KERALA

'പണമില്ലാത്തതിന്റെ പേരിൽ സർക്കാർ ആഘോഷം മുടങ്ങുന്നുണ്ടോ'? മറിയക്കുട്ടിയുടെ ഹർജിയില്‍ വിമർശനവുമായി ഹൈക്കോടതി

നിയമകാര്യ ലേഖിക

വിധവാ പെൻഷൻ കുടിശിക വേണമെന്നാവശ്യപ്പെട്ട് അടിമാലി സ്വദേശിനി മറിയക്കുട്ടി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പണമില്ലാത്തതിൻ്റെ പേരിൽ സർക്കാരിൻ്റെ പരിപാടികൾ എന്തങ്കിലും മുടങ്ങുന്നുണ്ടോയെന്ന് കോടതി ചോദിച്ചു.

ക്രിസ്മസിന് പെൻഷൻ ചോദിച്ചുവന്നത് നിസാരമായി കാണാനാവില്ലെന്ന് പറഞ്ഞ കോടതി 78 വയസുള്ള സ്ത്രീയാണ് ഹർജിക്കാരിയെന്നും സർക്കാരിനോട് പറഞ്ഞു. 1600 രൂപയല്ലേ ചോദിക്കുന്നുളളുവെന്നും മറിയക്കുട്ടിയുടെ പരാതി ആര് കേൾക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

മറിയക്കുട്ടി കോടതിക്ക് വിഐപിയാണ്. സർക്കാരിൻ്റെ കയ്യിൽ പണമില്ലെന്ന് പറയരുത്. സർക്കാർ പല ആവശ്യങ്ങൾക്കായി പണം ചെലവഴിക്കുന്നുണ്ട്. ഈ പണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. കോടതിക്ക് പൗരന്റെ ഒപ്പം നില്‍ക്കാനേ സാധിക്കൂ. 1600 രൂപ സർക്കാരിന് ഒന്നുമാല്ലായിരിക്കും. എന്നാൽ മറിയക്കുട്ടിക്ക് അതൊരു വലിയ തുകയാണെന്നും കോടതി വിമർശിച്ചു.

പണമില്ലാത്തതിന്റെ പേരിൽ ഏതെങ്കിലും ആഘോഷം വേണ്ടെന്ന് വെക്കുന്നുണ്ടോയെന്ന് സർക്കാരിനോട് ചോദിച്ച കോടതി സർക്കാർ മുൻഗണന നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടു. ക്രിസ്മസ് സീസണാണെന്ന് ഓർക്കണമെന്നും സർക്കാരിനോട് കോടതി പറഞ്ഞു.

മറിയക്കുട്ടിക്ക് വേറെ വരുമാനമൊന്നുമില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അതേസമയം കേന്ദ്ര സർക്കാർ വിഹിതം കിട്ടിയിട്ടില്ലെന്ന വാദമാണ് സംസ്ഥാന സർക്കാർ ഉയർത്തിയത്.

ഹർജി പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അഭിഭാഷകനും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. എതിർകക്ഷികൾക്കും കോടതി നോട്ടീസയച്ചിട്ടുണ്ട്.

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

'കള്ളിലെ ആൽക്കഹോളിന്റെ അംശം ഉയർത്തണം'; കൂടുതൽ പഠനം നടത്താൻ കേരളത്തോട് നിർദേശിച്ച് സുപ്രീം കോടതി

'കഞ്ചാവ് അപകടസാധ്യത കുറഞ്ഞ മരുന്ന്'; ചരിത്രനീക്കവുമായി അമേരിക്ക, അറസ്റ്റിലായവരോട് മാപ്പുപറഞ്ഞ് പ്രസിഡന്റ് ജോ ബൈഡൻ

ഈ പ്രസംഗങ്ങള്‍ തെളിവ്; ഹിന്ദു-മുസ്ലീമെന്ന് മോദി പറഞ്ഞിട്ടുണ്ട്, നിരവധി തവണ