ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ

കരിയറിൽ ഏറ്റവും നല്ല ഫോമിൽ നിൽക്കുമ്പോളാണ് സുനിൽ ഛേത്രി കളിക്കളത്തിൽനിന്ന് പിൻവാങ്ങുന്നത്. പ്രതിഭകളുടെ നീണ്ടനിര ഇന്ന് ഇന്ത്യൻ ഫുട്‌ബോൾ ടീമിലുണ്ട്

വർഷം 1984, ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയിട്ട് ഒരു വർഷം ആയതേയുള്ളൂ. ഇന്ത്യയുടെ തെരുവുകളിലും ഗ്രാമങ്ങളിലും ക്രിക്കറ്റ് ജ്വരം പടർന്നുപിടിച്ച സമയം. ആ സമയത്താണ് ഇന്നത്തെ തെലങ്കാനയിലെ സെക്കന്തരാബാദിൽ ആർമി ഉദ്യോഗസ്ഥനായ കെ ബി ചേത്രിക്കും സുശീലയ്ക്കും ഒരു മകൻ ജനിക്കുന്നത്. സുനിൽ എന്നായിരുന്നു അമ്മയും അച്ഛനും അവനിട്ട പേര്. ചുറ്റുപാടും ഉള്ള കുട്ടികളെല്ലാം ക്രിക്കറ്റിന് പ്രധാന്യം കൊടുത്തപ്പോൾ ആ പയ്യന് ഫുട്‌ബോളായിരുന്നു പ്രാണനായത്. അതിനാൽ സുനിലിനെ പലപ്പോഴും കൂട്ടുകാർ കളിയാക്കിയിരുന്നു. എന്നാൽ ഒരിക്കൽ പോലും തന്റെ ഇഷ്ടത്തിനു കുറവ് വരുത്താതെ മൈതാനത്ത് തുകൽ പന്തുമായി സുനിൽ ഫുട്‌ബോൾ കളിച്ചു. അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സുനിലിന്റെ അച്ഛൻ കെ ബി ചേത്രി ആർമി ടീമിലെ ഫുട്‌ബോൾ കളിക്കാരനായിരുന്നു. അമ്മയും അമ്മയുടെ സൗഹോദരിയുമാവട്ടെ നേപ്പാളിന്റെ ദേശീയ വനിതാ ടീമിലെ അംഗങ്ങളും. അതുകൊണ്ടുതന്നെ ഫുട്‌ബോൾ സുനിലിനു കുടുംബകാര്യം കൂടിയായിരുന്നു.

ഡാർജിലിങ്ങിലെ മൈതാനങ്ങളിൽ തുകൽ പന്ത് തട്ടി കളിച്ചിരുന്ന ആ പയ്യൻ വർഷങ്ങൾക്കുശേഷം ഇന്ത്യൻ ഫുട്‌ബോളിന്റെ തന്നെ മുഖമായി മാറി. രാജ്യത്തിന്റെ ക്യാപ്റ്റനായി. ക്രിസ്റ്റ്യാനോ റോണാൾഡോയും ലയണൽ മെസിയും കഴിഞ്ഞാൽ സ്വന്തം രാജ്യത്തിനായി എറ്റവും കൂടുതൽ ഗോളുകൾ നേടിയ കളിക്കാരനായി. രാജ്യത്തിന്റെ പരമോന്നത ബഹുമതികളായ അർജുന പുരസ്‌കാരവും പത്മശ്രീയും ഖേൽരത്‌നയും സ്വന്തമാക്കി. ഒടുവിൽ സുനിൽ ഛേത്രിയെന്ന ആ ഇതിഹാസ താരം കളിക്കളം വിടുകയാണ്.

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ
ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

ജൂൺ ആറിന് കുവൈറ്റിനെതിരായ ഫിഫ ലോക കപ്പ് യോഗ്യത മത്സരത്തിനുശേഷം ഇന്ത്യൻ ടീമിൽനിന്ന് വിരമിക്കുമെന്ന് സുനിൽ ഛേത്രി പ്രഖ്യാപിച്ചിരിക്കുന്നു. 2002 ൽ 18 -ാം വയസിൽ മോഹൻ ബഗാനിലൂടെയാണ് ഛേത്രി പ്രൊഫഷണൽ കരിയർ ആരംഭിക്കുന്നത്. അതിനും മുൻപ് 16 -ാം വയസിൽ 2001 ൽ ക്വാലാലംപൂരിൽ നടന്ന ഏഷ്യൻ സ്‌കൂൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിലേക്കു സുനിൽ ഛേത്രി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മോഹൻ ബഗാനിൽനിന്ന് ജെസിടിയിലേക്ക് പിന്നീട് ഛേത്രി കൂടുമാറി. ജെസിടിക്കുവേണ്ടി 48 കളികളിൽനിന്ന് 21 ഗോളുകളാണ് ഛേത്രി നേടിയത്. പിന്നീട് ഈസ്റ്റ് ബംഗാൾ, ഡെംപോ തുടങ്ങിയ ക്ലബ്ബുകൾക്കായും ഛേത്രി ബൂട്ടുകെട്ടി.

വർഷം 2005 ജൂൺ 12. സുനിൽ ഛേത്രിയെന്ന ഇരുപത്തിയൊന്നുകാരൻ ഇന്ത്യൻ ടീമിനായി അരങ്ങേറി. പാകിസ്താനെതിരെയുള്ള ആ സൗഹൃദമത്സരത്തിൽ ഛേത്രി തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ സ്വന്തമാക്കി. അപ്രതീക്ഷിതമായിരുന്നു ആ ഗോൾ. അരങ്ങേറ്റ മത്സരത്തിലെ ഛേത്രിയുടെ പ്രകടനം കണ്ട് ഇന്ത്യൻ ടീം തന്നെ പകച്ചുനിന്നുപോയിരുന്നു. അവിടെ നിന്നങ്ങോട്ട് സുനിൽ ഛേത്രിയെന്ന മിന്നുന്ന താരത്തിന്റെ ജൈത്രയാത്രയായിരുന്നു.

18 വർഷത്തിനുശേഷം അതേ പാകിസ്താനെതിരെ തന്റെ 90 -ാം ഗോൾ നേടി ഛേത്രി ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തു. കഴിഞ്ഞവർഷം ജൂണിൽ ബെംഗളുരുവിലായിരുന്നു ഈ ഗോൾ നേട്ടം.

2007 ലാണ് ഛേത്രിക്കു വിദേശ ക്ലബിലേക്കുള്ള ആദ്യ ക്ഷണം ലഭിക്കുന്നത്. അന്ന് ഇംഗ്ലണ്ടിലെ കവെൻട്രി സിറ്റിയുടെ ഒരു ട്രയലിൽ ഛേത്രി പങ്കെടുത്തു. ലണ്ടൻ ആസ്ഥാനമായുള്ള ക്ലബ് ക്വീൻസ് പാർക്ക് റേഞ്ചേഴ്‌സിനുവേണ്ടി അവസരം ലഭിച്ചെങ്കിലും യുകെ വർക്ക് പെർമിറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആ അവസരം പൂർണമാക്കാൻ കഴിഞ്ഞില്ല.

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ
ഇല്ല, ആരും കരുതിയില്ല ഛേത്രി ചരിത്രം സൃഷ്ടിക്കുമെന്ന്

2010 ൽ അമേരിക്കയുടെ മേജർ ലീഗ് സോക്കറിൽ കൻസാസ് സിറ്റി വിസാർഡ്‌സിനുവേണ്ടി സുനിൽ ഛേത്രി കരാർ ഒപ്പിട്ടു. ഇതോടെ വിദേശലീഗിൽ കളിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ കളിക്കാരനായി ഛേത്രി മാറി. എന്നാൽ ഒരു സീസണിനുശേഷം ഛേത്രി ഇന്ത്യയിലേക്ക് തിരികെയെത്തുകയും ചിരാഗ് യുണെറ്റഡിനുവേണ്ടി കരാർ ഒപ്പിടുകയും ചെയ്തു.

2007 ലായിരുന്നു രാജ്യത്തിനുവേണ്ടിയുള്ള ഛേത്രിയുടെ ആദ്യത്തെ അന്താരാഷ്ട്ര ടൂർണമെന്റ്. 2007 ലെ നെഹ്‌റുകപ്പിൽ ഛേത്രിയുടെ നാലു ഗോൾ ഇന്ത്യയെ പത്ത് വർഷത്തിനുശേഷം കിരീടം സ്വന്തമാക്കാൻ സഹായിച്ചു. 2008 എഎഫ്‌സി ചലഞ്ച് കപ്പിൽ ഫൈനലിലെ ഹാട്രിക് ഉൾപ്പെടെ നാല് ഗോൾ നേടി ഛേത്രി തിളങ്ങി.

2011 ലെ സാഫ് ഫുട്‌ബോളിൽ ഏഴ് ഗോളായിരുന്നു ഛേത്രി നേടിയത്. ടൂർണമെന്റിന്റെ മികച്ച കളിക്കാരനായി സുനിൽ ഛേത്രി മാറി. 2012 എഎഫ്‌സി ചലഞ്ച് കപ്പ് യോഗ്യതാ മത്സരങ്ങളിൽ ആദ്യമായി ദേശീയ ടീം ക്യാപ്റ്റനായി ഛേത്രി തിരഞ്ഞെടുക്കപ്പെട്ടു. അതേവർഷം തന്നെ ഇന്ത്യക്കായി വീണ്ടും നെഹ്റു കപ്പ് ട്രോഫി ഛേത്രിയും സംഘവും നേടി.

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ
''ഇന്ത്യന്‍ ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കാൻ എന്നെക്കാള്‍ മികച്ച താരങ്ങള്‍ വരണം''- സുനില്‍ ഛേത്രി

2012-ൽ സുനിൽ ഛേത്രിയെ സ്‌പോർട്ടിങ് ക്ലബ് ഡി പോർച്ചുഗൽ (സ്‌പോർട്ടിംഗ് സിപി) ടീമിലെടുത്തു. ക്ലബ്ബിന്റെ റിസർവ് ടീമിനായി അഞ്ച് മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. പിന്നീട് ഐ ലീഗിലേക്ക് തിരികെയെത്തിയ ഛേത്രി ബെംഗളൂരു എഫ്‌സിക്കായി കരാർ ഒപ്പുവെച്ചു. 2015 ൽ ഐഎസ്എല്ലിൽ മുംബൈ സിറ്റി എഫ്‌സിക്കായി ഛേത്രി ബൂട്ടുകെട്ടി. ടൂർണമെന്റിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യക്കാരനായി. 2016-ൽ മുംബൈ സിറ്റി എഫ്‌സിയെ ആദ്യമായി പ്ലേ ഓഫിലെത്താൻ സഹായിച്ചതും ഛേത്രിയുടെ മികവായിരുന്നു.

പിന്നീട് ബെംഗളൂരു എഫ്‌സിക്കായി ബൂട്ടണിഞ്ഞ ഛേത്രി രണ്ട് സീസണുകളിൽ ക്ലബിനെ ഫൈനലിലെത്തിക്കുകയും ഒരു സീസണിൽ കിരീടം നേടുകയും ചെയ്തു. 2018 ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഛേത്രി കെനിയയ്ക്കെതിരെ ഇന്ത്യൻ ടീമിനായി തന്റെ 100-ാം മത്സരം കളിച്ചു. കളിക്കു മുൻപായി ഛേത്രി തന്റെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവെച്ചു. അതിൽ കൈകൂപ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു. 'നിങ്ങൾ കളികളെ വിമർശിക്കൂ, കളിയാക്കൂ... പക്ഷേ ഈ ഗാലറികൾ ഒഴിച്ചിടരുത്. കളിക്കളത്തിലെത്തി ഞങ്ങളുടെ കളി കാണണം ലോകത്തിലെ ഏറ്റവും മികച്ച കായികയിനമാണിത്. നമ്മുടെ രാജ്യത്തിനുവേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത് എന്നതും ഓർക്കണം. ഒരുതവണ ഞങ്ങളുടെ കളി വന്ന് കണ്ടുനോക്കൂ, ഫുട്‌ബോൾ ഇഷ്ടപ്പെടാതെ നിങ്ങൾ മടങ്ങില്ല.''

യൂറോപ്യൻ ക്ലബ്ബുകളെ ആരാധിക്കുകയും പിന്തുണയ്ക്കുന്നവരും ഒരുപാടുണ്ട്. ഇന്ത്യൻ ഫുട്‌ബോളിന് അത്ര നിലവാരമില്ലെന്നു സമ്മതിക്കുന്നു. പക്ഷേ ഞങ്ങൾക്ക് ഉറപ്പുണ്ട്. ഞങ്ങളുടെ ഈ കളി വന്ന് കണ്ടതുകൊണ്ട് നിങ്ങൾക്കൊരിക്കലും നിരാശരാവേണ്ടി വരില്ല. അതു ഞാൻ ഉറപ്പുനൽകുകയാണെന്നും ഛേത്രിക്ക് പറയേണ്ടി വന്നു.

ഐതിഹാസിക കുതിപ്പിന് അവസാന വിസിൽ
ഒളിമ്പിക്‌സിന് മുമ്പ് നാഡ 'പൂട്ടി', പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമോ? ബജ്‌രംഗിന് മുമ്പില്‍ ഇനിയെന്ത്?

തന്റെ നൂറാമത്തെ കളിയിൽ ഇരട്ട ഗോളായിരുന്നു ഛേത്രി നേടിയത്. ഏഴു തവണ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ അദ്ദേഹം ഐഎസ്എല്ലിൽ, ടൂർണമെന്റിൽ 50 ഗോൾ നേടുന്ന ആദ്യ കളിക്കാരനായി. മൂന്ന് തവണ നെഹ്‌റു കപ്പും നാല് തവണ സാഫ് കപ്പും ഛേത്രി ഇന്ത്യക്കായി നേടി.

സെക്കന്തരാബാദിൽനിന്ന് തുടങ്ങിയ ഫുട്‌ബോൾ യാത്ര ഇന്ത്യൻ ടീമിന്റെ നെടുംതൂണാക്കി ഛേത്രിയെ മാറ്റി. 2024 ജൂൺ ആറിന് കൊൽക്കത്തിയിലെ സാൾട്ട് ലേക്കിലെ വിവേകാന്ദ യുഗഭാരതി സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിനുവേണ്ടിയുള്ള അവസാന കളിക്കായി ഛേത്രി ബൂട്ടണിയും.

കരിയറിൽ തന്റെ ഏറ്റവും നല്ല ഫോമിൽ നിൽക്കുമ്പോളാണ് സുനിൽ ഛേത്രി കളിക്കളത്തിൽനിന്ന് പിൻവാങ്ങുന്നത്. പ്രതിഭകളുടെ നീണ്ടനിര ഇന്ന് ഇന്ത്യൻ ഫുട്‌ബോൾ ടീമിലുണ്ട്. മുൻപ് ഐ എം വിജയനും വി പി സത്യനും ബൈച്ചൂങ് ബൂട്ടിയയുമെല്ലാം നയിച്ച ഇന്ത്യൻ ഫുട്‌ബോളിന്റെ നേതൃത്വം ഏറ്റെടുത്ത് മുന്നോട്ടുനയിച്ച സുനിൽ ഛേത്രി പടിയിറങ്ങുമ്പോൾ ഉയരുന്ന ഒരു ചോദ്യമുണ്ട്, ആരായിരിക്കും സുനിൽ ഛേത്രിക്കുശേഷം ഇന്ത്യൻ ഫുട്‌ബോളിനെ നയിക്കുക?

logo
The Fourth
www.thefourthnews.in