'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി', ദേശീയ മോഹങ്ങൾ ബാക്കിയാക്കി കെ സി ആറിന്റെ വന്‍വീഴ്ച

'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി', ദേശീയ മോഹങ്ങൾ ബാക്കിയാക്കി കെ സി ആറിന്റെ വന്‍വീഴ്ച

ഹെലികോപ്റ്ററിലും കാരവാനിലും പറന്നുവന്നുള്ള കെസിആറിന്റെ പ്രചാരണം കോണ്‍ഗ്രസ് പൊളിച്ചത് 'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി' എന്ന ആയുധം കൊണ്ടായിരുന്നു

തെലങ്കാന പ്രക്ഷോഭത്തിലൂടെ വളര്‍ന്നുവന്ന്, തെലങ്കാന പ്രക്ഷോഭത്തിലൂടെ തന്നെ അവസാനിക്കുകയാണ് കെ ചന്ദ്രശേഖര്‍ റാവു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച കെസിആര്‍ കമ്മറെഡ്ഡിയില്‍ രേവന്ത് റെഡ്ഡിയോട് ഏറെ പിന്നിലാണ്. ഗജ്‌വേലില്‍ കെസിആര്‍ മുന്നിലാണെങ്കിലും ബിആര്‍എസ് ഏകദേശം അടിയറവ് പറഞ്ഞു കഴിഞ്ഞു.

തെലങ്കാന വികാരം ആളിക്കത്തിച്ചാണ് കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് അധികാരത്തിലെത്തിയത്. എന്നാല്‍, ഇത്തവണ, 'തെലുങ്ക് ഗൗരവം' കെസിറിനെ കൈവിട്ടു. പ്രത്യേക സംസ്ഥാനം രൂപീകരിച്ചിട്ടും വികസനമില്ലായ്മയും തൊഴിലില്ലായ്മയും മാറിയില്ലെന്ന കോണ്‍ഗ്രസ് പ്രചാരണത്തിന് മുന്നില്‍ കെസിആര്‍ വീണു. സര്‍ക്കാരിന്റെ അവസാന കാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണവും കുടുംബവാഴ്ചയ്ക്ക് എതിരെയുള്ള ജനവികാരവും കെസിആറിനെ തളര്‍ത്തി.

'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി', ദേശീയ മോഹങ്ങൾ ബാക്കിയാക്കി കെ സി ആറിന്റെ വന്‍വീഴ്ച
'വീര തെലങ്കാനയില്‍' കമ്മ്യൂണിസ്റ്റുകളുടെ സ്ഥിതിയെന്ത്?; പിണറായി പോയി പ്രസംഗിച്ചിട്ടും പാലം വലിച്ച കെസിആര്‍

യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് രാഷ്ട്രീയ യാത്ര ആരംഭിച്ച കെസിആര്‍, ടിഡിപിയിലൂടെയാണ് വളര്‍ന്നത്. 2001ല്‍ ആന്ധ്രാപ്രദേശ് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ആയിരിക്കവെയാണ് തെലങ്കാന പ്രക്ഷോഭത്തിന്റെ മുന്നണിയിലേക്ക് റാവു എത്തുന്നത്. ടിആര്‍എസിന്റെ രൂപീകരണം തന്നെ തെലങ്കാന രൂപീകരണത്തിന് വേണ്ടിയായിരുന്നു. വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ജീവനക്കാരുടെ യൂണിയനുകളും സംഘടനകളും പ്രസ്ഥാനത്തില്‍ ചേര്‍ന്നു.

2009ല്‍ നവംബറില്‍ തെലങ്കാന ബില്‍ അവതരിപ്പിക്കണം എന്നാവശ്യപ്പെട്ട് കെസിആര്‍ പാര്‍ലമെന്റില്‍ നിരാഹാര സമരം ആരംഭിച്ചു. സമരം 11 ദിവസം പിന്നിട്ടപ്പോള്‍ പുതിയ സംസ്ഥാനം രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായി. ഇതോടെ, തെലങ്കാന സമരനായകന്‍ എന്ന നിലയിലേക്ക് കെസിആറിന്റെ ഇമേജ് മാറി.

തെലങ്കാന സംസ്ഥാനം രൂപീകരിച്ച ശേഷം 2014ല്‍ ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് 69 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 2018ല്‍ 88 സീറ്റും 47.4 ശതമാനം വോട്ടും നേടി ടിആര്‍ എസ് തെലങ്കാനയുടെ മണ്ണില്‍ ആഴത്തില്‍ വേരാഴ്ത്തി. കോണ്‍ഗ്രസ് അപ്രസക്തമായി.

'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി', ദേശീയ മോഹങ്ങൾ ബാക്കിയാക്കി കെ സി ആറിന്റെ വന്‍വീഴ്ച
LIVE- മധ്യപ്രദേശില്‍ ബിജെപിയുടെ വന്‍ കുതിപ്പ്, രാജസ്ഥാനിലും ലീഡ് ഉറപ്പിച്ചു, തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസ്

2019ല്‍ വിശാല രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ടിആര്‍എസിനെ ബിആര്‍എസ് ആക്കിയ റാവു ദേശീയ തലത്തിൽ മുന്നണി രൂപികരിക്കാനും ശ്രമിച്ചു. ഇന്ത്യ മുന്നണിയിൽനിന്ന് വിട്ടു നിന്ന് രാഷ്ട്രീയ വിലപേശലിൻ്റെ സാധ്യതകൾ തുറന്നിട്ടു. എന്നാൽ കോൺഗ്രസിൻ്റെ ശക്തമായ തിരിച്ചുവരവും, തുടരൻ അഴിമതി ആരോപണങ്ങളും, കുടുംബാധിപത്യവും ജനങ്ങളെ കെ സി ആറിൽനിന്നകറ്റി.

കാര്യങ്ങൾ സുഗമമല്ലെന്ന് കെസിആർ മനസ്സിലാക്കിയിരുന്നുവെന്ന് വേണം കരുതാൻ. തെലങ്കാന വികാരം കൊണ്ട് രാഷട്രീയ പ്രതിസന്ധികളെ മറികടക്കാനായിരുന്നു ശ്രമം, ഈ വര്‍ഷം ജൂണില്‍ 179 കോടി രൂപയുടെ തെലങ്കാന രക്തസാക്ഷി സ്മാരകം സ്ഥാപിച്ചിരുന്നു. കൂടാതെ, സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നും അന്ന് ജീവന്‍ നഷ്ടമായവരുടെ അടുത്ത ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, അവസാനവട്ട മിനുക്കുപണികളൊന്നും കെസിആറിനെ രക്ഷിച്ചില്ല.

മണ്ഡലങ്ങളിലിറങ്ങി പ്രചാരണത്തിന് പോകുന്ന ശീലമില്ലായിരുന്നു കെസിആറിന്. തോല്‍വി മണത്തതിന് പിന്നാലെ, എല്ലാ മണ്ഡലങ്ങളിലും നേരിട്ടെത്തി പ്രചാരണം നടത്താന്‍ കെസിആര്‍ ശ്രമിച്ചു. എന്നാല്‍, ഹെലികോപ്റ്ററിലും കാരവാനിലും പറന്നുവന്നുള്ള കെസിആറിന്റെ പ്രചാരണം കോണ്‍ഗ്രസ് പൊളിച്ചത് 'മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രി' എന്ന ആയുധം കൊണ്ടായിരുന്നു.

പ്രധാനമന്ത്രി സ്വപ്‌നവുമായി പാര്‍ട്ടിയുടെ പേരുമാറ്റി ഡല്‍ഹി യാത്രകള്‍ പതിവാക്കിയ കെസിആര്‍ പക്ഷേ, സ്വന്തം കാലിനടയിലെ മണ്ണ് ഒലിച്ചുപോകുന്നത് കണ്ടില്ല.

സ്ത്രീകളേയും കര്‍ഷകരേയും കയ്യിലെടുക്കാനായി പ്രഖ്യാപിച്ച പ്രകടനപത്രികയും വികസന മുരടിപ്പ് എണ്ണിയെണ്ണി പറഞ്ഞുള്ള പ്രചാരണവും ജാതി സമവാക്യങ്ങള്‍ നോക്കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയതും കോണ്‍ഗ്രസിനെ സഹായിച്ചു. ഹൈദരബാദ് മാത്രം കേന്ദ്രീകരിച്ചാണ് വികസനം നടത്തുന്നെന്നും ഗ്രാമങ്ങളിലെ സ്ഥിതി പരിതാപമാണെന്നുമുള്ള രേവന്ത് റെഡ്ഡിയുടെ പ്രചാരണം മറികടക്കാന്‍ കെസിആറിനായില്ല. ഗ്രാമ മേഖലകളിലെ ശക്തമായ ബിആര്‍എസ് കോട്ടകള്‍ എല്ലാം തകര്‍ന്നു. പ്രധാനമന്ത്രി സ്വപ്‌നവുമായി പാര്‍ട്ടിയുടെ പേരുമാറ്റി ഡല്‍ഹി യാത്രകള്‍ പതിവാക്കിയ കെസിആര്‍ പക്ഷേ, സ്വന്തം കാലിനടയിലെ മണ്ണ് ഒലിച്ചുപോകുന്നത് കണ്ടില്ല. ഫലത്തില്‍ തെലങ്കാന വീരനായകനെ സ്വന്തം ജനത കൈവിട്ടു.

logo
The Fourth
www.thefourthnews.in