Science

ഗഗൻയാൻ: രണ്ട് ഹോട് ടെസ്റ്റുകൾ കൂടി പൂർത്തിയാക്കി ഐഎസ്ആർഒ

വെബ് ഡെസ്ക്

മനുഷ്യനെ ബഹിരാകാശാത്തെത്തിക്കാനുള്ള ഇന്ത്യയുടെ പ്രഥമ ദൗത്യമായ ഗഗന്‍യാന്റെ നിര്‍ണായകമായ രണ്ട് ഹോട് ടെസ്റ്റുകള്‍ കൂടി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. മഹേന്ദ്രഗിരിയിലെ ഐഎസ്ആര്‍ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സില്‍ ബുധാനാഴ്ചയായിരുന്നു പരീക്ഷണങ്ങള്‍.

ബെംഗളൂരുവിലും തിരുവനന്തപുരം വലിയമലയിലും സ്ഥിതി ചെയ്യുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററുകളാണ് ഗഗന്‍യാന്റെ സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം (എസ്എംപിഎസ്) രൂപകല്‍പ്പന ചെയ്തതും നിര്‍മിച്ചതും. സര്‍വീസ് മൊഡ്യൂളിന്റെ സിസ്റ്റം ഡെമോണ്‍സ്‌ട്രേറ്റ് മോഡലിന്റെ രണ്ടാം ഘട്ടത്തില്‍ പരീക്ഷണങ്ങളുടെ ഒരു പരമ്പര തന്നെ പൂര്‍ത്തിയാക്കാനുണ്ട്. ഇതിന്റെ ഭാഗമാണ് ഈ ഹോട് ടെസ്റ്റുകള്‍. ഒരു സംവിധാനത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും കൃത്യമായി നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍, യഥാര്‍ഥ പ്രവര്‍ത്തന സാഹചര്യത്തില്‍ നടത്തുന്ന പരീക്ഷണങ്ങളാണ് ഹോട് ടെസ്റ്റുകള്‍ എന്ന് അറിയപ്പെടുന്നത്. ജൂലൈ 19 നാണ് ഗഗന്‍യാന്‌റെ രണ്ടാം ഘട്ടത്തിലെ ആദ്യ ഹോട് ടെസ്റ്റ് ഐഎസ്ആര്‍ഒ നടത്തിയത്. ബുധനാഴ്ച രണ്ടും മൂന്നും ഹോട് ടെസ്‌ററുകള്‍ പൂര്‍ത്തിയാക്കി.

ബുധനാഴ്ച നടത്തിയ ആദ്യ ഹോട് ടെസ്റ്റ് 723.6 സെക്കന്‍ഡ് നീണ്ടുനിന്നു. ഓര്‍ബിറ്റല്‍ മൊഡ്യൂള്‍ ഇന്‍ജക്ഷന്‍ (മൊഡ്യൂളിനെ ഒര്‍ബിറ്റലില്‍ നിക്ഷേപിക്കുന്ന പ്രവര്‍ത്തനം) 100N ശേഷിയുള്ള ത്രസ്റ്ററുകളുടെയും ലിക്വിഡ് അപോജി മോട്ടോര്‍ എന്‍ജിന്റെയും (ലാം എന്‍ജിന്‍) കാര്യക്ഷമത പരിശോധിക്കുകയുമായിരുന്നു ഇതിലൂടെ ചെയ്തത്. പ്രവര്‍ത്തനക്ഷമമല്ലാത്തതോ കാര്യക്ഷമത കുറഞ്ഞതോ ആയ എൻജിനുകള്‍ കണ്ടെത്താനും പ്രശ്‌നം പരിഹരിക്കാനും ഈ പരിശോധന നിര്‍ണായകമാണ്. പരിശോധനയില്‍ ത്രസ്റ്ററുകളും എൻജിനും കൃത്യമായി പ്രവര്‍ത്തിച്ചെന്ന് ഐഎസ്ആര്‍ഒ ഉദ്യോസ്ഥര്‍ സ്ഥിരീകരിച്ചു.

രണ്ടാമത്തെ ഹോട് ടെസ്റ്റ് 350 സെക്കന്‍ഡാണ് നീണ്ടത്. ഓര്‍ബിറ്റല്‍ മൊഡ്യൂളിനെ, നിശ്ചയിച്ച കൃത്യമായ ഭ്രമണപഥത്തിലെത്തിക്കുന്നതിന് ആവശ്യമായ സൂക്ഷ്മപ്രവര്‍ത്തനമായിരുന്നു ഇത്. ഈ പ്രവര്‍ത്തനത്തിനിടെ ലാം എന്‍ജിന്‍ തുടര്‍ച്ചയായും(continuous mode) ത്രസ്റ്ററുകള്‍ ഇടവേളകളിലുമാണ് (pulse mode) പ്രവര്‍ത്തിപ്പിച്ചത്.

ബെംഗളൂരുവിലും തിരുവനന്തപുരം വലിയമലയിലും സ്ഥിതി ചെയ്യുന്ന ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററുകളാണ് ഗഗന്‍യാന്റെ സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം (എസ്എംപിഎസ്) രൂപകല്‍പ്പന ചെയ്തതും നിര്‍മിച്ചതും

മൂന്ന് ഹോട് ടെസ്റ്റുകള്‍ കൂടി വരുംദിവസങ്ങളില്‍ നടത്തുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. മൊഡ്യൂൡന്‌റെ ഡീ ബൂസ്റ്റിങ് പ്രവര്‍ത്തനം, ഓഫ്- നോമിനല്‍ സാഹചര്യത്തിലെ പ്രവര്‍ത്തനം (മുന്‍ നിശ്ചയിച്ച പ്രകാരമുള്ള മാനദണ്ഡങ്ങള്‍ നേടാനാകാത്ത സാഹചര്യം) എന്നിവയുടെ ഹോട് ടെസ്റ്റുകളാണ് ഇനി നടക്കേണ്ടത്.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗയാന്‍ ദൗത്യം 2024 അവസാനമോ 2025 ആദ്യമോ നടപ്പാക്കാനാണ് ആലോചന. മൂന്ന് യാത്രികരെയും വഹിച്ചുള്ള പേടകത്തെ ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ മൂന്ന് ദിവസത്തേക്ക് എത്തിക്കാനാണ് ആലോചന. തുടര്‍ന്ന് സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചിറക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പേടകം ഇറക്കി യാത്രികരെ കരയ്ക്കെത്തിക്കും. സഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ഐഎസ്ആര്‍ഒയുടെ പ്രഥമ പരിഗണന. ഇത് ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിജയം ഉറപ്പിക്കുന്നതിനും വിവിധ പരീക്ഷണങ്ങളും പരിശോധനകളും ഐഎസ്ആര്‍ഒ തുടരുകയാണ്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ