KERALA

അബൂബക്കറിനെ തള്ളി ലീഗ് നേതൃത്വം; ഭാരവാഹിത്വം ഇല്ലെന്നു ലീഗ് ജനറല്‍ സെക്രട്ടറി

വെബ് ഡെസ്ക്

കേരള സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസില്‍ പങ്കെടുത്ത എന്‍ എ അബൂബക്കറിനെ തള്ളി ലീഗ് നേതൃത്വം. അബൂബക്കറിന് ഭാരവാഹിത്വം ഇല്ലെന്നു മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ലീഗിന്റെ സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍ എ അബൂബക്കര്‍ നവകേരള സദസിന്റെ പ്രഭാത വിരുന്നില്‍ പങ്കെടുക്കാനെത്തിയെന്നായിരുന്നു വാര്‍ത്ത വന്നത്. ഇതിനെ പാടേ തള്ളിയാണ് ലീഗ് നേതൃത്വത്തിന്‌റെ പ്രതികരണം ഇപ്പോള്‍ വന്നിരിക്കുന്നത്. എന്‍ എ അബൂബക്കര്‍ നേരത്തെ ഭാരവാഹിയായിരുന്നിരിക്കാം, എന്നാല്‍ ഇപ്പോള്‍ അല്ലെന്നും സലാം പറഞ്ഞു.

നവകേരളത്തില്‍ ലീഗ് സഹകരിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട ആരും നവകേരള സദസില്‍ പങ്കെടുക്കുന്നില്ല. വളരെ വ്യക്തമായി ഈ ആ കാര്യത്തില്‍ യുഡിഎഫ് ഒരു തീരുമാനമെടുത്തതാണ്. നവകരള സദസുമായി യുഡിഎഫും ലീഗും സഹകരിക്കുന്നില്ല. ഇതുപോലെ ഓരോ മണ്ഡലത്തിലും ഞങ്ങള്‍ പോകാന്‍ പോകുകയാണ്. താനൂര്‍ മണ്ഡലത്തില്‍ താനാണ് പോകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നവകേരള സദസ് ഇടതുമുന്നണി നടത്തുന്നു, വേറൊരു പരിപാടി ഞങ്ങള്‍ നടത്തുന്നു അതിനായി വളരെ സജീവമായി ഇറങ്ങാന്‍ പോകുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിലെത്തി ആശംസയറിയിച്ച അബൂബക്കര്‍, ലീഗിന്റെ പ്രതിനിധിയായിട്ടല്ല താനെത്തിയതെന്നു പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സിപിഎമ്മുമായി കൂടുതല്‍ അടുക്കുന്നുവെന്ന് ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് എന്‍ എ അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തത്.

ഏറ്റവുമൊടുവില്‍ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടതും, അത് ലീഗ് അംഗീകരിക്കുകയും ചെയ്തത് യു ഡി എഫിനുള്ളില്‍ തന്നെ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. ഷിബു ബേബി ജോണ്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ യുഡിഎഫിലെ മറ്റു നേതാക്കളും പല കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും അംഗങ്ങളായിട്ടുണ്ട് എന്നോര്‍മിപ്പിച്ചാണ് മുസ്ലിം ലീഗ് ഈ വിഷയത്തെ പ്രതിരോധിച്ചത്.

അതേസമയം, മുസ്‌ലിം ലീഗ് നേതാക്കള്‍ പാണക്കാട് അടിയന്തരയോഗം ചേരുകയാണ്. സാദിഖലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി. എം എ സലാം തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ എ അബൂബക്കര്‍ നവകേരള സദസില്‍ പങ്കെടുത്തതും കേരള ബാങ്ക് ഡയറക്ടര്‍ വിഷയവും യോഗത്തില്‍ ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ

ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി