''ഇന്ത്യന്‍ ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കാൻ എന്നെക്കാള്‍ മികച്ച താരങ്ങള്‍ വരണം''- സുനില്‍ ഛേത്രി

''ഇന്ത്യന്‍ ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കാൻ എന്നെക്കാള്‍ മികച്ച താരങ്ങള്‍ വരണം''- സുനില്‍ ഛേത്രി

ഒരുകാലത്ത് വളരെയധികം പ്രാധാന്യമുണ്ടായിരുന്ന വലിയ ടൂര്‍ണമെന്റുകള്‍ തിരികെക്കൊണ്ടുവരുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി

ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തേയും ഗോള്‍ സ്‌കോറര്‍മാരുടെ പട്ടിക പരിശോധിച്ചു കഴിഞ്ഞാല്‍ ബഹുദൂരം മുന്നിലാണ് സുനില്‍ ഛേത്രിയുടെ സ്ഥാനം. ഛേത്രിക്ക് പകരക്കാരനാകാന്‍ കഴിയുന്ന തരത്തിലൊരു പേര് നിലവില്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ഉയര്‍ന്നു വന്നിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. എന്നാല്‍ തന്നെക്കാള്‍ മികച്ച താരങ്ങള്‍ രാജ്യത്ത് ഉയര്‍ന്നു വരുന്നുണ്ടെന്ന പ്രതീക്ഷയാണ് ഇന്ത്യന്‍ നായകന്‍ പങ്കുവയ്ക്കുന്നത്. ഏഷ്യയിലെ ആദ്യ 10 ടീമുകളിലൊന്നാവുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അതിനായി ഇനിയും മികച്ച കളിക്കാര്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും താരം പറഞ്ഞു. ഗോളുകള്‍ നേടുന്നതല്ല ടീമിന്റെ പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും സുനില്‍ ഛേത്രി പറയുന്നു.

''ഇന്ത്യന്‍ ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കാൻ എന്നെക്കാള്‍ മികച്ച താരങ്ങള്‍ വരണം''- സുനില്‍ ഛേത്രി
ഇല്ല, ആരും കരുതിയില്ല ഛേത്രി ചരിത്രം സൃഷ്ടിക്കുമെന്ന്

ക്ലബ്ബ് ഫുട്‌ബോള്‍ ഇന്ത്യയില്‍ വലിയ മാറ്റം കൊണ്ടുവന്നു എന്നാണ് ഛേത്രിയുടെ അഭിപ്രായം. ഇന്ത്യന്‍ ക്ലബ്ബ് ഫുട്‌ബോള്‍ സംസ്‌കാരത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ എത്തണമെങ്കില്‍ ഇനിയും പരിശ്രമം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഐഎസ്എല്ലിലും ഐ ലീഗിലുമൊക്കെ കുറഞ്ഞത് 20 ടീമെങ്കിലും ഉണ്ടായിരിക്കണം. നമുക്ക് ധാരാളം പ്രതിഭകളുണ്ട്, കൂടാതെ മുന്‍നിര ലീഗുകളില്‍ കളിക്കാന്‍ കഴിയുന്നത്ര വലിയ ജനസംഖ്യയുമുണ്ട്'' ഛേത്രി പറഞ്ഞു. ദേശീയ ഫുട്‌ബോളിനെ ഉയര്‍ത്താനായി പരമാവധി എല്ലാ സ്ഥലങ്ങളെയും ഫുട്‌ബോളിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരുകാലത്ത് വളരെയധികം പ്രാധാന്യമുണ്ടായിരുന്ന വലിയ ടൂര്‍ണമെന്റുകള്‍ തിരികെക്കൊണ്ടുവരുന്നതില്‍ വളരെ സന്തോഷമുണ്ടെന്ന് താരം പറഞ്ഞു. അവയിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദേശീയ ഫുട്‌ബോളിന്റെ പുരോഗതിയെ സഹായിക്കും. പക്ഷേ അത് ഉപയോഗപ്രദമാകുന്ന രീതിയില്‍ ക്രമീകരിക്കേണ്ടത് അധികൃതരുടെ കടമയാണ് അദ്ദേഹം അഭിപ്രായപ്പെട്ടു.

''സന്ദേശ് ജിങ്കനെയോ ഗുര്‍പ്രീത് സിങ് സന്ധുവിനെയോ പോലുള്ള ഒരു പ്രീമിയം കളിക്കാരന് ഐപിഎല്‍, നിരവധി ദേശീയ മത്സരങ്ങള്‍, സൂപ്പര്‍ കപ്പ്, ഡ്യൂറന്റ്, റോവേഴ്‌സ് കപ്പുകള്‍ തുടങ്ങി എല്ലാത്തിലും കളിക്കുന്നത് പ്രായോഗികമായേക്കില്ല. എന്നാല്‍ പഴയ ടൂര്‍ണമെന്റുകള്‍ വളര്‍ന്നു വരുന്ന കളിക്കാര്‍ക്ക് ഉപയോഗപ്രദമായിരിക്കും,'' അദ്ദേഹം പറഞ്ഞു. പഴയ ടൂര്‍ണമെന്റുകള്‍ മുന്നോട്ട് കൊണ്ടുവരുമ്പോള്‍ സീനിയര്‍ ടീമുകള്‍ക്ക് ഇറങ്ങാന്‍ കഴിഞ്ഞെന്ന് വരില്ലെന്നും എന്നാല്‍ റിസര്‍വ് കളിക്കാര്‍ക്കും അണ്ടര്‍-23 ടീമുകള്‍ക്കും കളിക്കാം, അതിനാല്‍ ആ ടൂര്‍ണമെന്റുകളെ തള്ളിക്കളയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭാവിയിലേക്കുള്ള അടിത്തറ പാകിയതായി ഞാന്‍ കരുതുന്നു, എന്നാല്‍ ഇതിലും ഉയരത്തിലേക്ക് പോകാന്‍ മികച്ച ടീം ആവശ്യമാണ്

ഇന്ത്യന്‍ ഫുട്‌ബോളിനെ മെച്ചപ്പെടുത്താന്‍ ഇനിയും ഒരുപാട് കഠിന പ്രയത്‌നം വേണമെന്ന് ഛേത്രി ആവര്‍ത്തിക്കുന്നു. ''ഏഷ്യയിലെ മികച്ച ടീമുകളിലൊന്നാകണമെങ്കില്‍ ഇനിയും കൂടുതല്‍ താരങ്ങള്‍ ഉയര്‍ന്നു വരണം അതിനായി ദേശീയ ടീം ഇനിയും മെച്ചപ്പെടണം. എനിക്കും ടീമിനും നേടാന്‍ കഴിയുന്നതനുസരിച്ച് ഞങ്ങള്‍ ഫിഫ റാങ്കിങ്ങില്‍ 100ാം സ്ഥാനത്തെത്തിച്ചു. ഏഷ്യയിലെ 17-നും 19 നുംഇടയിലാണ് ഇപ്പോള്‍ നമ്മള്‍. ഇനി നമുക്ക് ആദ്യ 10നുള്ളില്‍ എത്തണം അതായിരിക്കണം ലക്ഷ്യം. ഭാവിയിലേക്കുള്ള അടിത്തറ പാകിയതായി ഞാന്‍ കരുതുന്നു, എന്നാല്‍ ഇതിലും ഉയരത്തിലേക്ക് പോകാന്‍ മികച്ച ടീം ആവശ്യമാണ്, ഇന്ത്യന്‍ ഫുട്‌ബോളിന്റെ പരിണാമം ഇങ്ങനെയാണ് മുന്നോട്ട് പോകേണ്ടത്,'' -ഛേത്രി പറഞ്ഞു.

തന്റെ സമകാലീനരെയും മുന്‍ഗാമികളെയും കടത്തിവെട്ടിയാണ് പന്തിനു പിറകെയുള്ള ഛേത്രിയുടെ കുതിപ്പ്. ഗോള്‍ പോസ്റ്റിലേക്ക് തൊടുത്തുവിടുന്ന ഷോട്ടുകള്‍ വളരെ വിരളാമായി മാത്രമേ ലക്ഷ്യം തെറ്റാറുള്ളു. 142 മത്സരങ്ങളില്‍ നിന്ന് 92 ഗോളുകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. സജീവ ഫുട്‌ബോള്‍ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന മൂന്നാമത്തെ താരമാണ് ഛേത്രി. എന്നാല്‍ ഗോളുകളടിച്ചു കൂട്ടുക എന്നതല്ല ദേശീയ ടീമിന്റെ പുരോഗതിയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനായി തന്നെയും ഥാപ്പയെയും ജിങ്കനെയും പോലുള്ളവര്‍ പരമാവധി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് സ്റ്റാറുമായി നടത്തിയ അഭിമുഖത്തില്‍ തന്റെ വിജയവഴികളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍.

logo
The Fourth
www.thefourthnews.in