KERALA

ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസ് പ്രതീക്ഷിച്ച നിലയിലേക്ക് ഉയരുന്നില്ല; വേണ്ടത് സംസ്ഥാന തല ഏകോപനം: പിണറായി വിജയൻ

വെബ് ഡെസ്ക്

ബിജെപിയെ എതിർക്കുന്നതിൽ കോൺഗ്രസ് പ്രതീക്ഷിച്ച നിലയിലേക്ക് ഉയരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സങ്കുചിത താൽപ്പര്യങ്ങളുടെയും വിഭാഗീയ രാഷ്ട്രീയത്തിന്റെയും ഇടുങ്ങിയ പരിമിതികളിൽ നിന്ന് കോൺഗ്രസ് ഇനിയും പുറത്തുവന്നിട്ടില്ല. ബിജെപി ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ സംസ്ഥാനങ്ങളിലാണ് ഏകോപനം വേണ്ടതെന്നും ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉറപ്പാക്കുന്നതിൽ എല്ലാ പാർട്ടികൾക്കും പങ്കുണ്ടെന്നും ഓരോരുത്തരും അവരവരുടെ ശക്തിയും ദൗർബല്യങ്ങളും മനസ്സിലാക്കി യാഥാർത്ഥ്യബോധമുള്ള നിലപാടുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

"2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബിജെപിക്കെതിരെ ഒരു പ്രതിപക്ഷ സ്ഥാനാർത്ഥിയെ രംഗത്തിറക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുകയാണ്. എന്നാൽ അത് പ്രായോഗികമല്ല", കോൺഗ്രസും സിപിഎമ്മും നേർക്കുനേർ മത്സരിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പരിസരത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ദേശീയ തലത്തിലുള്ള കൂടിയാലോചനകളേക്കാൾ സംസ്ഥാനതലത്തിലുള്ള ഏകോപനമാണ് ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിനെതിരെ ഉണ്ടാകേണ്ടതെന്നും അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി.

കർണാടകയിൽ, 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു ഏറ്റവും കൂടുതൽ വോട്ട് വിഹിതം ലഭിച്ചിരുന്നത്. എന്നാൽ, പിന്നീട് എന്താണ് സംഭവിച്ചതെന്ന് നമുക്കെല്ലാവർക്കും അറിയാം. ഇത്തവണയെങ്കിലും കന്നഡ ജനതയെയും അവരുടെ ജനവിധിയെയും മാനിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കർണാടക തിരഞ്ഞെടുപ്പിനൊപ്പം, യുപിയിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും ഒഡീഷയിലെ ഒരു നിയമസഭാ സീറ്റിലേക്കും പഞ്ചാബിലെ ഒരു പാർലമെന്റ് സീറ്റിലേക്കും ഉപതിരഞ്ഞെടുപ്പ് നടന്നു. ആ സീറ്റുകളിലൊന്നും കോൺഗ്രസ് വിജയിച്ചില്ല. തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കോൺഗ്രസ് സാന്നിധ്യം പോലുമറിയിക്കാതെ നിൽക്കുന്നു.

എന്നാൽ കേരളത്തിലാകട്ടെ ബിജെപിയുടെ ബി ടീമായാണ് കോൺ​ഗ്രസ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ ദേശീയ പാതകളുടെ വികസന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ കേരള ഘടകം കേന്ദ്ര സർക്കാരിന് കത്തയച്ചതു പോലെ, കോൺഗ്രസും ദേശീയപാത വികസനം തടസ്സപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഗെയിൽ പൈപ്പ് ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ എന്നിവയുടെ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും എൽഡിഎഫിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനെതിരെ കേസ് കൊടുക്കുകയും ചെയ്തത് കോൺ​ഗ്രസ് ആണെന്ന് അദ്ദേഹം ആരോപിച്ചു. 2016 മുതൽ കേരളത്തിന്റെ മുഖച്ഛായ മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷൻ അടക്കമുളള പദ്ധതികളെ മുൻനിർത്തിയായിരുന്നു മുഖ്യമന്ത്രി കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചത്.

അതേസമയം, കേരളത്തെ അപകീർത്തിപ്പെടുത്തി ജനങ്ങളെ സ്വാധീനിക്കാമെന്നാണ് ബിജെപി കരുതുന്നതെന്നും അതിന്റെ ഭാ​ഗമാണ് ദ കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. എത്ര കള്ളപ്രചാരണങ്ങൾ നടത്തിയാലും യഥാർത്ഥ കേരളത്തിന്റെ കഥ ഇല്ലാതാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണറുടെ ഓഫീസ് പോലും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നും കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ചുകൊണ്ട് രാഷ്ട്രീയ ദുരുപയോ​ഗം നടത്തുന്നതിനെതിരെ സുപ്രീം കോടതിക്ക് പോലും ഇടപെടേണ്ടി വരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപിയുടെ ഭരണത്തിൻ കീഴിൽ ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ തത്വങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

'മമതയുടെ നയങ്ങള്‍ ബിജെപിയെ വളര്‍ത്തി, ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കണ്ടില്ല'

രാഷ്ട്രീയ പ്രതിസന്ധികളോ അധികാര പോരാട്ടങ്ങളോ; റെയ്സിയുടെ മരണം ഇറാനിൽ സൃഷ്ടിക്കുന്ന രാഷ്ട്രീയ സാഹചര്യമെന്ത് ?

പെയ്തിറങ്ങി രാത്രിമഴ; സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, രണ്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു