ELECTION 2023

ഫലം കാണാതെ ജാതിസെന്‍സസ്!; തമ്മിലടിയില്‍ തകര്‍ന്നത് കോണ്‍ഗ്രസിന്റെ ' ഇന്ത്യ' പ്രതീക്ഷകള്‍

വെബ് ഡെസ്ക്

2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിരോധിക്കാൻ ഇന്ത്യ മുന്നണി മുന്നോട്ട് വെച്ച സുപ്രധാന പ്രചാരണായുധമായിരുന്നു ജാതി സെൻസസ്. ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസ് വേണമെന്നും അതനുസരിച്ച് സംവരണം സാധ്യമാക്കണമെന്നും രാഹുൽ ഗാന്ധി ആവർത്തിച്ച് ആവശ്യപ്പെട്ടതും ഈ ലക്ഷ്യം മുന്നിൽ കണ്ടാണ്. പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭ തിരഞ്ഞെടുപ്പുകളിലും ഇതേ ആയുധം തന്നെയാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്. എന്നാൽ കോൺഗ്രസിലെ തമ്മിലടിയെ മറികടക്കാൻ ജാതി സെൻസസിനായില്ല എന്ന് വേണം കരുതാൻ.

നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ സൂചനകൾ പുറത്ത് വരുമ്പോൾ മൂന്ന് സംസ്ഥാനങ്ങളിലെ ഫലവും ബിജെപിക്കൊപ്പമാണ്. തെലങ്കാനയിൽ മാത്രമാണ് നിലവിൽ കോൺഗ്രസ് മുന്നേറ്റം കാണാവുന്നത്. തെലങ്കാനയിൽ ബി ആർ എസിനെ പിന്നിലാക്കിയാണ് കോൺഗ്രസ് വൻ മുന്നേറ്റം കൊയ്യുന്നത്.

മധ്യപ്രദേശിൽ കോൺഗ്രസ് ഭരണത്തിലെത്തിയാൽ ഉടൻ ജാതി സെൻസസ് നടത്തുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വാഗ്ദാനം. രാജ്യത്തെ ഒബിസിക്കാർക്കും ഗോത്രവർഗക്കാർക്കും അവരുടെ അവകാശങ്ങൾ കൃത്യമായി നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം നൽകിയിരുന്നു.

രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സർക്കാരിന്റെ പ്രവർത്തനം ജനങ്ങളെ കൃത്യമായി സ്വാധീനിക്കുമെന്നും തങ്ങൾക്ക് അനുകൂലമാകുമെന്നും ആയിരുന്നു കോൺഗ്രസിന്റെ കണക്ക് കൂട്ടൽ. സമീപ കാലത്ത് സംസ്ഥാനത്തെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾ കോൺഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഒടുവിൽ ഈ തർക്കങ്ങൾക്ക് പരിഹാരം കണ്ടത്.

ഇരു നേതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ തുടക്കത്തിൽ കോൺഗ്രസ് ക്യാമ്പിൽ സംശയം ജനിപ്പിച്ചിരുന്നെങ്കിലും പിന്നീട് സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ വെച്ച് ഇതിനെ മറികടക്കാം എന്ന ആത്മവിശ്വാസം കൈവന്നു. ഛത്തിസ്ഗഢിൽ നേരത്തെ ബിജെപിക്കെതിരെ നിലനിന്നിരുന്ന ഭരണ വിരുദ്ധ വികാരം മുതലെടുത്താണ് കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നത്. ഇത്തവണ കർഷക ക്ഷേമ പദ്ധതികളെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി വിജയം ലക്ഷ്യം വെക്കുകയായിരുന്നു കോൺഗ്രസ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

ചക്രവാതച്ചുഴി, ന്യൂനമര്‍ദപാത്തി; കേരളത്തില്‍ അഞ്ച് ദിവസം മഴ കനക്കും

നിയമ വിദ്യാർഥിനിയെ കൊന്ന കേസ്: അമീറുല്‍ ഇസ്ലാമിന് തൂക്കുകയര്‍ തന്നെ, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

'എപ്പോഴും ഓര്‍ക്കും, മഞ്ഞപ്പടയ്ക്ക് നന്ദി'; ദിമിത്രിയോസ് ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു

കോവാക്‌സിന് പാര്‍ശ്വഫലം: ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ട് തള്ളി ഐസിഎംആര്‍, പിന്‍വലിക്കണമെന്ന് ആവശ്യം