KERALA

അഡ്മിഷന്‍ ചരിത്രം തിരുത്താന്‍ ലയോള; പ്ലസ് വണ്‍ പഠനത്തിന് ഇനി മുതൽ പെൺകുട്ടികളും

അരുൺ സോളമൻ എസ്

തിരുവനന്തപുരം, ശ്രീകാര്യത്തെ സ്വകാര്യ കാത്തലിക് പ്രൈമറി, സെക്കൻഡറി സ്കൂളായ ലയോള 'അഡ്മിഷന്‍' ചരിത്രം തിരുത്തുന്നു. സ്കൂളില്‍ ഇനി മുതല്‍ പെണ്‍കുട്ടികള്‍ക്കും പഠിക്കാം. ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിനാണ് പെണ്‍കുട്ടികള്‍ക്കും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഐ എസ് സി, സിബിഎസ്ഇ സിലബസുകളിലായി സയൻസ്, കൊമേഴ്സ് വിഭാ​ഗങ്ങളിലാണ് അവസരം. 1961ൽ സ്ഥാപിതമായ വിദ്യാലയത്തില്‍ നാളിതുവരെ ആൺകുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. ഇക്കുറി, വിദ്യാഭ്യാസം നേടുന്നതിൽ കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സ്കൂള്‍ മാനേജ്മെന്റിന്റെ വേറിട്ട തീരുമാനം.

ഒരേ സ്കൂളില്‍ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികൾക്കും പഠിക്കാനുളള ഭരണഘടനാവകാശം ഉണ്ടെന്ന് സ്കൂള്‍ ഡയറക്ടർ ഫാദർ പി.ടി ജോസഫ് എസ്.ജെ ദ ഫോർത്തിനോട് പ്രതികരിച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഉള്‍പ്പെടെ പദ്ധതികളില്‍നിന്ന് പിന്നോട്ടുപോകാന്‍ ആവില്ല. സ്കൂൾ തുടങ്ങിയപ്പോൾ ആൺകുട്ടികൾക്ക് മാത്രമായിരുന്നു. അന്നത്തെ സാഹചര്യങ്ങളും അങ്ങനെ ആയിരുന്നു. ഇന്ന് അതൊക്കെ മാറി. നേരത്തെ തന്നെ പെൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. എന്നാൽ, സ്കൂളിൽ സ്ഥല സൗകര്യത്തിന്റെ പരിമിതി കൊണ്ടാണ് അത്തരത്തിലൊരു നീക്കം ഉണ്ടാകാതെ പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാദർ പി.ടി. ജോസഫ് എസ്.ജെ

2020ലെ നാഷണൽ എജ്യുക്കേഷൻ പോളിസിയുടെയും സംസ്ഥാന സർക്കാരിന്റെ പാഠ്യ പദ്ധതി പരിഷ്കരണത്തിന്റെയും ഭാ​ഗമായാണ് സ്കൂൾ മാനേജമെന്റ് പെൺകുട്ടികൾക്കായി പ്രവേശന സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് പ്രിൻസിപ്പൽ ഫാദർ റോയ് അലക്സ് പറഞ്ഞു. സ്ഥലപരിമിതി നിലനിൽക്കുമ്പോഴും പെൺകുട്ടികൾക്കായി റെസ്റ്റ് റൂമും ടോയ്ലറ്റ് അടക്കമുളള സൗകര്യങ്ങളും ചെയ്ത് കഴിഞ്ഞു. കൂടാതെ, വരുന്ന ദിവസങ്ങളിൽ പുതിയ ഒരു കെട്ടിടം കൂടി വരുന്നുണ്ട്. അതേസമയം, ഇത്തവണയും എൽകെജി മുതൽ പത്താം ക്ലാസ് വരെ ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നൽകുക. പ്ലസ് വൺ ബാച്ചിലേക്ക് മാത്രമാണ് പെൺകുട്ടികൾക്ക് പ്രവേശനം. ഇപ്പോഴത്തെ തീരുമാനം സ്കൂൾ മാനേജ്മെന്റ് കൂട്ടായെടുത്തതാണ്. അത് പുതുചരിത്രം തീർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാദർ റോയ് അലക്സ്

നേരത്തെ, സ്കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കണമെന്ന നിര്‍ദേശം സംസ്ഥാന സർക്കാരിന് മുന്നില്‍ വന്നിരുന്നു. എന്നാല്‍ യൂണിഫോം ഉള്‍പ്പെടെ കാര്യങ്ങളില്‍ സ്കൂളുകള്‍ക്ക് തീരുമാനം എടുക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. മത സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍പ്പുകള്‍ ഉന്നയിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. അതിനിടെയാണ് അരനൂറ്റാണ്ടിന് മുകളിലായി ജെസ്യൂട്ടുകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ച് വന്നിരുന്ന ലയോള സ്കൂളിൽ നിന്നും ഇത്തരത്തിൽ ഒരു മാറ്റം ഉണ്ടായിരിക്കുന്നതെന്ന് ശ്രദ്ധേയം.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?