KERALA

ടി പി വധക്കേസ്: ജീവപര്യന്തം ശിക്ഷ അപര്യാപ്തം, വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍

നിയമകാര്യ ലേഖിക

ആര്‍എംപി സ്ഥാപക നേതാവായ ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. നിലവില്‍ വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ അപര്യാപ്തമാണ്. നിയമാനുസ്യതമായ പരമാവധി ശിക്ഷയാണ് പ്രതികള്‍ക്ക് നല്‍കേണ്ടത്.

മറ്റ് കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസ്. ആര് എന്തിന് കൊന്നു എന്നത് പ്രസക്തമായ ചോദ്യമാണ്. ക്യത്യമായ തെളിവുകളുണ്ട് ഈ കേസില്‍. സാധാരണ കൊലപാതക കേസുപോലെ ഇത് പരിഗണിക്കരുത്. അതുകൊണ്ട് ശിക്ഷയും അതനുസരിച്ചുതന്നെ നല്‍കണം. വര്‍ഷങ്ങള്‍ നീണ്ട ഗൂഢാലോചനയുടെ ഫലമാണ് ഈ കൊലപാതകം. നിരവധി രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. വ്യത്യസ്ത ആശയങ്ങളുള്ളവരുണ്ട്. ആശയങ്ങള്‍ മാറിയെന്ന് വിചാരിച്ച് കൊലപെടുത്തുന്നതിനെ ന്യായീകരിക്കാനാവില്ല. ടി പി ചന്ദ്രശേഖരന്‍ സിപിഎം പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടി വിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

വിചാരണ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷ വധശിക്ഷയായി ഉയര്‍ത്താനുള്ള സാഹചര്യമുണ്ടോയെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. മരിച്ചയാളുടെ മുഖം പോലും വീട്ടുകാര്‍ കാണരുതെന്ന് പ്രതികള്‍ തീരുമാനിച്ചു. ടി പി ചന്ദ്രശേഖനെ വെട്ടി കൊലപ്പെടുത്തി മുഖം പോലും വിക്യതമാക്കിയത് ഇതിനായിരുന്നു. ഒരു മുന്‍വൈരാഗ്യവുമില്ലാതെയാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പരമാവധി ശിക്ഷ അര്‍ഹിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രബോഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് പരിശോധിച്ചാല്‍ പ്രതികളെക്കുറിച്ച് കൂടുതല്‍ കോടതിക്ക് മനസിലാകും. പ്രതികളുടെ സ്വഭാവം സംബന്ധിച്ചാണ് റിപ്പോര്‍ട്ടിലുള്ളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ രണ്ട് പ്രതികള്‍ക്ക് അനുകൂല ഘടകങ്ങള്‍ ആണെന്ന് കോടതി വാദത്തിനിടെ സൂചിപ്പിച്ചു.

പ്രതികള്‍ക്ക് മാനസിക പരിവര്‍ത്തന സാധ്യത ഇല്ലെന്നും ടി കെ രജീഷിനെതിരെ കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടന്നും പ്രോസിക്യൂഷന്‍ വാദമുന്നയിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷതന്നെ നല്‍കണമെന്ന് കെ കെ രമയുടെ അഭിഭാഷകനും കോടതിയെ അറിയിച്ചു.

എന്നാല്‍ പ്രതികളുടെ ശിക്ഷ റദ്ദാക്കണമെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്‌റെ വാദം. ഗൂഡാലോചനയ്ക്കും കൊലപാതകത്തിനും വ്യത്യസ്തമായ ശിക്ഷ വിധിക്കരുതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

പ്രതികള്‍ക്ക് മാനസാന്തരത്തിന് സാധ്യതയില്ലെയന്നും പ്രായമായവരാണെന്നും സുപ്രീംകോടതി ഇത് പരിഗണിക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി. രാഷ്ട്രീയകൊലപാതകങ്ങളെ നിസാരമായി കാണാനാവില്ല. ടി പി വധം ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും നേരെയുള്ള വെല്ലുവിളിയാണ്, വാടക കൊലയാളികളെ വെച്ച് കൊലനടത്തി. ഇരയുമായി നേരിട്ട് ബന്ധമില്ലാത്തവരായിരുന്നു പലരും. എന്തുകൊണ്ട് പ്രതികള്‍ക്ക് വധശിക്ഷ നല്‍കിക്കൂടെന്നും കോടതി ചോദിച്ചു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും ജീവപര്യന്തം വധശിക്ഷയായി ഉയര്‍ത്തുന്നത് അപൂര്‍വമാണെന്നും അതിന് ശക്തമായ കാരണം വേണമെന്നും പ്രതഭാഗം വാദമുന്നയിച്ചു.

നടന്നത് രാഷ്ട്രീയ കൊലപാതകം എന്ന് ഹൈക്കോടതി പറഞ്ഞു. ഇത് ആദ്യ രാഷ്ട്രീയ കൊലപാതകം അല്ലെന്നും ജയക്യഷ്ണന്‍ മാസറ്റര്‍ വധക്കേസ് പോലെ മുന്‍പ് നടന്ന സമാന കേസുകളിലെ ശിക്ഷാവിധികള്‍ കോടതി പരിഗണിക്കണമെന്ന് പ്രതിഭാഗവും വ്യക്തമാക്കി.

സിപിഎമ്മില്‍ നിന്നും വിട്ട് ആർഎംപി എന്ന പാർട്ടി സ്ഥാപിച്ച ടിപി ചന്ദ്രശേഖരനെ 2012 മേയ് നാലിനാണ് ഒരു സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽ നിന്ന് വിട്ടുപോയി തന്റെ നാടായ ഒഞ്ചിയത്ത് ആർഎംപി എന്ന പേരിൽ പാർട്ടിയുണ്ടാക്കിയതിലുള്ള പകയില്‍ സിപിഎമ്മുകാരായ പ്രതികൾ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.

കേസിലെ പ്രതികളായ എം സി അനൂപ്, കിർമ്മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണൻ സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രൻ, ട്രൗസർ മനോജ്, സിപിഎം പാനൂർ ‌ഏരിയ കമ്മിറ്റിയംഗമായിരുന്ന പി കെ കുഞ്ഞനന്തൻ, വായപ്പടച്ചി റഫീഖ് എന്നീ പ്രതികൾക്ക് 2014ല്‍ വിചാരണ കോടതി ജീവപര്യന്തം തടവും പിഴയും മറ്റൊരു പ്രതിയായ കണ്ണൂർ സ്വദേശി ലംബു പ്രദീപന് മൂന്നു വർഷം കഠിന തടവും ശിക്ഷ വിധിച്ചു. ഇതിനെതിരെയാണ് അപ്പീൽ നല്‍കിയിരിക്കുന്നത്. പികെ കുഞ്ഞനന്തൻ ജയിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണിൽ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി മോഹനൻ ഉൾപ്പെടെ 24 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണക്കോടതി നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍