KERALA

പടവലങ്ങ വളരുന്നത് പോലെ ശമ്പളം! ആറ് വര്‍ഷം കൊണ്ട് സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ശമ്പളത്തില്‍ കുറഞ്ഞത് 19,000 രൂപ

ആനന്ദ് കൊട്ടില

തലസ്ഥാനത്ത് സർവ ശിക്ഷാ അഭിയാൻ ആസ്ഥാനത്തിന് മുന്നിൽ രാപ്പകൽ സമരത്തിലാണ് സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് അധ്യാപകർ. ചെയ്യുന്ന തൊഴിലിന് കൃത്യമായ വേതനം എന്നത് മാത്രമാണ് അധ്യാപകരുടെ സമര മുദ്രാവാക്യം. ഈ മാസം 18ന് ആരംഭിച്ച അധ്യാപക സമരം ഇപ്പോഴും തുടരുകയാണ്. റോഡരികിൽ എസ്എസ്എ ആസ്ഥാനത്തിന്റെ ഗേറ്റിന് പുറത്ത് മുദ്രാവാക്യം മുഴക്കിയും സമര പാട്ടുകൾ പാടിയും അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുകയാണ് ഇവർ.

2016ലാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന 2600 സ്പെഷ്യലിസ്റ്റ് അധ്യാപകരെ സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ നിയമിച്ചത്. കലാ-കായിക- പ്രവർത്തി പരിചയ അധ്യാപകരാണ് സ്പെഷ്യലിസ്റ്റ് അധ്യാപകർ. നിയമനം നടത്തുമ്പോൾ 29,200 രൂപയായിരുന്നു ഇവർക്ക് ശമ്പള വാഗ്ദാനം. കയ്യിലെത്തിയപ്പോൾ 25,000 ആയി. 2016ലെ പ്രളയത്തിന് പിന്നാലെ ശമ്പളം 14,000 ആയി കുറഞ്ഞു. ഇന്നത് 10000 ൽ എത്തി നിൽക്കുകയാണ്.

മറ്റ് ആനുകൂല്യങ്ങൾ കഴിഞ്ഞ് കയ്യിൽ കിട്ടുന്നതാവട്ടെ 8,800 രൂപ മാത്രം. ഈ ശമ്പളത്തിൽ എങ്ങനെ ഒരു കുടുംബം കഴിയുമെന്നാണ് അധ്യാപകരുടെ ചോദ്യം. പലരും സ്കൂൾ സമയം കഴിഞ്ഞാൽ മറ്റ് തൊഴിലുകൾ തേടി ഇറങ്ങേണ്ട അവസ്ഥയിലാണ്. ശമ്പള വർധനവല്ല, വാഗ്ദാനം ചെയ്ത ശമ്പളം തന്നാൽ മതിയെന്നാണ് ഇവർ സർക്കാരിനോട് അപേക്ഷിക്കുന്നത്.

60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാനവും വഹിച്ചാണ് സ്പെഷ്യലിസ്റ്റ് അധ്യാപകർക്കുള്ള ശമ്പളം നൽകുന്നത്. ഇപ്പോൾ സംസ്ഥാന വിഹിതം അനുവദിക്കുന്നില്ല എന്നാണ് അധ്യാപകരുടെ ആക്ഷേപം. എന്നാൽ വിഷയത്തിൽ സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് എസ് എസ് എ അധികൃതരുടെ നിലപാട്. പ്രശ്നം പരിഹരിക്കുന്നത് വരെ സമരം തുടരുമെന്ന തീരുമാനത്തിലാണ് സ്പെഷ്യലിസ്റ്റ് അധ്യാപകർ.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ ഇവരെയും കാണണം. പ്രശ്നമെന്തെന്ന് പഠിക്കണം. തൊഴിലിന് മാന്യമായ കൂലി വേണമെന്ന് മാത്രമാണ് ഈ അധ്യാപകരുടെ അപേക്ഷ.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്