OPINION

തീവ്രഹിന്ദുത്വവും ഇന്ദിരാഗാന്ധിയും തമ്മിലെന്ത്?

സരുൺ എ ജോസ്

1970കളും 80കളും. ഇന്ത്യൻ രാഷ്ട്രീയം വഴിമാറിയും വഴിതെറ്റിയും സഞ്ചരിച്ച രണ്ട് പതിറ്റാണ്ടുകൾ. അവിടെയൊക്കെ കേന്ദ്രസ്ഥാനത്ത് ഉണ്ടായിരുന്ന ദേശീയ വ്യക്തിത്വമാണ് ഇന്ദിരാ ഗാന്ധി. എന്നാൽ തീവ്രഹിന്ദുത്വവും ഇന്ദിരാഗാന്ധിയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ എന്തായിരുന്നു?അടിയന്തരാവസ്ഥയെ കുറ്റം പറയുമ്പോഴും ആർഎസ്എസ് എന്തുകൊണ്ടാണ് ഇന്ദിരയെ കുത്തിനോവിക്കാത്തത്?

മൃദുലഹൃദയനായ ജവഹർലാൽ നെഹ്റുവിന് രാഷ്ട്രീയ ആശയങ്ങളിൽ ദൃഢതയുണ്ടായിരുന്നു. വിദ്വേഷ ശക്തികൾ ഇന്ത്യൻ രാഷ്ട്രീയത്തെ മലിനമാക്കാതിരിക്കാൻ പ്രതിരോധക്കോട്ട കെട്ടി. വാക്കിലും നടപ്പിലും കണിശക്കാരിയായ ഇന്ദിരയുടെ കാലം പക്ഷേ അങ്ങനെയായിരുന്നില്ല.

1966 ലും 71ലും പ്രധാനമന്ത്രിയായി ചുമതലയേൽക്കുമ്പോൾ ഇന്ദിര ചെയ്തത് ദൃഢപ്രതിജ്ഞയായിരുന്നു. എന്നാൽ 1977ലെ തകർച്ചയ്ക്കുശേഷം 1980 ൽ അധികാരത്തിൽ മടങ്ങിയെത്തിയപ്പോൾ സത്യപ്രതിജ്ഞ ദൈവനാമത്തിലായി. ഇതിൽനിന്ന് വ്യക്തമാണ് ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിലെ വഴിമാറ്റങ്ങൾ.

ആഎസ്എസുമായി ഒരു ധാരണയ്ക്കും ഭരണത്തിൻ്റെ ആദ്യനാളുകളിൽ ഇന്ദിര തയാറായില്ല. രാഷ്ട്രീയവൈരിയായ ജയപ്രകാശ് നാരായണനും ആർഎസ്എസും തമ്മിൽ അടുപ്പമുണ്ടെന്ന ബോധ്യമായിരുന്നു ഇതിന് കാരണം.

അടിയന്തരാവസ്ഥാ കാലത്ത് ആർഎസ്എസിനെ നിരോധിച്ചെങ്കിലും അതിനുള്ളിലെ ഒരു വിഭാഗത്തിന് ഇന്ദിരയോട് ആഭിമുഖ്യമുണ്ടായിരുന്നു. കടുംനിയമങ്ങൾ പൗരന്മാർക്ക് ജീവിതാച്ചടക്കം നൽകുമെന്നായിരുന്നു ഇവരുടെ വാദം. 71ലെ യുദ്ധവിജയവും ഇന്ദിരയെ അവർക്ക് പ്രിയങ്കരിയാക്കി. അന്ന് എബി വാജ്പേയ് ഇന്ദിരയെ വാഴ്ത്തിയത് ഇന്ത്യയുടെ ദുർഗയെന്ന്.

അടിയന്തരാവസ്ഥ കാലത്ത് ജയിലിലായ ആർഎസ്എസ് സർസംഘ് ചാലക് മധുകർ ദത്താത്രേയ ഇന്ദിരാഗാന്ധിക്ക് പലവട്ടം കത്തെഴുതി. അന്ന് പല ആർഎസ്എസ് നേതാക്കളും ഇരകൾക്കൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം കുതിക്കുകയും ചെയ്തു.

ജയിലിൽനിന്ന് മധുകർ ദത്താത്രേയ ദേവറസ് അയച്ച ഒരു കത്ത് ഇന്ദിരയുടെ സ്വതന്ത്ര്യദിനപ്രസംഗത്തെ പുകഴ്താനായിരുന്നു. പിന്നെ ആർഎസ്എസിൻ്റെ നിരോധനം പിൻവലിക്കണമെന്ന അഭ്യർഥനയും. നവംബർ പത്തിന് ഇന്ദിരയ്ക്ക് വീണ്ടും ദേവറസ് കത്തയച്ചു. സുപ്രീംകോടതിയിൽ ഇന്ദിരയ്ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് വിധി വന്നതിൽ അഭിനന്ദിക്കാൻ. ഇന്ദിരയിലേക്ക് നേരിട്ടെത്താൻ അപ്പോഴും ആർഎസ്എസിന് കഴിഞ്ഞില്ല. വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രചാരകർക്ക് ഇന്ദിരയിലേക്ക് എത്താനുള്ള എളുപ്പവഴിയായി മകൻ സഞ്ജയ് ഗാന്ധി. സംഘപരിവാർ പ്രസിദ്ധീകരണങ്ങളായ തരുൺ ഭാരതും പാഞ്ചജന്യവും സഞ്ജയിയെ പുകഴ്ത്തി. അവിടെ തകർന്നത് കോൺഗ്രസിലെ നെഹ്റുവിയൻ പാരമ്പര്യമാണ്.

എൺപതിലെ തിരഞ്ഞെടുപ്പിൽ തിരിച്ചുവന്നത് അന്നോളം കണ്ട ഇന്ദിര ആയിരുന്നില്ല. ഗരീബി ഹഠാവേ പോലുള്ള പ്രചാരണ മുദ്രാവാക്യങ്ങൾ ഇന്ദിര ഉയർത്തിയില്ല. ഹിന്ദു വോട്ടുകളിലായിരുന്നു കണ്ണ്

അടിയന്തരാവസ്ഥയ്ക്കുശേഷം ഉത്തരേന്ത്യയിലെ മുസ്ലിം വിഭാഗത്തിന് ഇന്ദിരയോടുള്ള സമീപനം മാറി. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ നിർബന്ധിത വന്ധ്യംകരണം മുസ്ലിം വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നു. തിരഞ്ഞെടുപ്പിൽ മുസ്ലിംന്യൂനപക്ഷത്തിൻ്റെ പിന്തുണ ലഭിക്കില്ലെന്ന് ഇന്ദിര മനസ്സിലാക്കി. 77ലെ തെരഞ്ഞെടുപ്പിൽ നിലപാട് എടുക്കരുതെന്നാവശ്യപ്പെട്ട് ആർഎസ്എസിന് തലവന് ഇന്ദിരയെഴുതിയ കത്തിനുപിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു, ഹിന്ദുഭൂരിപക്ഷത്തിൻ്റെ വോട്ട്. എന്നാൽ ആർഎസ്എസിന്റെ മറുപടി ഇന്ദിരയ്ക്ക് പ്രതീക്ഷ നൽകിയില്ല. ജനതാപാർട്ടിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പ് നൽകിയെന്നും വരുംനാളുകളിൽ സംഭാഷണം തുടരാമെന്നുമായിരുന്നു ദേവറസിൻ്റെ മറുപടി. തിരഞ്ഞെടുപ്പിൽ ഇന്ദിര തോറ്റു. ആദ്യമായി കോൺഗ്രസിന് രാജ്യഭരണം നഷ്ടമായി. എൺപതിലെ തിരഞ്ഞെടുപ്പിൽ തിരിച്ചുവന്നത് അന്നോളം കണ്ട ഇന്ദിര ആയിരുന്നില്ല. ഗരീബി ഹഠാവേ പോലുള്ള പ്രചാരണ മുദ്രാവാക്യങ്ങൾ ഇന്ദിര ഉയർത്തിയില്ല. ഹിന്ദു വോട്ടുകളിലായിരുന്നു കണ്ണ്. ദളിത് നേതാവായ ജഗ് ജീവൻ റാം ജനതാപാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായതിൽ ആർഎസ്എസിനും നീരസമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ ജനതാപാർട്ടി തകർന്നടിഞ്ഞു. അന്നാരും തുറന്നുപറഞ്ഞില്ലെങ്കിലും ആർഎസ്എസ് പിന്തുണ ഇന്ദിരയ്ക്കായിരുന്നെന്ന് പിൻകാലത്ത് പലരും ഏറ്റുപറഞ്ഞു. 1958ലെ എഐസിസി സമ്മേളനത്തിൽ നെഹ്റു ഇങ്ങനെ പറഞ്ഞതായി ഭരണഘടനാ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ ജി നൂറാനി രേഖപ്പെടുത്തുന്നു: ''ഭൂരിപക്ഷ വർഗീയത, ന്യൂനപക്ഷ വർഗീയതയേക്കാൾ അപകടമാണ്.'' 1984 മെയ് 31ന്, കൊല്ലപ്പെടുന്നതിന് കൃത്യം അഞ്ച് മാസം മുമ്പ് ഇന്ദിരയുടെ പ്രസംഗം ഇതായിരുന്നു: ''ഭൂരിപക്ഷ സമുദായത്തിന് അവരുടെ അവകാശങ്ങൾ ലഭിക്കുന്നില്ലെങ്കിൽ, അവരോട് അനീതി കാട്ടുകയാണെങ്കിൽ അത് രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കും.''

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക വർഷമായിരുന്നു 1984, സുവർണക്ഷേത്രത്തിലെ സൈനികനടപടി. ആർഎസ്എസിൽ ഒരു വിഭാഗം ഇന്ദിരയെ പിന്തുണച്ചു. ബിജെപിയിൽ അദ്വാനിയുടെ പിന്തുണ ഇന്ദിരയ്ക്കായിരുന്നു. സെക്യുലർ പ്രതിച്ഛായയ്ക്കുവേണ്ടി മാത്രം വാജ്പേയ് എതിർപ്പ് ഉന്നയിച്ചെന്നാണ് വിലയിരുത്തൽ

ആര്യസമാജം സംഘടിപ്പിച്ച പരിപാടിയിലെ ഇന്ദിരയുടെ പ്രസംഗം 1983 ൽ ടെലഗ്രാഫ് പത്രം ഇങ്ങനെ റിപ്പോർട്ട് ചെയ്തു: ''ഞങ്ങളുടെ മതവും പാരമ്പര്യവും ആക്രമിക്കപ്പെടുന്നു..'' എട്ട് ദിവസത്തിനുശേഷം ഹരിയാനയിലെ കുരുക്ഷേത്രയിൽ ഇന്ദിര നടത്തിയ പ്രസംഗം, ജന്മദേശത്തോട് ന്യൂനപക്ഷങ്ങൾ ചെയ്യേണ്ട കടമകൾ ഓർമിപ്പിച്ചായിരുന്നു. സുവർണ ക്ഷേത്രത്തിലെ സൈനിക നടപടിക്ക് പിന്നാലെ യുപിയിലെ ഗർവാലിൽ ഇന്ദിര പറഞ്ഞത്, ഹിന്ദുധർമം നേരിടുന്ന ഭീഷണിയെക്കുറിച്ചായിരുന്നു. 1983ൽ മുസഫർ നഗറിൽ വിഎച്ച്പി നടത്തിയ പരിപാടിയിൽ കോൺഗ്രസ് നേതാക്കളായ ഗുൽസാരിലാൽ നന്ദയും ദൗ ദയാൽ ഖന്നയും പങ്കെടുത്തു. അയോധ്യയ്ക്കുപുറമെ മധുരയിലും വാരണസിയിലും പള്ളികൾ പൊളിച്ച് ക്ഷേത്രം പണിയണമെന്ന് ഖന്ന ആവശ്യപ്പെട്ടു. ഇന്ദിര മിണ്ടിയില്ല. ആ വർഷം തന്നെയാണ് ഹിന്ദുസംസ്കാരവും കോൺഗ്രസ് വികാരവും ഒന്നാണെന്ന് എഐസിസി ജനറൽ സെക്രട്ടറി സി എം സ്റ്റീഫൻ പ്രഖ്യാപിച്ചത്. ഇന്ദിര ഇടപെട്ടില്ല.

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായക വർഷമായിരുന്നു 1984, സുവർണക്ഷേത്രത്തിലെ സൈനികനടപടി. ആർഎസ്എസിൽ ഒരു വിഭാഗം ഇന്ദിരയെ പിന്തുണച്ചു. ബിജെപിയിൽ അദ്വാനിയുടെ പിന്തുണ ഇന്ദിരയ്ക്കായിരുന്നു. സെക്യുലർ പ്രതിച്ഛായയ്ക്കുവേണ്ടി മാത്രം വാജ്പേയ് എതിർപ്പ് ഉന്നയിച്ചെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 31ന് അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. പിന്നാലെ രാജ്യതലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട സിഖ് വിരുദ്ധ കലാപത്തിന്റെ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല. ഇന്ദിരയെ രക്തസാക്ഷിയെന്നാണ് ആർഎസ്എസ് സൈദ്ധാന്തികൻ നാനാജി ദേശ്മുഖ് വിശേഷിച്ചത്. സിഖ് വിഭാഗത്തെ കുറ്റപ്പെടുത്തിയുള്ള കുറിപ്പ് ശാഖകളിൽ വിതരണം ചെയ്തു. 84ലെ തിരഞ്ഞെടുപ്പിൽ ആർഎസ്എസ് പിന്തുണ കോൺഗ്രസിനായിരുന്നെന്ന് 1995 ൽ സർസംഘ്ചാലകായിരുന്ന രാജേന്ദ്രസിങ് വെളിപ്പെടുത്തി. ആർഎസ്എസ് നേതാക്കളുമായി രാജീവ് ബന്ധം തുടർന്നു. രാമക്ഷേത്രം തുറന്നുകൊടുത്ത രാജീവ് ആർഎസ്എസിന് ഹിന്ദു ഹൃദയ സാമ്രാട്ടായി മാറി... ഇന്ദിരയ്ക്കും രാജീവിനും ശേഷം ആർഎസ്എസ് പടർന്നു. ബാബറി മസ്ജിദ് തകർത്ത സംഭവം ഇന്ത്യൻ രാഷ്ട്രീയത്തിൻറെ ഗതി മാറ്റി. ഹിന്ദുത്വശക്തികൾ അധികാരത്തിലേറി. മുമ്പെങ്ങനെ ഇന്ദിരയുടെ സമ്പൂർണാധികാരം തകർക്കാൻ പ്രതിപക്ഷം ഒന്നിച്ചുവോ, ഇന്നത് പോലെ മോദിയെയും ബിജെപിയെയും താഴെയിറക്കാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം കൂടിച്ചേരുന്നു.

പത്തോവറും രണ്ട് പന്തും ബാക്കിനില്‍ക്കെ, പത്തു വിക്കറ്റ് ജയം; പത്തരമാറ്റോടെ സണ്‍റൈസേഴ്‌സ്‌

'മോദിജി താങ്കൾ ചെറുതായി പേടിച്ചിട്ടുണ്ടല്ലോ'; അദാനി- അംബാനി വിഷയത്തിൽ പ്രധാനമന്ത്രിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി

'ക്രിക്കറ്റ് ടീമില്‍ ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കും'; വീണ്ടും വിദ്വേഷ പരാമർശവുമായി മോദി

ബിലീവേഴ്‌സ് ചര്‍ച്ച് സ്ഥാപകൻ കെ പി യോഹന്നാൻ അന്തരിച്ചു

വംശീയ പരാമര്‍ശം തിരിച്ചടിയായി; കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് സാം പിട്രോഡ