Lok Sabha Election 2024

'മുസ്ലിം സമുദായത്തിനിടയില്‍ ഭയവും വെറുപ്പും വളര്‍ത്തി'; പിണറായിയെ പ്രചാരണത്തില്‍ നിന്ന് വിലക്കണം; പരാതി നൽകി ബിജെപി

വെബ് ഡെസ്ക്

മുഖ്യമന്ത്രിയുടെ സിഎഎ വിരുദ്ധ പ്രസംഗത്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി ബിജെപി. മലപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെയാണ് ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ കെ സുരേന്ദ്രന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

മുസ്ലിം സമുദായത്തിനിടയില്‍ ഭയവും വെറുപ്പും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പ്രസംഗിച്ചെന്ന് പരാതിയില്‍ സുരേന്ദ്രന്‍ ആരോപിച്ചു. ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിച്ചു വിദ്വേഷം വളര്‍ത്താനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗമാണ് മുഖ്യമന്ത്രിയുടേതെന്നും പിണറായി വിജയനെ പ്രചാരണ യോഗങ്ങളില്‍ നിന്ന് വിലക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

നാസികള്‍ ജൂതരെ എങ്ങനെ കൈകാര്യം ചെയ്‌തോ, അതേ രീതിയില്‍ ഇവിടെ മുസ്ലിംകളെ കൈകാര്യം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനങ്ങളില്‍ ഒരുവിഭാഗത്തെ ശത്രുക്കളായി കാണുന്ന നിലപാടാണ് നേരത്തേ മുതല്‍ ആര്‍എസ്എസ് സ്വീകരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെന്ന വിശേഷണം അവര്‍ ചാര്‍ത്തി നല്‍കിയത് മുസ്ലിമിനും ക്രിസ്ത്യാനിക്കും കമ്യൂണിസ്റ്റുകാര്‍ക്കുമാണ്. ജൂതരെ കൂട്ടക്കൊല ചെയ്ത ഹിറ്റ്‌ലറുടെ നടപടി ലോകം തള്ളിപ്പറഞ്ഞെങ്കിലും അത് അനുകരണീയ മാതൃകയാണെന്ന് പറഞ്ഞ ഒരുകൂട്ടരേ ലോകത്തുള്ളൂ. അത് ആര്‍എസ്എസ് ആണ്.

ഹിറ്റ്‌ലറുടെ ആശയവും മുസോളിനിയുടെ സംഘടനാശൈലിയും ചേരുന്നതാണ് ആര്‍എസ്എസ് എന്നും പിണറായി വിജയന്‍ പറഞ്ഞു. ഒരു നുഴഞ്ഞുകയറ്റക്കാരനെയും വിടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം ആരെ ഉദ്ദേശിച്ചാണ് എന്നത് എല്ലാവര്‍ക്കും വ്യക്തമാണ്. ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം അടുത്ത വര്‍ഷം ആഘോഷിക്കാനിരിക്കെ അവരുടെ വര്‍ഗീയ ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാറിന് ഒരു അജന്‍ഡ മാത്രമേയുള്ളൂ.അത് മതാടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കുക എന്നതാണ്. ഇതിനെതിരായ പോരാട്ടത്തിന്റെ ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് ഒപ്പം നിന്നെങ്കിലും പിന്നീട് മൗനം പാലിച്ചുവെന്നും പിണറായി കുറ്റപ്പെടുത്തി.

നേരത്ത, തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം വിതരണം ചെയ്തതിന് എതിരെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടിഎന്‍ പ്രതാപന്‍ എംപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനു ശേഷം പുസ്തകങ്ങള്‍ വീടുകള്‍ തോറും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും പുസ്തക വിതരണം പിന്‍വലിക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

IPL 2024| അഹമ്മദാബാദില്‍ 'അയ്യര് കളി'; ഹൈദരാബാദിനെ തകർത്ത് കൊല്‍ക്കത്ത ഫൈനലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് വീണ്ടും വിലങ്ങുമായി ഇസ്രയേല്‍; അസോസിയേറ്റഡ് പ്രസും അടച്ചു പൂട്ടി, ഉപകരണങ്ങള്‍ പിടിച്ചെടുത്തു

സ്വാതി മലിവാള്‍ കേസ്: 'കെജ്‌രിവാളിന്റെ മൗനം സ്ത്രീ സുരക്ഷയിലെ നിലപാട്'; രൂക്ഷ വിമർശനവുമായി ഡല്‍ഹി എല്‍ ജി

'തെറ്റ് ചെയ്തിട്ടില്ല, പിന്നെ എന്തിന് സമ്മതിക്കണം'; ലൈംഗികാരോപണക്കേസില്‍ മജിസ്ട്രേറ്റിനോട് ബ്രിജ്ഭൂഷണ്‍

'പ്രൊഫഷണല്‍ തലത്തിലാകുമ്പോള്‍ വയസില്‍ ആരും ഇളവ് നല്‍കില്ല'; കായികക്ഷമതയില്‍ ധോണി