PEOPLE

സേനയിൽ  തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടത്തിലെ മലയാളി മുഖം

എ പി നദീറ

വ്യോമ - നാവിക  സേനകളിലെ  വിരമിച്ച ഉദ്യോഗസ്ഥകൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാനുള്ള സുപ്രീം കോടതിയുടെ നിർണായക വിധി പൊരുതി നേടിയിരിക്കുകയാണ് ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥർ . അവർക്കിടയിലെ  മലയാളി മുഖമാണ് കാസര്‍ഗോഡുകാരിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരിയുമായ പ്രസന്ന ഇടയില്യം .
12 വർഷം നീണ്ട പോരാട്ടം ഇവരെ സംബന്ധിച്ചിടത്തോളം തുല്യതയ്ക്ക് വേണ്ടിയുള്ള സന്ധിയില്ലാ സമരമായിരുന്നു . 1992 ൽ നാവിക സേനയായിരുന്നു ആദ്യമായി പതിനാലു വർഷത്തെ ഹ്രസ്വ  സേവന വ്യവസ്ഥയിൽ  (ഷോർട്ട് സർവീസ് കമ്മീഷൻ ) വനിതകൾക്ക് നിയമനം നൽകിയത് . പിരിയുമ്പോൾ പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നതാണ് ഈ നിയമനത്തിന്റെ പ്രത്യേകത .

1994ൽ ഈ വ്യവസ്ഥ പ്രകാരം നാവികസേനയിൽ ജോലിയിൽ പ്രവേശിച്ചതായിരുന്നു പ്രസന്ന ഇടയില്യം . കമാൻഡർ പദവിയിൽ
ആദ്യം ഏഴ് വർഷത്തേക്കും പിന്നീട് 10 വർഷത്തേക്കും 14 വര്‍ഷത്തേക്കുമൊക്കെ സേവന കാലാവധി നീട്ടി നൽകി . 14 വർഷത്തിന് ശേഷം തുടർ സർവീസ് അനുവദിച്ചില്ല. ആനുകൂല്യങ്ങൾ ഒന്നും ലഭിക്കാതെ വെറും കയ്യോടെ ഇറങ്ങി പോരേണ്ടി വന്നു പ്രസന്ന അടക്കമുള്ള  ഒരുകൂട്ടം സ്ത്രീകൾക്ക് . അവരാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും  സംഘടിച്ച് തുല്യനീതിക്കായി കോടതി കയറിയിറങ്ങിയത് .
നാവിക സേനയിലേതിന് സമാനമായിരുന്നു വ്യോമസേനയിലും സ്ത്രീകളോടുമുള്ള  അനീതി. പുരുഷന്മാർ ഉന്നത പദവികളിൽ എത്തിച്ചേർന്നപ്പോൾ വനിതകൾ കരിയർ സ്വപ്‌നങ്ങൾ 14 വർഷത്തിൽ ഒതുക്കി .

പ്രസന്ന ഇടയില്യം

2010ൽ  ഡൽഹി ഹൈക്കോടതിയിൽ അന്യായം ഫയൽ ചെയ്തായിരുന്നു നിയമ പോരാട്ടത്തിന്റെ തുടക്കം.
പുരുഷന്മാരെ പോലെ തുടർ സേവനവും പെൻഷനും മറ്റു ആനുകൂല്യങ്ങളും ചോദിച്ചായിരുന്നു ഹർജിക്കാരുടെ വാദം . ഭരണഘടന രാജ്യത്തെ പൗരന് ഉറപ്പു നൽകുന്ന തുല്യനീതി നിഷേധിക്കപ്പെടുന്നതായി അവർ കോടതിയെ ബോധിപ്പിച്ചു . 2015ൽ ഡൽഹി ഹൈക്കോടതി വനിതാ ഉദ്യോഗസ്ഥർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു . എന്നാൽ വിധി ചോദ്യം ചെയ്ത് നാവിക സേന സുപ്രീംകോടതിയെ സമീപിച്ചതോടെ പ്രതീക്ഷയ്ക്കു മങ്ങലേറ്റു.

സൈനിക സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികൾക്ക് ഊർജം പകരുന്ന പോരാട്ടം

പ്രസന്നയും കൂട്ടരും തളർന്ന് പത്തി മടക്കിയില്ല . ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിലും വരും തലമുറയിലെ പെൺകുട്ടികൾക്കെങ്കിലും വിവേചനം അനുഭവിക്കേണ്ടി വരരുത് എന്ന നിശ്ചയദാർഢ്യത്തിൽ വീണ്ടും പോരാടി .  
വിജയം ഒടുവിൽ അവരെ തേടിയെത്തി.  നാവിക സേനയിലെ വിരമിച്ച വനിതാ ഉദ്യോഗസ്ഥർക്കെല്ലാം പെൻഷനും ആനുകൂല്യങ്ങളും നൽകാനുള്ള സുപ്രധാന വിധി 2020  മാർച്ചിൽ ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായി. 25 ലക്ഷം രൂപ നഷ്ടപരിഹാരവും മുഴുവൻ പെൻഷനും നൽകുക എന്നതായിരുന്നു വിധി .അതെ വർഷം ഡിസംബർ 31ന് മുഴുവൻ പെൻഷൻ തുകയും  നഷ്ടപരിഹാരവും പ്രസന്നയുടെയും മറ്റുള്ളവരുടെയും ബാങ്ക് അക്കൗണ്ടുകളിൽ എത്തി. അപ്പോഴും ഗ്രാറ്റുവിറ്റി തുക പലിശ സഹിതം തിരിച്ചു പിടിക്കാൻ നാവിക സേന നീക്കം നടത്തി .

25 ലക്ഷം രൂപ നഷ്ടപരിഹാരവും മുഴുവൻ പെൻഷനും നൽകുക എന്നതായിരുന്നു സുപ്രീംകോടതി വിധി

നാവിക സേനയിലേതിന് തുല്യമായിരുന്നു വ്യോമസേനയിലേ ഉദ്യോഗസ്ഥകളുടെയും പോരാട്ടം . വ്യോമസേനയിൽ നിന്ന് ഹ്രസ്വ കാല സേവനത്തിന് ശേഷം വിരമിച്ച 32 വനിതകൾക്കാണ് സുപ്രീംകോടതി നിർണായവിധിയിലൂടെ ആശ്വാസം പകർന്നത് .ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി സൈന്യത്തിൽ സേവനം ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പെൺകുട്ടികൾക്ക് ഊർജം പകരുന്നതാണ് . 14 വർഷത്തിന് ശേഷം കരിയർ അവസാനിപ്പിക്കേണ്ടി വരുമെന്ന ആശങ്കയിൽ സൈനിക സേവനം തിരഞ്ഞെടുക്കാത്ത നിരവധി വനിതകൾ ഉണ്ട് . പുതിയ ഉത്തരവ് നടപ്പിലാകുന്നതോടെ കൂടുതൽ വനിതകൾ പ്രതിരോധ വകുപ്പിൽ ജോലി ചെയ്യാനെത്തും. ഭാവിയിൽ ഒരു വനിതാ പ്രതിരോധ മേധാവി ഉണ്ടാകുന്നത് സ്വപനം കാണുകയാണ് പ്രസന്ന ഇടയില്യം .

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍