപ്പുവച്ച കാര്യം അദ്ദേഹത്തിന്റെ ഓഫീസാണ്‌ എക്‌സിലൂടെ അറിയിച്ചത്.

''ഭരണഘടനയുടെ അനുച്ഛേദം 111 പ്രകാരം അംഗീകാരത്തിനായി രാഷ്ട്രപതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ഭരണഘടനാ (128ാം ഭേദഗതി) ബില്‍, 2023-ല്‍ രാജ്യസഭാ ചെയര്‍മാന്‍ ഒപ്പുവെച്ചു,'' ഉപരാഷ്ട്രപതിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു. ഒപ്പിട്ട ബില്ലിന്റെ കോപ്പി ധന്‍കറില്‍ നിന്ന് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്‌വാള്‍ ഏറ്റുവാങ്ങുന്ന ചിത്രവും ഉപരാഷ്ട്രപതിയുടെ ഓഫീസ്‌ പങ്കുവച്ചു.

നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്ന വനിത സംവരണ ബില്ലിന് രാജ്യസഭയും ലോക്സഭയും അംഗീകാരം നല്‍കിയിരുന്നു. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് ലോക്‌സഭയിലും ഇലക്ട്രോണിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് രാജ്യസഭയിലും വോട്ടെടുപ്പ് നടത്തിയാണ് ബില്‍ പാസാക്കിയത്.

സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നയരൂപീകരണത്തില്‍ ജനപ്രതിനിധികളായി സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുക എന്നതാണ് വനിതാ സംവരണ ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. 2010ല്‍ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ തയ്യാറാക്കിയ ബില്ലില്‍നിന്ന് ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന് സംവരണം ഉള്‍പ്പെടുത്തുന്നതിനുള്ള രണ്ട് ഭേദഗതി മാത്രമാണ് പുതിയ ബില്ലിലുള്ളത്.

ആറ് പേജുള്ള ബില്ലില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കുള്ള ഉപ സംവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്‌സഭയിലെയും സംസ്ഥാന നിയമസഭകളിലെയും എസ്‌സി, എസ്‌ടി സംവരണ സീറ്റുകളിലെ സ്ത്രീപ്രാതിനിധ്യവും 33 ശതമാനം സ്ത്രീസംവരണത്തിൽ ഉൾപ്പെടും. സംവരണ ക്വാട്ടയില്‍ മൂന്നിലൊന്ന് സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ളതായിരിക്കും.

അതേസമയം, ഒബിസി വിഭാഗങ്ങള്‍ക്ക് (മറ്റ് പിന്നാക്കവിഭാഗം) സംവരണമില്ല. ജാതി സെൻസസ് നടത്തണമെന്നും ഒബിസി വിഭാഗങ്ങൾക്ക് എല്ലാ മേഖലയിലും പ്രത്യേക സംവരണം വേണമെന്നും കോൺഗ്രസ് ആവശ്യമുയർത്തിയിരുന്നു.

ലോക്സഭാ, നിയമസഭാ സംവരണ മണ്ഡലങ്ങൾ പാര്‍ലമെന്റ് നിശ്ചയിക്കുന്നതിന് അനുസരിച്ച് മാറ്റാവുന്നതാണ്.

'തലച്ചോറ് തിന്നുന്ന' അമീബ ബാധ വീണ്ടും; മലപ്പുറത്ത് അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

സിഎഎ നടപ്പാക്കി; 14 പേര്‍ക്ക് പൗരത്വം നല്‍കി കേന്ദ്ര സര്‍ക്കാര്‍

ഉഷ്ണതരംഗത്തിന് കാരണം കാലാവസ്ഥ വ്യതിയാനം? പുതിയ പഠനങ്ങളിലുള്ളത് നിർണായക വിവരങ്ങൾ

ധ്രുവദീപ്തിക്കു കാരണമായ സൗരജ്വാലകള്‍ പകര്‍ത്തി ആദിത്യ എല്‍ വണ്ണും ചന്ദ്രയാന്‍ രണ്ടും