Lok Sabha Election 2024

'നിത്യശത്രുവല്ല'; കുമാരസ്വാമിക്കുവേണ്ടി സുമലത വോട്ട്‌ ചോദിക്കുമോ?

ദ ഫോർത്ത് - ബെംഗളൂരു

മണ്ടിയ ലേക്‌സഭ മണ്ഡലത്തിലെ എൻഡിഎ മുന്നണി സ്ഥാനാർഥിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമിക്കായി സിറ്റിങ് എംപി സുമലത തിരഞ്ഞെടുപ്പ്  പ്രചാരണത്തിനിറങ്ങുമോ?  മണ്ഡലത്തിൽ ബിജെപി ടിക്കറ്റ്  പ്രതീക്ഷിച്ച്‌  നിരാശയായ സുമലത  എന്ത് നിലപാടെടുക്കുമെന്ന ആകാംക്ഷയിലാണ് ഏവരും. അനുഭാവികളോടും  അഭ്യുദയകാംക്ഷികളോടും ആലോചിച്ച്‌  തീരുമാനം  അറിയിക്കാമെന്ന് പറഞ്ഞിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്രയോട് സുമലത അംബരീഷ്. 

ടിക്കറ്റ്  നിഷേധത്തെത്തുടർന്ന്  നിലപാട്  പ്രഖ്യാപിക്കാനൊരുങ്ങിയ സുമലതയെ വെള്ളിയാഴ്ചയായിരുന്നു  ബെംഗളൂരു ജെപി നഗറിലെ വീട്ടിൽ വിജയേന്ദ്ര സന്ദർശിച്ചത്. ജെഡിഎസിന്റെ  മുതിർന്ന നേതാക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. മണിക്കൂറുകളോളം നീണ്ട കൂടിക്കാഴ്ചയിൽ മുന്നണിക്ക് വിരുദ്ധമായൊരു  തീരുമാനവുമെടുക്കരുതെന്ന് വിജയേന്ദ്ര  സുമലതയോട്  അഭ്യർഥിച്ചു. മണ്ടിയയിൽ മുന്നണി സ്ഥാനാർഥി കുമാരസ്വാമിയുടെ വിജയമുറപ്പാക്കാൻ സുമലത തിരഞ്ഞെടുപ്പ്  പ്രചാരണത്തിനിറങ്ങണമെന്നും ബിജെപി - ജെഡിഎസ്  നേതാക്കൾ  ആവശ്യപ്പെട്ടു. 

എന്നാൽ ഇതിനോടൊന്നും അനുഭാവപൂർണമായ സമീപനമല്ല  സുമലതയിൽനിന്ന് ഉണ്ടായതെന്നാണ് റിപ്പോർട്ട്.  അനുഭാവികളും അഭ്യുദയകാംഷികളുമായി കൂടിയാലോചിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവൂയെന്ന്  നേതാക്കളോട് സുമലത വെട്ടിത്തുറന്നു പറഞ്ഞു. ഇന്ന്  മണ്ടിയയിൽ സുമലത പ്രാദേശിക നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. സുമലതയുടെ തീരുമാനം മുന്നണിക്ക്  അനുകൂലമാക്കി മാറ്റാനുള്ള അവസാനവട്ട ശ്രമമെന്ന  നിലയിലാണ് ബിജെപി - ജെഡിഎസ്  നേതൃത്വങ്ങൾ ബി വൈ വിജയേന്ദ്രയെ തന്നെ ഒത്തുതീർപ്പുചർച്ചയ്ക്ക്  അയച്ചത്. 

മണ്ടിയ ലോക്‌സഭ ടിക്കറ്റ്  ജെഡിഎസിനു വിട്ടുനല്കിയതിലുള്ള  നീരസം സുമലത പ്രകടിപ്പിച്ചു. എന്തുകൊണ്ടും  ബിജെപി മത്സരിക്കേണ്ട സീറ്റാണ്  ഇതെന്നും സിറ്റിങ് സീറ്റിൽ താൻ  വീണ്ടും ജനവിധി തേടിയാൽ വിജയമുറപ്പായിരുന്നെന്നും അവർ  അവകാശപ്പെട്ടു. കുമാരസ്വാമിയുടെ വിജയം ഉറപ്പിക്കാവുന്ന  സാഹചര്യമല്ല നിലവിൽ മണ്ഡലത്തിലുള്ളതെന്നും സുമലത ഒത്തുതീർപ്പ് ചർച്ചയ്ക്ക് വന്നവരെ ബോധ്യപ്പെടുത്താൻ  ശ്രമിച്ചു. 

സുമലത ഇടഞ്ഞുനിന്നാൽ മണ്ഡലത്തിൽ കുമാരസ്വാമി  പരാജയം രുചിക്കേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സിറ്റിങ്  എംപിയെന്ന നിലയിലും മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ  സ്വാധീനമുള്ള നടൻ എം എച്ച് അംബരീഷിന്റെ ഭാര്യയെന്ന നിലയിലും സുമലതയ്ക്ക് മണ്ഡലത്തിലുള്ള സ്വാധീനം  അറിയാവുന്ന ജെഡിഎസ് കുറച്ചുനാളുകളായി സുമലത വിരുദ്ധ പരാമർശങ്ങൾ മയപ്പെടുത്തി വരികയാണ്. സുമലത ഒരിക്കലും  ജെഡിഎസിന്റെ സ്ഥിരം  ശത്രുവല്ലെന്ന് കുമാരസ്വാമി പറഞ്ഞു കഴിഞ്ഞു. 

2019 ൽ  കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ തോല്പിച്ചായിരുന്നു സുമലതയുടെ പാർലമെന്റ്  അരങ്ങേറ്റം.  അന്ന് ജെഡിഎസ്  - കോൺഗ്രസ് തിരഞ്ഞെടുപ്പ് സഖ്യം നിലവിലുണ്ടായിരുന്നെങ്കിലും  മുന്നണി  മര്യാദ ലംഘിച്ച് പ്രാദേശിക  കോൺഗ്രസുകാർ സ്വതന്ത്ര സ്ഥാനാർഥിയായ സുമലതയ്ക്ക് വോട്ട് ചെയ്യുകയായിരുന്നു.1.25 ലക്ഷത്തോളം വോട്ടുകളുടെ  ഭൂരിപക്ഷത്തിലായിരുന്നു സുമലത വിജയിച്ചത്.

ഇത്തവണ മകന് പകരം അച്ഛൻ രംഗത്തിറങ്ങുമ്പോഴും   മണ്ഡലത്തിൽ കാര്യങ്ങൾ വ്യത്യസ്തമല്ല.  സ്വതന്ത്ര സ്ഥാനാർഥിയായി സുമലത വീണ്ടും ഇറങ്ങുമെന്ന  അഭ്യൂഹമുണ്ടെങ്കിലും തത്കാലം അവർ സാഹസം കാണിക്കില്ലെന്നാണ് റിപ്പോർട്ട്. വിമത പക്ഷത്ത് സുമലത  നിലയുറപ്പിച്ചിരിക്കുന്നത് എൻഡിഎ മുന്നണിക്കും കുമാരസ്വാമിക്കും ക്ഷീണമാണ്. 

സുമലതയെ അനുനയിപ്പിക്കാൻ കർണാടക ലെജിസ്ളേറ്റീവ് കൗൺസിൽ അംഗത്വം മുതൽ ഗവർണർ പദവി വരെ ബിജെപി ദേശീയനേതൃത്വം വാഗ്ദാനം ചെയ്തതായാണ് വിവരം. ഏതെങ്കിലും സംസ്ഥാനത്ത് അടുത്തുതന്നെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ ജയിപ്പിച്ചു കേന്ദ്രമന്ത്രി സ്ഥാനം നൽകാമെന്നും ജെപി നദ്ദ ഉൾപ്പടെയുള്ളവർ  ഉറപ്പുനൽകിയിട്ടുണ്ട്. 

ഇഷ്ടമുള്ള വാഗ്ദാനം സ്വീകരിച്ച്  കൈകൊടുത്ത് സുമലത  മുന്നണി സ്ഥാനാർഥിക്കുവേണ്ടി മണ്ടിയയിൽ വോട്ട് ചോദിക്കാനിറങ്ങിയില്ലെങ്കിൽ കുമാരസ്വാമിയുടെ കാര്യം  അവതാളത്തിലാകും. മണ്ഡലത്തിൽ ജയിച്ച്‌ ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്ന് കേന്ദമന്ത്രി ആകാനും നിലവിൽ  പ്രതിനിധാനം ചെയ്യുന്ന ചന്നപട്ടണ മണ്ഡലത്തിൽ നിയമസഭാ ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ മകൻ നിഖിലിനെ ഇറക്കി  ജയിപ്പിച്ചെടുക്കാനുമൊക്കെ സ്വപനം കാണുകയാണ്   കുമാരസ്വാമി. സ്വപ്നങ്ങൾ പൂവണിയാൻ സുമലതയോടുള്ള എല്ലാ പകയും തത്കാലം മറക്കാൻ ഗൗഡ കുടുംബം തയ്യാറായിനിൽക്കുകയാണ്.

ബിജെപിയുമായുളള ബാന്ധവം ദഹിക്കാത്ത കർഷക - മുസ്ലിം സമൂഹത്തിൽ നിന്നുള്ളവർ വോട്ടർമാരായ രാമനഗര പോലുള്ള നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് മണ്ടിയ. കഴിഞ്ഞ നിയമസഭാ തിരഞ്ഞടുപ്പിൽ ജെഡിഎസ്   സ്ഥാനാര്‍ഥികളോട് പ്രദേശത്തുകാർ ഒരു ദയയും കാണിച്ചിട്ടില്ല. ജെഡിഎസിന്റെ അംഗബലം 19 ആയി ചുരുങ്ങാൻ കാരണം  ഈ മേഖലയിൽ നിന്നേറ്റ തിരിച്ചടിയായിരുന്നു. കുമാരസ്വാമിയുടെ മകൻ നിഖിൽ ജെഡിഎസിന്റെ ശക്തികേന്ദ്രമായ രാമനഗരയിൽ പരാജയപ്പെട്ടിരുന്നു.

എൻഡിഎ മുന്നണി പ്രവേശത്തോടെ ജെഡിഎസിലെ  മുസ്ലിം വിഭാഗം നേതാക്കളെല്ലാം പാർട്ടിവിട്ടു. ജെഡിഎസ് അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിം ബിജെപി ബാന്ധവം  ചോദ്യം ചെയ്തതിന് പുറത്താക്കപ്പെട്ടയാളാണ്‌. മണ്ടിയയിൽ മുസ്ലിം വിഭാഗത്തിൽനിന്ന് കുമാരസ്വാമിക്കെതിരെ വികാരം ശക്തമാണ്. ജെഡിഎസിന്റെ ബിജെപി ബാന്ധവവും  സുമലതയുടെ ഉടക്കും മുതലാക്കി വോട്ട് പിടിക്കാനായാൽ  കോൺഗ്രസ് സ്ഥാനാർഥിക്കു മണ്ടിയ മണ്ഡലം  കൈപിടിയിലാക്കാനാവും. 

ഇസ്രയേലിലേക്കുള്ള ആയുധങ്ങളുമായി ചെന്നൈയില്‍നിന്ന് പുറപ്പെട്ട കപ്പലിന് അനുമതി നിഷേധിച്ച് സ്പെയിന്‍

വഞ്ചനാക്കേസ്‌: 'മഞ്ഞുമ്മൽ ബോയ്സ്' നിർമാതാക്കൾക്കെതിരെയുള്ള ക്രിമിനൽ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ഒത്തുതീര്‍പ്പാക്കിയത് തിരുവഞ്ചൂർ, ജോണ്‍ മുണ്ടക്കയത്തിന്റേത് കഥ മാത്രം; സോളാര്‍ സമര ഇടനിലയെപ്പറ്റി ബ്രിട്ടാസ്‌

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലർട്ട്, രണ്ടിടത്ത് ഓറഞ്ച് അലർട്ട്

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ