KERALA

ക്രിക്കറ്റ് മത്സരത്തിന് ആളു കുറഞ്ഞത് കെസിഎയുടെ പിടിപ്പുകേട്; വിശദീകരണവുമായി കായിക മന്ത്രി

വെബ് ഡെസ്ക്

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാന്‍ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കാണികള്‍ കുറഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. സ്‌റ്റേഡിയം സൗജന്യമായി അനുവദിച്ചിട്ടും കളി സുഗമമായി നടക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ എല്ലാം ഏകോപിപ്പിച്ചു നല്‍കിയിട്ടും ടിക്കറ്റ് നിരക്ക് കുറയ്ക്കാതെ കടുംപിടുത്തം പിടിച്ച കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ നിലപാടാണ് മത്സരത്തിന് കാണികള്‍ എത്താതിരിക്കാന്‍ കാരണമെന്നു മന്ത്രി ‌ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കളി കാണാന്‍ ആളുകയറാതിരുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യഥാര്‍ത്ഥ പ്രതികളെ വെള്ളപൂശാന്‍ ശ്രമിക്കുന്നതില്‍ നിഗൂഢതയുണ്ടെന്നും 'പട്ടിണിക്കാര്‍ കളി കാണേണ്ട' എന്നു താന്‍ പറഞ്ഞതായി സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ ഗൂഢ താത്പര്യത്തോടെ പ്രചരിപ്പിക്കുകയായിരുന്നുവെന്നുവെന്നും മന്ത്രി പറഞ്ഞു.

''മത്സരത്തിന് ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് നിശ്ചയിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ അതു കുറയ്ക്കാന്‍ ബന്ധപ്പെട്ട ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍, അനുകൂല നടപടി ഉണ്ടായില്ല. ഇക്കാര്യത്തില്‍ പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട്, 'പാവപ്പെട്ടവര്‍ കളി കാണണ്ട എന്നാകും ക്രിക്കറ്റ് ഭാരവാഹികളുടെ നിലപാട്' എന്നു സൂചിപ്പിച്ച് മറുപടി പറഞ്ഞതിനെ 'പട്ടിണിക്കാര്‍ കളി കാണണ്ട' എന്നു മന്ത്രി പറഞ്ഞുവെന്ന് പ്രചരിപ്പിക്കുകയായിരുന്നു. ചില എതിരാളികള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഇക്കാര്യം വികലമായി അവതരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ വിനോദനികുതിയാണ് നിരക്ക് കൂടാന്‍ കാരണം എന്ന വാദവുമായി ക്രിക്കറ്റ് അധികാരികളും രംഗത്തു വന്നു- മന്ത്രി പറഞ്ഞു.

നിയമപ്രകാരം കാര്യവട്ടത്ത് കളിനടക്കുമ്പോള്‍ 50 മുതല്‍ 24 ശതമാനം വരെ വിനോദനികുതി ഇനത്തില്‍ കോര്‍പറേഷന് നല്‍കേണ്ടതാണ്. ഇത്തവണ അത് 12 ശതമാനമായി കുറച്ചു നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. മുന്‍കാലങ്ങളില്‍ വലിയ ഇടവേളകളില്‍ കേരളത്തില്‍ രാജ്യാന്തര മത്സരം നടന്നിരുന്നത്. അന്ന് വലിയ തോതില്‍ ഇളവ് നല്‍കുകയും നികുതി ഒഴിവാക്കുക പോലും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്തവണ മൂന്നു മാസത്തെ ഇടവേളയിലാണ് മത്സരം നടന്നത്. ഒരു വര്‍ഷം തുടര്‍ച്ചയായി വലിയ ഇളവ് നല്‍കാന്‍ സാധിക്കില്ല- മന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയം സൗജന്യമായി അനുവദിച്ചിട്ടും വലിയ ടിക്കറ്റ് നിരക്ക് ഈടാക്കി കളിനടത്തുന്നവര്‍ വരുമാനത്തിന്റെ ചെറിയ ഒരു ഭാഗംപോലും സംസ്ഥാനത്തെ കായിക വികസനത്തിന് ഉപയോഗിക്കുന്നില്ലെന്നും മന്ത്രി ആരോപിച്ചു. മത്സരത്തിന് ആളു കുറയാന്‍ കാരണം ശ്രീലങ്കന്‍ ടീമിന്റെ നിലവാരമാണെന്നും പേരുകേട്ട ഒരു താരം പോലുമില്ലാത്ത, റാങ്കിങ്ങില്‍ ഏറെ പിന്നിലായ ലങ്കയുടെ കളികാണാന്‍ ആരാധകര്‍ക്ക് സ്വഭാവികമായും താത്പര്യം കുറയുമെന്നും മത്സരത്തില്‍ അവരുടെ പ്രകടനം ടീമിന്റെ നിലവാരം വ്യക്തമാക്കിയെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കളിയും കളിക്കാരും കാണികളുമാണ് സര്‍ക്കാരിന് പ്രധാനമെന്നും അവര്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും പറഞ്ഞ മന്ത്രി യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ച് ആക്ഷേപങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമുണ്ടെന്നും പറഞ്ഞു.

ഇന്നലെ കാര്യവട്ടത്ത് സമാപിച്ച ഇന്ത്യ-ശ്രീലങ്ക മത്സരം കാണാന്‍ 10,000-ല്‍ താഴെ കാണികള്‍ മാത്രമാണ് എത്തിയിരുന്നത്. കേരളത്തില്‍ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെ ചരിത്രത്തില്‍ കാണികള്‍ ഏറ്റവും കുറഞ്ഞ മത്സരവും ഇതായിരുന്നു. മത്സരത്തിനു മുൻപ് ടിക്കറ്റ് നിരക്കിനെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കിടെ മന്ത്രി അബ്ദുറഹിമാന്‍ നടത്തിയ 'പട്ടിണിപ്പാവം' പരാമര്‍ശമാണ് കാണികള്‍ കുറയാന്‍ കാരണമെന്നു പരക്കെ വിമര്‍ശനമുയര്‍ന്നിരുന്നു. സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ അടക്കമുള്ളവര്‍ പോലും വിമര്‍ശനവുമായി രംഗത്തു വന്നതോടെയാണ് മന്ത്രിയുടെ വിശദീകരണം.

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍