'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി

യുഎപിഎ ചുമത്തി പ്രബീർ പുരകായസ്തയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും നിയമവിരുദ്ധമെന്ന് സുപ്രീം കോടതി

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീർ പുരകായസ്തയെ ഡല്‍ഹി പോലീസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തതും റിമാന്‍ഡ് ചെയ്തതും നിയമവിരുദ്ധമെന്നു സുപ്രീം കോടതി. പ്രബീറിനെ വിട്ടയയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനാണ് ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്. പിറ്റേദിവസം റിമാന്‍ഡ് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് പുരകായസ്തയ്‌ക്കോ അദ്ദേഹത്തിന്റെ അഭിഭാഷകനോ റിമാന്‍ഡ് അപേക്ഷയുടെ പകർപ്പ് നല്‍കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിൻ്റെ കാരണങ്ങൾ രേഖാമൂലം അദ്ദേഹത്തിന് നൽകിയിട്ടില്ലെന്നാണ് ഇതിനർത്ഥം. അതുകൊണ്ട് അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ബിആര്‍ ഗവായിയും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി
പ്രബീർ പുരകായസ്ത: അടിയന്തരാവസ്ഥയെ അതിജീവിച്ച പത്രാധിപർ

അതേസമയം, കേസിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ വിചാരണകോടതിയെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ ജാമ്യാപേക്ഷയും ബോണ്ടും സമര്‍പ്പിക്കുന്നതിന് അനുസരിച്ചായിരിക്കും മോചനമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

ഡല്‍ഹി പോലീസിന്റെ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്താണ് പ്രബീര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പങ്കജ് ബൻസാൽ കേസിലെ  സുപ്രീം കോടതി വിധി പ്രകാരം അറസ്റ്റിൻ്റെ കാരണങ്ങൾ രേഖാമൂലം തനിക്ക് നൽകിയിട്ടില്ലെന്നും അറസ്റ്റിന് നിയമസാധുതയില്ലെന്നുമായിരുന്നു പ്രബീറിന്റെ വാദം.

ഹർജിയിൽ നേരത്തെ വാദം കേള്‍ക്കുമ്പോഴും ഡല്‍ഹി പോലീസിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. പ്രബീര്‍ പുരകായസ്തയെ തിടുക്കത്തിൽ മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലിന്റെ നടപടിയെ ചോദ്യം ചെയ്ത സുപ്രീം കോടതി, അങ്ങനെ ചെയ്യുന്നതിന് മുന്‍പ് എന്തു കൊണ്ടാണ് അദ്ദേഹത്തിന്റെ അഭിഭാഷകനെ അറിയിക്കാതിരുന്നതെന്ന് അന്ന് ചോദിച്ചിരുന്നു. പ്രബീറിനെ പുലര്‍ച്ചെ ആറിന് മജിസ്ട്രേറ്റിനു മുൻപാകെ ഹാജരാക്കിയതിനെയും കോടതി ചോദ്യം ചെയ്തിരുന്നു.

'അറസ്റ്റ് നിയമവിരുദ്ധം'; ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുരകായസ്തയെ വിട്ടയയ്ക്കണമെന്ന് സുപ്രീം കോടതി
'നേരം പുലരും മുന്‍പേ ഹാജരാക്കി, അഭിഭാഷകനെ പോലും അറിയിച്ചില്ല'; പ്രബീർ പുരകായസ്തയുടെ അറസ്റ്റിൽ പോലീസിനെതിരേ സുപ്രീം കോടതി

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ ഡല്‍ഹി പോലീസ് പ്രത്യേക സംഘത്തിന്റെ റെയ്ഡിന് പിന്നാലെയാണ് യുഎപിഎ നിയമപ്രകാരം പ്രബീറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ ന്യൂസ്‌ക്ലിക്ക് ഹ്യൂമൻ റിസോഴ്‌സ് മേധാവിയുമായ അമിത് ചക്രവർത്തിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹവും അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പിന്നീട് ഇദ്ദേഹം മാപ്പ് സാക്ഷിയായി മാറുകയും ഹർജി പിൻവലിക്കുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in