Science

സൂര്യപ്രകാശത്തെ തിരിച്ചയച്ചു; ചൂട് കുറയ്ക്കാന്‍ രഹസ്യ പരീക്ഷണവുമായി അമേരിക്കൻ ശാസ്ത്രജ്ഞര്‍

വെബ് ഡെസ്ക്

സൂര്യപ്രകാശത്തെ തിരിച്ചയച്ച് ഭൂമിയിലെ ചൂട് കുറയ്ക്കാനുള്ള രഹസ്യപരീക്ഷണം നടത്തി അമേരിക്കയിലെ ശാസ്ത്രജ്ഞര്‍. മേഘങ്ങളെ തെളിച്ചമുള്ളതാക്കുന്ന സാങ്കേതിക വിദ്യയായ ക്ലൗഡ് ബ്രൈറ്റനിങ് ഉപയോഗിച്ചാണ് ഭൂമിയെ താൽക്കാലികമായി തണുപ്പിക്കാനുള്ള പരീക്ഷണം നടത്തിയത്.

സൂര്യപ്രകാശത്തിന്റെ ചെറിയ ഭാഗം പ്രതിഫലിപ്പിച്ച് തിരിച്ചയക്കാനും അതുവഴി താപനില കുറയ്ക്കാനും പരീക്ഷണത്തിൽ സാധിച്ചു. സമുദ്രതാപനില കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആകാശത്തിനും സമുദ്രത്തിനും ഇടയില്‍ ക്ലൗഡ് ബ്രൈറ്റനിങ് ഉപകരണങ്ങള്‍ സ്ഥാപിക്കാനുള്ള ആലോചനയിലാണ് ശാസ്ത്രജ്ഞര്‍.

കോസ്റ്റൽ അറ്റ്‌മോസ്ഫെറിക് എയറോസോൾ റിസർച്ച് ആൻഡ് എൻഗേജ്‌മെന്റ് (സി എ എ ആർ ഇ) എന്ന രഹസ്യ പദ്ധതിക്ക് കീഴിലായിരുന്നു ഭൂമിയിലെ ചൂട് കുറയ്ക്കാനുള്ള പരീക്ഷണം. വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകർ ഏപ്രില്‍ രണ്ടിന് സാന്‍സ്ഫ്രാന്‍സിസ്‌കോയിലാണ് പരീക്ഷണം നടത്തിയത്.

ഡികമ്മിഷന്‍ ചെയ്ത വിമാനവാഹിനി കപ്പലിന് മുകളിൽ സ്ഥാപിച്ച സ്‌നോ മെഷീന്‍ ഡിവൈസില്‍നിന്ന് ഉപ്പ് കണങ്ങളടങ്ങിയ മൂടൽമഞ്ഞ് ആകാശത്തേക്ക് അതിവേഗത്തിൽ വിക്ഷേപിച്ചു.

മേഘങ്ങളെ കണ്ണാടിയായി ഉപയോഗിച്ച് ഭൂമിയിലേക്ക് വരുന്ന സൂര്യപ്രകാശത്തെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് 1990-ല്‍ ബ്രിട്ടീഷ് ഭൗതികശാസ്ത്ജ്ഞനായ ജോണ്‍ ലാഥം മുന്നോട്ടുവച്ച ആശയം പിന്‍പറ്റിയായിരുന്നു പരീക്ഷണം.

ആയിരം കപ്പലുകള്‍ ഉപയോഗിച്ച് സമുദ്രജലത്തുള്ളികള്‍ വായുവിലേക്ക് തളിച്ച് മേഘക്കണ്ണാടികള്‍ രൂപീകരിച്ച് സൗരരശ്മികളെ തിരിച്ചയക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം. ചെറിയ ജലത്തുള്ളികളുടെ വലിയ കൂട്ടം, വലിയ തുള്ളികളുടെ ചെറിയ കൂട്ടത്തേക്കാള്‍ കൂടുതല്‍ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

എന്നാല്‍ കണങ്ങളുടെ വലിപ്പവും അളവും ശരിയാക്കുന്നത് വളരെ നിര്‍ണായകമാണ്. കണികകള്‍ വളരെ ചെറുതാണെങ്കില്‍, അവ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കില്ല, വളരെ വലുതായ ഒരു കണിക മേഘങ്ങളെക്കൂടി പ്രതിഫലിപ്പിക്കും.

വര്‍ധിക്കുന്ന ആഗോളതാപനത്തിന് കാരണമാകുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാൻ ലോകരാജ്യങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ പരീക്ഷണവുമായി ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നത്.

സോളാര്‍ മോഡിഫിക്കേഷന്‍ രീതിയുടെ ഫലങ്ങള്‍ പ്രവചിക്കാന്‍ പ്രയാസമാണെന്ന് പല ശാസ്ത്രജ്ഞരും കരുതുന്നു. സാങ്കേതികവിദ്യയുടെ അമിതമായ ഉപയോഗം, കാലക്രമേണ കാലാവസ്ഥാ രീതികള്‍ മാറ്റുമെന്ന് ഇവര്‍ പറയുന്നു. ഉദാഹരണത്തിന്, സമുദ്രത്തിലെ താപനില മാറുന്നത് സമുദ്ര ജീവശാസ്ത്രത്തെ മാറ്റിമറിക്കുകയും ഒരു പ്രദേശത്ത് മഴ കൂടാനും മറ്റൊരു പ്രദേശത്ത് മഴ കുറയാനും കാരണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ