ELECTION 2023

ബജ്‌രംഗ്ദൾ ഇളകിയാൽ കോൺഗ്രസ് രാജ്യം വിടേണ്ടി വരുമെന്ന് ബൊമ്മെ; കോൺഗ്രസ് പ്രകടന പത്രികയ്ക്കെതിരെ പ്രതിഷേധം

ദ ഫോർത്ത് - ബെംഗളൂരു

സംഘപരിവാർ സംഘടനയായ ബജ്‌രംഗ്ദളിനെ കർണാടകയിൽ നിരോധിക്കുമെന്ന കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധം. ചൊവ്വാഴ്ച ബെംഗളൂരുവിൽ പ്രകാശനം ചെയ്ത പ്രകടന പത്രികയിലാണ് ബജ്‌രംഗ്ദൾ നിരോധനം വാഗ്‌ദാനം ചെയ്യുന്നത്. പ്രകടന പത്രിക പുറത്തിറത്തിറങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.

കർണാടക മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ കോൺഗ്രസിന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു. ബജ്‌രംഗ്ദൾ ഇളകിയാൽ കോൺഗ്രസ് രാജ്യം വിടേണ്ടി വരുമെന്നായിരുന്നു ബൊമ്മെയുടെ മുന്നറിയിപ്പ്. ഹിന്ദു മതവും സനാതന സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നവരാണ് ബജ്‌രംഗ്ദൾ. ദേശദ്രോഹികളും തീവ്രവാദം വളർത്തുന്നവരുമായ പോപ്പുലർ ഫ്രണ്ടിനോട് തുലനം ചെയ്താണ് ബജ്‌രംഗ്ദളിനെ നിരോധിക്കുമെന്നുള്ള കോൺഗ്രസ് പരാമർശം. ബജ്‌രംഗ്ദളിന്റെ ഹനുമാൻ സേന വിചാരിച്ചാൽ ഈ രാജ്യത്തുനിന്ന് തന്നെ കോൺഗ്രസ് തുടച്ച് നീക്കപ്പെടുമെന്നും കർണാടക മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

കർണാടകയിലെ വിജയപുര ജില്ലയിൽ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനത്തെ വിമർശിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്. "നേരത്തെ ശ്രീരാമനെ പൂട്ടിയവരാണ് കോൺഗ്രസുകാർ. അവരിപ്പോൾ ഹനുമാനെയും പൂട്ടുകയാണ്. ഹനുമാന്റെ മണ്ണിൽ കാലുകുത്തിയപ്പോൾ നിർഭാഗ്യവശാൽ കേൾക്കാനായത് ജയ് ബജ്രംഗ് ബലി എന്ന് വിളിക്കുന്നവരെ തടയാനുള്ള കോൺഗ്രസിന്റെ പ്രഖ്യാപനമാണ്. രാജ്യത്തിന്റെ പൈതൃകത്തിൽ കോൺഗ്രസ് അഭിമാനം കൊള്ളുന്നില്ല"- നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് ജയിച്ചാൽ പോപ്പുലർ ഫ്രണ്ടിന്റെ നിരോധനം നീക്കുമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

ദേശവിരുദ്ധരായ പോപ്പുലർ ഫ്രണ്ടിനെ ബജ്‌രംഗ്ദളുമായി താരതമ്യം ചെയ്തതിനെ വിമർശിച്ച് വിശ്വ ഹിന്ദു പരിഷത്തും രംഗത്തുവന്നു. ബജ്‌രംഗ്ദൾ നിരോധിക്കുമെന്ന പ്രഖ്യാപനം വിഎച്ച്പി വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും ജനാധിപത്യപരമായ മാർഗത്തിലൂടെ ഇതിനെതിരെ പൊരുതുമെന്നും നേതാക്കൾ അറിയിച്ചു. രാജ്യത്ത് ഇല്ലാതായി കൊണ്ടിരിക്കുന്ന പാർട്ടിയാണ് ബജ്‌രംഗ്‌ദൾ നിരോധനം പകൽ കിനാവ് കാണുന്നതെന്ന് വിഎച്ച്പി വക്താവ് വിനോദ് ബൻസാൽ പ്രതികരിച്ചു. 

ബജ്‌രംഗി ബലിയെ ബജ്‌രംഗ്ദളുമായി തുലനം ചെയ്ത് ലോകത്താകമാനമുള്ള ഹനുമാൻ ഭക്തരെ ബിജെപി അപമാനിച്ചിരിക്കുകയാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. ബജ്‌രംഗ്ദൾ പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുള്ള സംഘടനയാണെന്നും ഇതിന് ഹനുമാനുമായി ബന്ധമില്ലെന്നും കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി പവൻ ഖേര പറഞ്ഞു.

അതേസമയം പ്രകടന പത്രിക വിവാദമായതോടെ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ നൂറ് കണക്കിന് ബജ്‌രംഗ്ദൾ പ്രവർത്തകർ പ്രതിഷേധ പ്രകടനമായെത്തി. ഡൽഹിയിലെയും ബെംഗളൂരുവിലെയും കോൺഗ്രസ് ആസ്ഥാനത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തി. ബജ്‌രംഗ്ദൾ പ്രതിഷേധം കണക്കിലെടുത്ത് സോണിയ ഗാന്ധിയുടെ വസതിക്കും പോലീസ് കാവൽ ശക്തമാക്കി. 

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

വലകുലുക്കാന്‍ ഇനിയാര്? ഛേത്രി ബൂട്ടഴിക്കുമ്പോള്‍...

സംഘര്‍ഷം, അക്രമം: കഴിഞ്ഞ വര്‍ഷം ദക്ഷിണേഷ്യയിൽ കുടിയിറക്കപ്പെട്ടത് 69,000 പേർ; 97 ശതമാനവും മണിപ്പൂരികൾ

കെജ്‍രിവാളിന്റെ പ്രസംഗം 'വ്യവസ്ഥയുടെ മുഖത്തേറ്റ അടി'യെന്ന് ഇഡി; അഭിപ്രായം പറയാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ