KERALA

സിപിഎമ്മിനെ അവിശ്വസിക്കേണ്ടതില്ല, ഇന്നായിരുന്നെങ്കിൽ ഇഎംഎസ് ഏക സിവിൽ കോഡിന് വേണ്ടി വാദിക്കില്ല: ഉമര്‍ ഫൈസി മുക്കം

അശ്വിന്‍ വല്ലത്ത്

ഏക സിവില്‍ കോഡിലെ പഴയനിലപാടുകളുടെ പേരില്‍ സിപിഎമ്മിനെ അവിശ്വസിക്കേണ്ടതില്ലെന്ന് സമസ്ത കേരള ജംഇയത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. കേന്ദ്രസര്‍ക്കാര്‍ യുസിസിയുമായി വരുമ്പോള്‍ സിപിഎം ഏക സിവില്‍കോഡിനെ പരസ്യമായി എതിര്‍ക്കുന്നുണ്ട്. പണ്ട് ആരോ പറഞ്ഞതിന്റെ പേരില്‍ സിപിഎം നടത്തുന്ന പ്രതിഷേധത്തെ അവിശ്വസിക്കേണ്ടതില്ല. യുസിസി വിരുദ്ധ പ്രതിഷേധങ്ങള്‍ ആര് സംഘടിപ്പിച്ചാലും ഒപ്പം നില്‍ക്കാമെന്നതാണ് സമസ്തയുടെ നയമെന്നും ഉമര്‍ ഫൈസി 'ദ ഫോര്‍ത്തി'ന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. സമസ്തയെ പ്രതിനിധീകരിച്ച് ഉമര്‍ ഫൈസി മുക്കമാണ് സിപിഎം സംഘടിപ്പിക്കുന്ന യുസിസി വിരുദ്ധ സെമിനാറില്‍ പങ്കെടുക്കുക.

കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളുമായി സമസ്തയ്ക്ക് നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്. വിശ്വാസമടക്കമുള്ള കാര്യങ്ങളില്‍ സിപിഎമ്മിനോട് വിയോജിപ്പുകളുണ്ട്. എന്നാല്‍ ഇത്തരം സാഹര്യത്തില്‍ സിപിഎം പിന്തുണയുമായി എത്തുമ്പോള്‍ ആ നിലപാടിനോട് യോജിക്കണം. ഇഎംഎസ് നേരത്തെ വ്യക്തി നിയമം പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇന്ന് ഇഎംഎസ് അങ്ങനെയൊരു നിലപാട് എടുക്കുമായിരുന്നില്ലെന്നും ഉമര്‍ ഫൈസി പറഞ്ഞു. ശരീഅത്ത് നിയമത്തിലെ സിപിഎം നിലപാടുകള്‍ മുന്‍നിര്‍ത്തി ഒരുവിഭാഗം സമസ്ത നേതാക്കള്‍ തന്നെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഉമര്‍ ഫൈസി. സമസ്തയില്‍ ആര്‍ക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സമസ്തയില്‍ കമ്മ്യൂണിസ്റ്റ് ഫ്രാക്ഷനുണ്ടെന്ന പ്രചാരണം കണക്കിലെടുക്കുന്നില്ല.  ഇടത്- വലത് മത്സരത്തിന്റെ ഭാഗമാണ് അത്തരം പ്രചാരണങ്ങള്‍. ഭരിക്കുന്ന സര്‍ക്കാരുമായുള്ള ചര്‍ച്ചകളെ കമ്മ്യൂണിസ്റ്റ് സൗഹൃദം എന്ന നിലയ്ക്ക് കാണേണ്ടതില്ല. മുന്‍പും സമസ്ത നേരിട്ട് തന്നെയാണ് സര്‍ക്കാരുകളുമായി സംസാരിച്ചിരുന്നത്. സമസ്തയെ അങ്ങനെ ആര്‍ക്കെങ്കിലും കൂടെക്കൂട്ടാന്‍ കഴിയില്ലെന്നും ഉമര്‍ ഫൈസി വ്യക്തമാക്കി. രാഷ്ട്രീയ ബലാബലത്തിന്റെ ഭാഗമാകാന്‍ സമസ്തയില്ല. മുസ്ലിം ലീഗിന് സെമിനാറില്‍ പങ്കെടുക്കാതിരിക്കാൻ അവരുടേതായ കാരണങ്ങളുണ്ടാകുമെന്നും ഉമര്‍ ഫൈസി പറഞ്ഞു. എന്നാല്‍ ഫാസിസം പിടിമുറുക്കുമ്പോള്‍ എല്ലാവരും യോജിക്കുകയാണ് വേണ്ടത്. സമസ്തയും മുസ്ലിം ലീഗും തമ്മില്‍ പ്രശ്നങ്ങളില്ല. എന്നാല്‍ സമസ്തയും ലീഗും ഭിന്നിപ്പിന്റെ പാതയിലാണെന്ന് വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മുന്‍പ് മുസ്ലിം ലീഗും ഇടതുപക്ഷവും ഒന്നിച്ചു ഭരിച്ചിട്ടുണ്ടെന്നും ഉമര്‍ ഫൈസി ഓര്‍മിപ്പിച്ചു.

കോണ്‍ഗ്രസടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യക്ഷസമരത്തിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമര്‍ ഫൈസി പറഞ്ഞു. പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കും. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തുമെന്നാണ് പ്രതീക്ഷ. പാര്‍ലമെന്റില്‍ പാസാക്കിയാലും യുസിസി ഭരണഘടനാപരമായി നിലനില്‍ക്കില്ല. നിയമപരമായ വഴികള്‍ തേടുമെന്നും സമസ്ത സെക്രട്ടറി പറഞ്ഞു. 

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍