KERALA

ദുരിതാശ്വാസ നിധി തട്ടിപ്പ്; വില്ലേജ് ഓഫീസ്, ഗുണഭോക്താക്കളുടെ വീടുകള്‍ എന്നിവിടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തും

ദ ഫോർത്ത് - തിരുവനന്തപുരം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് അനര്‍ഹര്‍ കൈപ്പറ്റുന്നതായി ഉയര്‍ന്നുവന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന വ്യാപകമായി കലക്ട്രേറ്റുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ദുരിതാശ്വാസ നിധിയില്‍ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് പരിശോധന വ്യാപകമാക്കാനുള്ള വിജിലന്‍സിന്റെ തീരുമാനം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിജിലന്‍സിന് നിര്‍ദേശം നല്‍കിയിരുന്നു.

'ഓപ്പറേഷന്‍ സിഎംഡിആര്‍എഫ്' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ എല്ലാ ജില്ലകളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഒരു ജില്ലയില്‍ മുന്നൂറില്‍ അധികം അപേക്ഷകളാണ് ആദ്യഘട്ടത്തില്‍ പരിശോധിച്ചത്. അര്‍ഹരായ അപേക്ഷകരെ ഉപയോഗിച്ച് ഇടനിലക്കാര്‍ ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുകയും, അപേക്ഷ നല്‍കുന്ന വ്യക്തിയുടെ പേരിനൊപ്പം ഇടനിലക്കാരുടെ ഫോണ്‍ നമ്പര്‍ നല്‍കി തട്ടിപ്പ് നടത്തിയെന്നും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. ഒരേ ഡോക്ടര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചും വ്യാപക ക്രമക്കേട് നടത്തിയെന്നും അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്.

ഇത് അടക്കമുള്ള ഇക്കാര്യങ്ങളിലെ വിശദമായ പരിശോധനയാണ് വരുംദിവസങ്ങളില്‍ നടത്തുക. സംഘടിതമായ തട്ടിപ്പെന്നാണ് മനസ്സിലാക്കുന്നത്. വില്ലേജ് ഓഫീസ്, ഗുണഭോക്താക്കളുടെ വീടുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരുമെന്നും തട്ടിപ്പിന്റെ പങ്ക് പറ്റല്‍ രീതി എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും വിജിലന്‍സ് എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ക്രമക്കേട് കണ്ടെത്തിയെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്കുള്ള സഹായ വിതരണത്തിന് നിലവില്‍ തടസ്സമുണ്ടാവില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിന് ശേഷമാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ പുതിയ മാര്‍ഗ നിര്‍ദേശം സര്‍ക്കാരിന് നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യുമന്ത്രി കെ. രാജന്‍ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരെ ആരെയും വെറുതെ വിടില്ല. സിഎംഡിആര്‍എഫില്‍ ആകെ ക്രമക്കേട് എന്ന പ്രചാരണം ശരിയല്ല. വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയശേഷം സിഎംഡിആര്‍ഫ് മാനദണ്ഡങ്ങളില്‍ ആശ്യമെങ്കില്‍ മാറ്റംവരുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി

കേരള രാഷ്ട്രീയത്തില്‍ തുളച്ചുകയറിയ 'വെടിയുണ്ട'; ഇപിയെ ലക്ഷ്യംവച്ചത് പിന്നെയാര്?

ഡ്രൈവിങ് സീറ്റിൽ യൂസഫലി, അതിഥിയായി രജിനികാന്ത്; അബുദാബിയിലെ റോള്‍സ് റോയ്‌സ് കറക്കം വൈറൽ