KERALA

കൈവെട്ടിയ പോപ്പുലർ ഫ്രണ്ടും കൈവിട്ട സഭയും, പ്രൊഫ. ടി ജെ ജോസഫിന്റെ ഒറ്റയാൾ പോരാട്ടം; ഒടുവിൽ സവാദ് അറസ്റ്റിൽ

വെബ് ഡെസ്ക്

പതിമൂന്ന് വർഷം മുമ്പാണ് കേരളത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് തൊടുപുഴ ന്യൂമാൻ കോളേജിൽ അധ്യാപകനായിരുന്ന പ്രൊഫ.ടി ജെ ജോസഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ചായിരുന്നു ഈ ക്രൂരത. ആദ്യം പോലീസും പിന്നീട് ദേശീയ അന്വേഷണ എജൻസി (എൻ ഐ എ)യും അന്വേഷിച്ച കേസിലെ പ്രതികളെ പിടികൂടിയെങ്കിലും ഒന്നാം പ്രതി സവാദ് ഒളിവിലായിരുന്നു.

നീണ്ടനാൾ ഇരുട്ടിൽ തപ്പിയ എൻഐഎ സവാദിനെക്കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. സവാദ് വിദേശത്തേക്ക് കടന്നിരിക്കാമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഒടുവിൽ 13 വർഷത്തിനുശേഷം സവാദിനെ കേരളത്തിൽനിന്ന് തന്നെ എൻഐഎ പിടികൂടി. കണ്ണൂർ മട്ടന്നൂരിൽനിന്നാണ് സവാദ് പിടിയിലായത്.

എറണാകുളം സ്വദേശിയായ സവാദ് മട്ടന്നൂർ ബേരകത്തെ വാടകവീട്ടിൽ പേരുമാറ്റി താമസിക്കുകയായിരുന്നു. രാജ്യത്തിനുപുറത്തേയ്ക്കടക്കം നീണ്ട അന്വേഷണത്തിനാണ് ഒടുവിൽ അവസാനമായത്. കേസിലെ രണ്ടാംപ്രതി സജിലുൾപ്പെടെ ആറ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. അഞ്ചുപേരെ വെറുതെവിടുകയും ചെയ്തു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുള്ള രണ്ടാംപ്രതി സജൽ, മൂന്നാം പ്രതി ആലുവ കുഞ്ഞുണ്ണിക്കര സ്വദേശി നാസർ, അഞ്ചാംപ്രതി നജീബ് എന്നിവർക്കെതിരെ ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വയ്ക്കൽ, ആയുധം ഉപയോഗിച്ച് ആക്രമണം, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു.

ഒൻപതാം പ്രതി നൗഷാദ്, പതിനൊന്നാം പ്രതി മൊയ്തീൻ കുഞ്ഞ്, പന്ത്രണ്ടാം പ്രതി അയൂബ് എന്നിവർക്കെതിരെ കുറ്റകൃത്യത്തിൽ പങ്കുള്ളവരെ ഒളിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ വകുപ്പുകളാണ് ചുമത്തിയത്.

2010 മാർച്ച് 23 ന് നടന്ന രണ്ടാം സെമസ്റ്റർ ബികോം മലയാളം ഇന്റേണൽ പരീക്ഷയിൽ പ്രവാചകനെ അധിക്ഷേപിക്കുന്ന ചോദ്യം അധ്യാപകനായ ടിജെ ജോസഫ് ഉണ്ടാക്കിയെന്ന് ആരോപിച്ചായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ആക്രമണം.

പി ടി കുഞ്ഞഹമ്മദ് എഴുതിയ 'തിരക്കഥയിലെ രീതിശാസ്ത്രം' എന്ന പുസ്തകത്തിൽ നിന്നുള്ള ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണത്തിൽ നിന്നായിരുന്നു ടിജെ ജോസഫ് ചോദ്യം തയാറാക്കിയത്. പ്രശ്‌നം ഗുരുതരമായതോടെ ജോസഫ് ഒളിവിൽ പോയി. എന്നാൽ കേസിൽ അദ്ദേഹത്തിന്റെ 22 വയസുള്ള മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഇതോടെ ഒളിവിൽ പോയി ആറ് ദിവസത്തിന് ശേഷം ടി ജെ ജോസഫ് പോലീസിൽ കീഴടങ്ങി. ഒരാഴ്ചയ്ക്കുശേഷം ജാമ്യത്തിൽ ഇറങ്ങിയ ടിജെ ജോസഫിനെ ആക്രമിക്കാൻ സംഘം തീരുമാനമെടുക്കുകയായിരുന്നു. പിന്നീട് 2010 ജൂലായ് നാലിന് അമ്മയോടൊപ്പം മൂവാറ്റുപുഴയിലെ പള്ളിയിൽ പോയി മടങ്ങി വരുകയായിരുന്ന ടി ജെ ജോസഫിനുനേരെ വീടിനടുത്തുവച്ച് ആക്രമണമുണ്ടാകുകയായിരുന്നു.

മിനിവാനിലെത്തിയ സംഘം ജോസഫിന്റെ കാർ തടഞ്ഞു നിർത്തി കോടാലി ഉപയോഗിച്ച് കാറിന്റെ ചില്ല് തകർത്തു. തുടർന്ന് കാറിന്റെ വാതിൽ ഉള്ളിൽ നിന്ന് തുറന്ന് പ്രൊഫസറെ റോഡിലേക്ക് വലിച്ചിഴച്ചിറക്കി കൈകളിലും കാലിലും വെട്ടിപരിക്കേൽപ്പിച്ചു. ഇടത് കൈപ്പത്തി പൂർണമായി വെട്ടിമാറ്റി തൊട്ടടുത്ത പറമ്പിലേക്ക് എറിഞ്ഞു. നിലവിളി കേട്ട് വീട്ടിൽനിന്ന് ഭാര്യയും മകനും ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടു.

അയൽവാസികൾ ചേർന്ന് ജോസഫിനെ ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തിനുശേഷം ആശുപത്രിയിൽനിന്ന് തിരിച്ചെത്തിയ ജോസഫിനെ പക്ഷേ തൊടുപുഴ ന്യൂ മാൻ കോളേജിൽനിന്ന് പുറത്താക്കിയിരുന്നു. സഹപ്രവർത്തകരടക്കം പ്രതിഷേധിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.

ഇതിനിടെ 2011 ൽ കേസ് എൻഐഎ ഏറ്റെടുത്തു. തന്നെ പിരിച്ചുവിട്ട കോളേജിനെതിരെ ജോസഫ് യൂണിവേഴ്‌സിറ്റി ട്രിബ്യൂണലിനെ സമീപിച്ചു. ഇതിനിടെ 2013 ൽ മതസ്പർധ വളർത്തിയെന്ന കേസിൽ ടി ജെ ജോസഫിനെ കോടതി കുറ്റവിമുക്തനാക്കി. തൊടുപുഴ ചീഫ് ചുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചോദ്യപേപ്പർ തയാറാക്കിയത് മതസ്പർധയുണ്ടാക്കും വിധമല്ല എന്ന കണ്ടെത്തലിനെത്തുടർന്നും പോലീസ് നൽകിയ തെളിവുകൾ വ്യക്തമല്ല എന്നതിനാലുമാണ് കോടതി വിടുതൽ ഹർജി നൽകിയത്.

കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ന്യൂമാൻ കോളേജ് ടിജെ ജോസഫിനെ ജോലിയിൽ തിരികെയെടുക്കാൻ തയാറായില്ല. അതേസമയം മക്കളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വായ്പ അടക്കം സാമ്പത്തിക പ്രയാസങ്ങൾ ടി ജെ ജോസഫ് നേരിട്ടു. ജോസഫിനെതിരായ ആക്രമണവും സാമ്പത്തിക പ്രയാസങ്ങളും ജോലി നഷ്ടവുമെല്ലാംകൂടി ജോസഫിന്റെ ഭാര്യ സലോമിയെ വിഷാദ രോഗത്തിലേക്ക് നയിച്ചു. 2014 മാർച്ച് 21 ന് സലോമി ആത്മഹത്യ ചെയ്തു. ഇതോടെ പ്രൊഫസർ ടി ജെ ജോസഫിനെ ജോലിയിൽ എടുക്കാത്ത ന്യൂമാൻ കോളേജിന്റെ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു.

മാനുഷിക പരിഗണനകൾ വച്ച് ജോസഫിനെ തിരികെയെടുക്കുമെന്ന് കോതമംഗലം രൂപത 2014 മാർച്ച് 22 ന് പറഞ്ഞു. ഒടുവിൽ മാർച്ച് 27ന് ജോസഫിനെ സർവീസിൽ തിരിച്ചെടുത്തുകൊണ്ട് കോളേജ് മാനേജ്മെന്റ് ഉത്തരവിറക്കി. 28 ന് ജോലിയിൽ പ്രവേശിച്ച ജോസഫ് മാർച്ച് 31-ന് സർവീസിൽനിന്ന് വിരമിച്ചു.

കേസിൽ 2015 ൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എൻഐഎ കോടതി കണ്ടെത്തി. 2020 ൽ പ്രൊഫസർ ടി ജെ ജോസഫിന്റെ ആത്മകഥ 'അറ്റു പോകാത്ത ഓർമകൾ' പുറത്തിറങ്ങി. കൈവെട്ടിയ തീവ്രവാദികളെക്കാൾ തന്നെ വേദനിപ്പിച്ചത് ജോലി നിഷേധിച്ച് വേട്ടയാടിയ സഭയുടെ നടപടികളാണെന്ന് ജോസഫ് പറഞ്ഞു.

മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാൻ വേണ്ടി കോതമംഗലം രൂപതാ ബിഷപ്പും കോളേജ് അധികാരികളും ചേർന്ന് ജോസഫിനെതിരെ പ്രതികാര ബുദ്ധിയോടെയാണ് നടപടികൾ സ്വീകരിച്ചതെന്ന് മുൻ ഡിജിപി സിബി മാത്യൂസിന്റെ 'നിർഭയം' എന്ന ആത്മകഥയിലും ആരോപിച്ചിരുന്നു. ഒരു കന്യാസ്ത്രീയുടെ സഹോദരനായിട്ടു കൂടി സഭ ജോസഫിനെ ഒറ്റപ്പെടുത്തിയതാണ് ആക്രമണത്തിന് വഴിതെളിച്ചതെന്നും അദ്ദേഹം ആത്മകഥയിൽ എഴുതി.

സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദായിരുന്നു ടി ജെ ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓർമകൾ' പ്രകാശനം ചെയ്തത്. അറിയാതെയാണെങ്കിലും ടി ജെ ജോസഫിന്റെ അവസ്ഥയ്ക്ക് കാരണക്കാരനായതിൽ താൻ മാപ്പു ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതിനിടെ ജോസഫിന്റെ കൈവെട്ടിയ സംഭവത്തിൽ സഭാ നേതൃത്വം ഒപ്പം നിന്നില്ലെന്ന് സഭാ നവീകരണ പ്രവർത്തകനായ ജോർജ് മൂലേച്ചാൽ എഴുതിയ 'കെസിആർഎം ചരിത്രം, ഇടപെടലുകൾ, പഠനങ്ങൾ' എന്ന പുസ്തകത്തിൽ ആരോപിക്കുകയും ചെയ്തു.

ജോസഫിനുവേണ്ടി അനുഭാവം പ്രകടിപ്പിച്ച സഭാ നവീകരണ പ്രസ്ഥാനമായ കെസിആർഎമ്മിന്റെ പ്രവർത്തകരെ വൈദികരുടെ നേതൃത്വത്തിൽ റോഡിലിട്ട് തല്ലിയോടിച്ചെന്നും പുസ്തകത്തിൽ ആരോപിച്ചിരുന്നു.

2023 ജൂലായിൽ കേസിന്റെ രണ്ടാംഘട്ട വിചാരണ പൂർത്തിയാവുകയും രണ്ടാം പ്രതി സജിൽ, മൂന്നാം പ്രതി ആലുവ നാസർ, അഞ്ചാം പ്രതി നജീബ് എന്നിവർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിക്കുകയും ചെയ്തു. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവർക്ക് മൂന്ന് വർഷം തടവിനും കോടതി വിധിച്ചു.

അപ്പോഴും കേസിലെ പ്രധാന പ്രതി അശമന്നൂർ സവാദ് ഒളിവിലായിരുന്നു. ഇതോടെയാണ് സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്.

ഒരു പൗരനെന്ന നിലയിൽ തനിക്ക് ഈ കേസിൽ സാക്ഷി പറയുകയെന്ന ഉത്തരവാദിത്തമുണ്ടായിരുന്നു. അത് നിറവേറ്റിയെന്നും പ്രതികൾക്ക് ഏത് ശിക്ഷ കിട്ടിയാലും തന്നെ ബാധിക്കുന്ന കാര്യമല്ലെന്നുമായിരുന്നു പ്രൊഫ. ടി ജെ ജോസഫ് വിധി പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞത്. ''സവാദിനെ പിടികൂടാത്തത് ഒരുപക്ഷേ ഇവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥരുടെ പരാജയമായിരിക്കാം. അതുസംബന്ധിച്ച് പ്രത്യേകിച്ച് അഭിപ്രായമില്ല. ചിലരുടെ പ്രാകൃത വിശ്വാസസംഹിതകളുടെ പേരിലുണ്ടായ സംഭവത്തിൽ താൻ അനുഭവിക്കേണ്ട ദുരിതങ്ങളും വേദനകളും അനുഭവിച്ചു കഴിഞ്ഞു. അതിന്റെ പേരിൽ ആരെയെങ്കിലും ശിക്ഷിക്കാനോ, കഷ്ടപ്പെടുത്താനോ താത്പര്യപ്പെടുന്നില്ല,'' ടി ജെ ജോസഫ് പറഞ്ഞു.

ഒടുവിൽ 2024 ജനുവരി 10 ന് രഹസ്യവിവരങ്ങളെത്തുടർന്ന് കണ്ണൂരിലെത്തിയ എൻ ഐ എ സംഘം സവാദിനെ പിടികൂടുകയായിരുന്നു. ഷാജഹാൻ എന്ന പേരിൽ ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം മട്ടന്നൂർ ബേരകത്തെ വാടക വീട്ടിൽ കഴിയുകയായിരുന്നു സവാദെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒളിവ് ജീവിതത്തിനിടെ കാസർഗോഡ് നിന്ന് വിവാഹം കഴിച്ച സവാദ് ബേരകത്ത് ആശാരിപ്പണി ചെയ്ത് കഴിഞ്ഞുവരികയായിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മഴയില്‍ മുങ്ങി സംസ്ഥാനം: മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്; മിക്ക ഇടങ്ങളിലും വെള്ളക്കെട്ട്

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍