INDIA

നിജ്ജാർ വധം: കനേഡിയൻ മാധ്യമം സിബിസിയുടെ പ്രോഗ്രാമിന് ഇന്ത്യയിൽ വിലക്ക്; യൂട്യൂബ് നടപടി കേന്ദ്ര നിർദേശപ്രകാരം

വെബ് ഡെസ്ക്

ഖലിസ്ഥാന്‍ നേതാവും കനേഡിയൻ പൗരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം കേന്ദ്രീകരിച്ചുള്ള സിബിസി റിപ്പോർട്ടിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തി യൂട്യൂബ്. കാനഡ സർക്കാരിന്റെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സിബിസി.

കഴിഞ്ഞവർഷം ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറെയിലായിരുന്നു നിജ്ജാർ കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് ഫിഫ്ത്ത് എസ്റ്റേറ്റ് എന്ന പ്രോഗ്രാമിന്റെ ഭാഗമായായിരുന്നു റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. സിഖ് ഫോർ ജസ്റ്റിസ് ജനറല്‍ കൗണ്‍സല്‍ ഗുർപത്വന്ത് സിങ് പന്നൂവുമായുള്ള അഭിമുഖവും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

വെബ്‌സൈറ്റിലെ സ്റ്റോറിയില്‍നിന്ന് വീഡിയോയിലേക്കുള്ള ആക്സസ് തടയാന്‍ കേന്ദ്ര ഐടി മന്ത്രാലയത്തില്‍നിന്ന് നിർദേശം ലഭിച്ചതായി യൂട്യൂബ് അറിയിച്ചെന്നാണ് സിബിസി പറയുന്നത്. ഇതിനുപിന്നാലെയാണ് വീഡിയോ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടത്. മറ്റ് രാജ്യങ്ങളില്‍ വീഡിയോ ലഭ്യമാണ്. യുട്യൂബിന് പുറമെ എക്സിനും സമാന നിർദേശം കേന്ദ്ര സർക്കാർ നല്‍കിയിട്ടുണ്ടെന്നും സിബിസി അറിയിച്ചു.

നടപടിയോട് വിയോജിക്കുന്നതായും അഭിപ്രായ സ്വാതന്ത്ര്യം ഈ പോസ്റ്റുകള്‍ക്കും ബാധകമാക്കണമെന്നും സിബിസി ആവശ്യപ്പെട്ടു. നടപടി സംബന്ധിച്ച് ഇന്ത്യയിലെ ഔദ്യോഗിക വിഭാഗവുമായി ആശയവിനിമയം നടത്തുണ്ടെന്നും സിബിസി കൂട്ടിച്ചേർത്തു.

പരിപാടിയുടെ ഭാഗമാകാൻ ഒട്ടാവയിലെ ഇന്ത്യൻ ഹൈ കമ്മിഷന്‍ സഞ്ജയ് കുമാർ വെർമയോട് അഭ്യർഥിച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പ്രോഗ്രാമില്‍ സിബിസി പറയുന്നുണ്ട്. എന്നാല്‍ മറ്റ് നിരവധി കനേഡിയന്‍ മാധ്യമങ്ങളില്‍ സഞ്ജയ് കുമാർ പ്രത്യക്ഷപ്പെട്ടിരുന്നു.

പ്രോഗ്രാമിനെതിരെ ഇന്‍ഡോ-കനേഡിയന്‍ സമൂഹത്തിൽനിന്ന് വിമർശനമുയർന്നിട്ടുണ്ട്. സറെ ആസ്ഥാനമായുള്ള റേഡിയോ ഇന്ത്യയുടെ എം ഡിയായ മനിന്ദർ സിങ് ഗില്‍ സിബിസി പ്രസിഡന്റ് കാതറിന്‍ ടയ്‌റ്റിന് കത്തയച്ചാണ് വിയോജിപ്പ് അറിയിച്ചത്. പ്രോഗ്രാം പക്ഷാപാതപരമാണെന്നാണ് മനിന്ദറുടെ ആരോപണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

250 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലേക്ക്; വേഗത മണിക്കൂറില്‍ 63,683 കിലോമീറ്റര്‍