KERALA

അഞ്ചുവയസുകാരിയുടെ കൊലപാതകം: അസ്ഫാക് ആലത്തിന്റെ പശ്ചാത്തലമറിയാൻ അന്വേഷണ സംഘം ബിഹാറിലേക്ക്, പ്രതി റിമാൻഡിൽ

വെബ് ഡെസ്ക്

ആലുവയിൽ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലത്തിന്റെ പശ്ചാത്തലം പരിശോധിക്കുന്നതിനായി അന്വേഷണസംഘം ബിഹാറിലേക്ക് പോകും. അസ്ഫാക്കിനെ കുറിച്ചുള്ള വിവരങ്ങളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് തീരുമാനം. തിരിച്ചറിയൽരേഖയിലെ വിലാസം, പ്രതിയുടെ മുൻ പശ്ചാത്തലം എന്നിവയെല്ലാം പരിശോധിക്കാനാണ് പോലീസ് നീക്കം.

മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൊലപാതകം, ബലാത്സംഗം, പോക്സോ ഉൾപ്പെടെ 14 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ അടുത്തദിവസം തന്നെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നടന്നിരുന്നില്ല.

ഒന്നരവർഷം മുൻപാണ് അസ്ഫാക് ആലം കേരളത്തിൽ എത്തിയത്. വിവിധ സ്ഥലങ്ങളിൽ നിർമാണജോലികൾ ചെയ്ത ഇയാൾ, മോഷണക്കേസിലും പ്രതിയായിട്ടുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ജ്യൂസ് വാങ്ങിക്കൊടുത്ത് കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രതി, ആലുവ മാർക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞഭാഗത്ത് എത്തിക്കുകയായിരുന്നു. കടയിൽ നിന്ന് കുട്ടിക്ക് ചോക്ലേറ്റ് വാങ്ങിക്കൊടുക്കുന്നതും ബസിൽ കയറ്റി കൊണ്ടുപോകുന്നതും കണ്ട ദൃക്‌സാക്ഷികളുണ്ട്.

രാത്രിയോടെ കുട്ടിക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ തോട്ടയ്ക്കാട്ടുകരയില്‍ നിന്ന് പ്രതിയെ കണ്ടെത്തിയിരുന്നെങ്കിലും, മദ്യ ലഹരിയിൽ ആയിരുന്ന ഇയാളെ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രാവിലെ കുട്ടിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, ഇരുവരെയും ആലുവ മാർക്കറ്റിൽ വച്ച് കണ്ട ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി പോലീസിനെ വിവരമറിയിച്ചതാണ് വഴിത്തിരിവായത്. പിന്നീട് നടന്ന ചോദ്യം ചെയ്യലിൽ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. പലതവണ തെറ്റായ മൊഴിനൽകി പോലീസിനെ വഴിതെറ്റിക്കാൻ പ്രതിശ്രമിച്ചിരുന്നു. ഇതുവരെയുള്ള അന്വേഷണപ്രകാരം കൃത്യം നടത്തിയത് അസ്ഫാക് തനിച്ചാണെന്നാണ് പോലീസിന്റെ നിഗമനം.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍