ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 
KERALA

മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെ 'തെളിവുകള്‍'? ഇന്നറിയാം; ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം 11.45ന്

വെബ് ഡെസ്ക്

ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രത്യേക വാർത്താസമ്മേളനം ഇന്ന് 11 .45ന് രാജ്ഭവനിൽ. ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച നിര്‍ണായക ദൃശ്യങ്ങളും രേഖകളും പുറത്തുവിടുമെന്ന് അറിയിച്ചാണ് വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുമായുള്ള തർക്കം മുറുകുന്നതിനിടെയാണ് ഗവർണറുടെ അസാധാരണ നീക്കം. വീഡിയോ ദൃശ്യങ്ങളും കത്തുകളുമായിരിക്കും പുറത്തുവിടുകയെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഗവർണറെ പിന്തുണച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു.

കണ്ണൂരിൽ നടന്ന ചരിത്ര കോണ്‍ഗ്രസിനിടെ തന്നെ ആക്രമിച്ച വിഷയത്തില്‍ അന്ന് പോലീസ് കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഇടപെടല്‍ കൊണ്ടാണെന്ന ഗുരുതര ആരോപണം ഇന്നലെ ഗവർണർ ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്തുവിടുമെന്നും വ്യക്തമാക്കിയതിന് പിന്നാലെയാണ് രാജ്ഭവൻ വാർത്താ സമ്മേളനം വിളിച്ചത്.

ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടന്നാല്‍ പരാതിപ്പെട്ടില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന സാമാന്യ വിവരം പോലും ഇല്ലാത്തവരാണോ സംസ്ഥാനം ഭരിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയോട് സഹതാപം മാത്രമേ ഉള്ളു. എല്ലാ കാര്യങ്ങളും ഉചിതമായ സമയത്ത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മാത്രമല്ല സര്‍വകലാശാല പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്ന് സർക്കാർ അറിയിച്ചതാണ്. എന്നാല്‍ എല്ലാ ഉറപ്പുകളും സര്‍ക്കാര്‍ ലംഘിച്ചു. മുഖ്യമന്ത്രി ഒരുപാട് ആനൂകൂല്യങ്ങള്‍ തന്നില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ഇപ്പോള്‍ പുറത്തുപറയുന്നില്ലെന്നും ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞു.

സർവകലാശാല നിയമനവും ഓർഡിനൻസും അടക്കമുള്ള വിഷയങ്ങളിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മാസങ്ങളായി തുടരുകയാണ്. ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരായ വധശ്രമത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടിലാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

ഗവർണറുടെ ആരോപണത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. കണ്ണൂരിൽ വധശ്രമം നടന്നെന്ന് ഗവർണർ പരാതി കൊടുക്കേണ്ട ആവശ്യമില്ലെന്നും സ്വയം കേസെടുക്കണമെന്നും വി മുരളീധരൻ പറഞ്ഞു. അതിനാൽ തന്നെ ഗവര്‍ണറെ അപായപ്പെടുത്താൻ ശ്രമിക്കുന്നതിൽ സംസ്ഥാന സർക്കാരിന് മൗനാനുവാദം ഉണ്ടായിരുന്നു എന്ന് വേണം മനസിലാക്കാനെന്നും കേന്ദ്ര സഹമന്ത്രി പ്രതികരിച്ചു.

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി