Lok Sabha Election 2024

'ലീഗുമായുള്ള പ്രത്യേക ബന്ധത്തില്‍ തകരാറുണ്ടാക്കരുത്', വിവാദങ്ങളില്‍ കൈകഴുകി സമസ്ത

വെബ് ഡെസ്ക്

സമസ്ത മുശാവറ അംഗം ഉമ്മര്‍ ഫൈസി മുക്കം നടത്തിയ ലീഗ് വിരുദ്ധ പരാമര്‍ശത്തില്‍ വിവാദം തുടരുന്നതിനിടെ സമവായ സൂചന നല്‍കി സമസ്ത നേതൃത്വം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും മുസ്ലിംലീഗും, ഇരു സംഘടനകളുടെ അണികളും തമ്മിലുള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകള്‍ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങള്‍ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സമസ്ത ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, ട്രഷറര്‍ പി പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവരുടെ പേരില്‍ പുറത്തിറങ്ങിയ പ്രസ്താവന ചൂണ്ടിക്കാട്ടി.

സമസ്ത നേതാക്കള്‍ പാണക്കാട് കുടുംബവുമായി ഏറെക്കാലം പുലര്‍ത്തിയ നല്ല ബന്ധം ഇപ്പോള്‍ ഇല്ലെന്നും ലീഗിലെ 80 ശതമാനം ആളുകളും സമസ്തക്കാരാണെന്നുമുള്‍പ്പെടെ ആയിരുന്നു ഉമ്മര്‍ ഫൈസി മുക്കം നടത്തിയ പ്രതികരണം. ഇതിനൊപ്പം ഇടത് മുന്നണിയെ പിന്തുണച്ച് നടത്തിയ പരാമര്‍ശങ്ങളും സമസ്ത ലീഗ് ഭിന്നത വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യ സഖ്യത്തിന്റെ ശക്തമായ നിലപാടുകള്‍ക്ക് പിന്നില്‍ ഇടതുമുന്നണിയാണ്. കമ്മ്യൂണിസ്റ്റുകാര്‍ ഫാസിസത്തോട് സന്ധി ചെയ്യില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗ് അടുത്തിടെ കാണിക്കുന്ന നിലപാടില്‍ സമസ്ത അണികള്‍ക്ക് വേദന ഉണ്ടാക്കുന്നതായും ഉമര്‍ ഫൈസി മുക്കം പറഞ്ഞിരുന്നു.

ഉമ്മര്‍ ഫൈസി മുക്കത്തിന്റെ നിലപാട് മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും അണികള്‍ക്കിടയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ വിമര്‍ശനത്തില്‍ പ്രതികരിച്ച് വിവാദം വലുതാക്കേണ്ടെന്ന നിലപാടായിരുന്നു മുസ്ലിം ലീഗ് നേതൃത്വം കൈക്കൊണ്ടത്. തിരഞ്ഞടുപ്പ് അടുത്തിരിക്കെ സമസ്ത നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയും ലീഗ് ക്യാമ്പില്‍ നിലനില്‍ക്കെയാണ് വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമസ്ത നേതൃത്വം തന്നെ രംഗത്തെത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയുടെ പരസ്യം സമസ്ത മുഖപത്രം സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ചതായിരുന്നു ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. പരസ്യം വന്ന പത്രം ലീഗ് പ്രവര്‍ത്തകര്‍ കത്തിച്ചു. ഇതിനിടെ പൊന്നാനിയില്‍ മുസ്ലിം ലീഗിനെതിരെ സമസ്തയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ചോദ്യാവലി ഭിന്നതയുടെ ആഴം വര്‍ധിപ്പിച്ചു. ടീം സമസ്ത എന്ന പേരിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ചോദ്യാവലി പ്രത്യക്ഷപ്പെട്ടത്.

പൊന്നാനിയിലെ സിപിഎം സ്ഥാനാര്‍ഥി കെ എസ് ഹംസ സമസ്ത നോമിനിയാണെന്ന് നേരത്തെ തന്നെ ആരോപണങ്ങളുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ എസ് ഹംസയ്ക്ക് അനുകൂലമായ പരാമര്‍ശം ഉള്‍പ്പെടെയായി ചോദ്യാവലി പ്രചരിച്ചത്. സമസ്തയില്‍ ഒരു വിഭാഗം ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന നിലയില്‍ ചര്‍ച്ചകള്‍ നിലനില്‍ക്കെയായിരുന്നു ഈ സംഭവങ്ങള്‍. എന്നാല്‍ ഇത്തരം പ്രകോപനങ്ങളില്‍ വീഴരുതെന്നാണ് മുസ്ലിം ലീഗ് നേതൃത്വം അണികള്‍ക്ക് മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ