DEMOCRACY

വിവാദ ബില്‍: മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം; അഞ്ച് ദിവസത്തേക്ക് ഇന്റനെറ്റ് ബന്ധം വിച്ഛേദിച്ചു

വെബ് ഡെസ്ക്

ഗോത്ര മേഖലയുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തില്‍ മണിപ്പൂരില്‍ സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. കൂടിയാലോചനയ്ക്ക് ശേഷം തയ്യാറാക്കിയ ബില്‍ അവതരിപ്പിക്കാതെ പുതിയ ബില്ലുകള്‍ നിയമസഭയില്‍ അവതരിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ തുടരുന്ന പ്രതിഷേധം അക്രമ സംഭവങ്ങള്‍ക്ക് വഴിവെച്ചു. അഞ്ച് ദിവസത്തേക്ക് സംസ്ഥാന വ്യാപകമായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സാമൂഹിക വിരുദ്ധര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി.

2021 ലെ മണിപ്പൂര്‍ ഹില്‍ ഏരിയസ് ഓട്ടോണോമസ് ഡിസ്ട്രിക് കൗണ്‍സില്‍ ബില്‍ നിയസഭയില്‍ അവതരിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

സംസ്ഥാനത്തെ ഏറ്റവും പ്രബല വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ മണിപ്പൂരിന്റെ (എടിഎസ്എം) നേതൃത്വത്തില്‍ കുറച്ച് ദിവസങ്ങളായി പ്രതിഷേധം തുടരുകയായിരുന്നു. 2021 ലെ മണിപ്പൂര്‍ ഹില്‍ ഏരിയസ് ഓട്ടോണോമസ് ഡിസ്ട്രിക് കൗണ്‍സില്‍ ബില്‍ നിയസഭയില്‍ അവതരിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. സംസ്ഥാനത്തെ ഗോത്ര മേഖലയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ബില്‍. എന്നാല്‍ മണിപ്പൂര്‍ ഹില്‍ ഏരിയസ് ഓട്ടോണോമസ് ഡിസ്ട്രിക് കൗണ്‍സില്‍ 6,7 ഭേദഗതി ബില്ലുകളാണ് സര്‍ക്കാര്‍ സഭയില്‍ വെച്ചത്. പുതിയ ബില്ലുകള്‍ അംഗീകരിക്കാനാവില്ലെന്നാണ് സമരക്കാരുടെ പക്ഷം.

ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു കൊണ്ടുള്ള ഉത്തരവ്

ഗോത്ര മേഖലയിലുള്ള ആളുകളുമായും സംഘടനകളുമായും ചര്‍ച്ച നടത്തിയാണ് 2021 ലെ ബില്‍ തയ്യാറാക്കിയത്. ഇത് പരിഗണിക്കാതെ, ചര്‍ച്ച പോലും ചെയ്യാത്ത ബില്‍ സഭയില്‍ അവതരിപ്പിച്ചത് ബിജെപി സര്‍ക്കാരിന്റെ ഗോത്ര വിരുദ്ധ സമീപനമെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. നിരവധി പ്രതിഷേധങ്ങളും സമരങ്ങളും സര്‍ക്കാരിനെതിരെ നടന്നു.

അഞ്ച് വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് 15 ദിവസത്തേക്ക് ജയിലിലടച്ചു

ശനിയാഴ്ച തലസ്ഥാനമായ ഇംഫാലില്‍ നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേരെ ഉണ്ടായ പോലീസ് നടപടിയില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. അഞ്ച് വിദ്യാര്‍ഥി നേതാക്കളെ അറസ്റ്റ് ചെയ്ത് 15 ദിവസത്തേക്ക് ജയിലിലടച്ചു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയപാതകള്‍ തടഞ്ഞും വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയും പ്രതിഷേധം തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇന്റര്‍നെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത്.

പര്‍വത മേഖലയിലെയും താഴ്വരയിലേയും ജനങ്ങള്‍ക്കിടയില്‍ വലിയ അന്തരമാണ് മണിപ്പൂരില്‍ നിലനില്‍ക്കുന്നത്. നിലവിലെ ഓട്ടോണോമസ് ഡിസ്ട്രിക് കൗണ്‍സില്‍ നിയമത്തിന് ന്യൂനതകള്‍ ഉണ്ടെന്നും ഇതാണ് പര്‍വതമേഖലയിലെ ജനങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണമെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് പുതിയ ബില്ലിനായി ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍ ചര്‍ച്ചചെയ്യാത്ത ഗോത്ര വിരുദ്ധമായ ബില്ലാണ് ബിജെപി സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ