Lok Sabha Election 2024

വയനാട് വിടാതെ രാഹുല്‍, വേണുഗോപാല്‍ ആലപ്പുഴയില്‍, മുരളീധരന്‍ തൃശൂരില്‍, വടകരയില്‍ ഷാഫി; കോണ്‍ഗ്രസ് സ്ഥാനാർഥികളായി

വെബ് ഡെസ്ക്

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. സിറ്റിങ് എംപിമാരില്‍ ടി എന്‍ പ്രതാപന് മാത്രം സീറ്റില്ല. പ്രതാപന് പകരം കെ മുരളീധരന്‍ മത്സരിക്കും. മുരളീധരന്റെ മണ്ഡലമായ വടകര നിലനിര്‍ത്താന്‍ എംഎല്‍എ ഷാഫി പറമ്പിലിനെയാണ് നിയോഗിച്ചിരിക്കുന്നത്. മറ്റ് 14 സിറ്റിങ് എംപിമാരും തങ്ങളുടെ മണ്ഡലത്തില്‍ നിന്നു തന്നെ ജനവിധി തേടും. കഴിഞ്ഞകുറി നഷ്ടമായ ആലപ്പുഴ തിരിച്ചുപിടിക്കാന്‍ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വേണുഗോപാലിനെയാണ് രംഗത്തിറക്കുന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു തന്നെ ജനവിധി തേടുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കണ്ണൂരില്‍ മത്സരിക്കും.

രാജ്മോഹന്‍ ഉണ്ണിത്താന്‍ (കാസർഗോഡ്), എം കെ രാഘവന്‍ (കോഴിക്കോട്), വി കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ് (ആലത്തൂർ), ബെന്നി ബഹനാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍ (എറണാകുളം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), അടൂർ പ്രകാശ് (ആറ്റിങ്ങല്‍), ശശി തരൂർ(തിരുവനന്തപുരം) എന്നിവരാണ് മറ്റ് സ്ഥാനാർഥികള്‍.

കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തോടെ യുഡിഎഫിന്റെ ചിത്രം പൂർണമായും തെളിഞ്ഞു. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ (ആർഎസ്‌പി), കോട്ടയത്ത് ഫ്രാന്‍സിസ് ജോർജ് (കേരള കോണ്‍ഗ്രസ്), മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ (മുസ്ലിം ലീഗ്), പൊന്നാനിയില്‍ അബ്ദുസമദ് സമദാനി എന്നിവരാണ് മത്സരിക്കുന്നത്.

എഐസിസിയിലെ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ കേരളത്തില്‍ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ സ്ഥാനാര്‍ഥി പട്ടികയ്ക്കുണ്ട്. മുന്‍ എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കൊപ്പം എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വേണുഗോപാലും ഒരേ സംസ്ഥാനത്ത് നിന്നു മത്സരിക്കുന്നതില്‍ ആദ്യം ഹൈക്കമാന്‍ഡിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും വിജയസാധ്യത പരിഗണിച്ച് സമ്മതം മൂളുകയായിരുന്നു.

കേരളത്തിലെ 16 സീറ്റുകള്‍ക്കു പുറമേ ഛത്തീസ്ഗഡ്, കര്‍ണാടക, മേഘാലയ, നാഗാലാന്‍ഡ്, തെലങ്കാന, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ 23 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയും ഇന്നു പുറത്തുവിട്ട ആദ്യ പട്ടികയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഗേല്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരന്‍ ഡികെ സുരേഷ് എന്നിവരാണ് ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ച മറ്റു പ്രമുഖര്‍.

'യുഎപിഎ ചുമത്തിയുള്ള അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയക്കണമെന്ന് സുപ്രീം കോടതി

'ഹിന്ദു മതം ഇന്ത്യയുടെ അടിസ്ഥാനം'; മോദിയുടെ പരാമർശങ്ങളെ ന്യായീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപിയുടെ മറുപടി

ഇന്ത്യന്‍ ടീം കോച്ച്: ദ്രാവിഡിന്റെ പിന്‍ഗാമി സ്റ്റീഫന്‍ ഫ്‌ളെമിങ്?, ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ പ്രഥമ പരിഗണനയില്‍

രാജി സ്വീകരിച്ചില്ല; അരവിന്ദ് കെജ്‍രിവാളിന് വീണ്ടും കത്തയച്ച് ഡൽഹി മുൻ മന്ത്രി

നിശബ്ദ കൊലയാളിയായ രക്തസമ്മര്‍ദം; ശ്രദ്ധിക്കാം ഈ ഏഴ് ലക്ഷണങ്ങള്‍