SPORT

'താരങ്ങളാക്കാൻ മാത്രമല്ല, അവരുടെ ജീവിതവും മികച്ചതാക്കാനാണ്'; ആദിവാസി മേഖലകളിലേക്ക് 'പാൻ ഇന്ത്യന്‍' ദൗത്യവുമായി വിനീത്

വെബ് ഡെസ്ക്

2022 നവംബറിലായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ താരം സി കെ വിനീതിന്റെ നേതൃത്വത്തില്‍ 'എഫ് 13 അക്കാദമി' ആരംഭിച്ചത്. ആദ്യ ദൗത്യം പാലക്കാട് അട്ടപ്പാടിയിലും വയനാട് തിരുനെല്ലിയിലും. ആദിവാസി മേഖലയിലെ ഫുട്ബോള്‍ മികവ് കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. ആദ്യ ശ്രമത്തിന്റെ ഫുള്‍ ടൈമില്‍ വിനിതീനും സംഘത്തിനുമൊപ്പമായിരുന്നു വിജയം.

ഇപ്പോഴിതാ രണ്ടാം ശ്രമത്തിനുള്ള ഒരുക്കത്തിലാണ് വിനീത്. ഇത്തവണ കാര്യങ്ങള്‍ 'പാന്‍ ഇന്ത്യന്‍' ലെവലിലാണ്. ഒപ്പം സഹതാരങ്ങളായിരുന്ന റിനൊ ആന്റോയും മുഹമ്മദ് റാഫിയും അനസ് എടത്തൊടിക്കയും എന്‍ പി പ്രദീപുമൊക്കെയുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആദിവാസി മേഖലകളിലേക്കെത്തി ഫുട്ബോളർമാരെ കണ്ടെത്തുക എന്ന ശ്രമകരമായ ദൗത്യമാണ് സംഘം ഏറ്റെടുത്തിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് സോക്കർ സഫാരി എന്ന് പേരിട്ടിരിക്കുന്ന യാത്ര ആരംഭിക്കും. നടന്‍ മമ്മൂട്ടിയായിരിക്കും യാത്രയുടെ 'കിക്കോഫ്' നിർവഹിക്കുക.

ആദിവാസി മേഖലകളില്‍ നിന്ന് ഫുട്ബോള്‍ താരങ്ങളെ മൈതാനങ്ങള്‍ക്ക് സമ്മാനിക്കുക മാത്രമല്ല വിനീതിന്റെ ലക്ഷ്യം. ഒപ്പം അവരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകകൂടിയാണ്.

''താരങ്ങള്‍ അവരുടെ കരിയർ അവസാനിക്കാറാകുമ്പോള്‍ ഫുട്ബോളിന് എന്ത് തിരിച്ചുകൊടുക്കാമെന്നാണ് ആലോചിക്കുക. അത്തരം ചിന്തകളില്‍ നിന്നാണ് അക്കാദമി എന്ന ആശയത്തിലേക്ക് പലരും എത്തുന്നത്. പക്ഷേ, ആദിവാസി മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. കുട്ടികളെ ഫുട്ബോള്‍ താരങ്ങളാക്കുക എന്നത് മാത്രമായിരുന്നു ആലോചിച്ചിരുന്നത്. പക്ഷേ, ഇതിലൂടെ ആദിവാസി മേഖലകളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതായി കാണാന്‍ കഴിഞ്ഞു,'' വിനീത് ദ ഫോർത്തിനോട് വ്യക്തമാക്കി.

''അവരുടെ ജീവിതശൈലിയില്‍ മാറ്റമുണ്ടായി. സ്കൂളിലെ അധ്യാപകർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുമായൊക്കെ സംസാരിക്കുമ്പോഴാണ് എത്രത്തോളം സ്വാധീനം ഫുട്ബോളിന് കുട്ടികളുടെ ജീവിതത്തില്‍ ചെലുത്താനായെന്ന് മനസിലാക്കുന്നത്. പലരുടേയും പഠനം മെച്ചപ്പെട്ടു. വിദ്യാഭ്യാസം പരിശീലനത്തിന് നിർബന്ധമാക്കിയതും ഗുണം ചെയ്തു. ഉള്‍വലിഞ്ഞു നിന്നിരുന്ന കുട്ടികളില്‍ പലരും ഇപ്പോള്‍ സോഷ്യലായി തുടങ്ങിയിരിക്കുന്നു,'' വിനീത് കൂട്ടിച്ചേർത്തു.

ആദിവാസി മേഖലയിലെ കുട്ടികള്‍ തികച്ചും സൗജന്യമായാണ് പരിശീലനം

ഈ മാറ്റം കണ്ടാണ് എന്തുകൊണ്ട് സംസ്ഥാനത്തിന്റെ പുറത്തേക്ക് വ്യാപിപ്പിച്ചുകൂടാ എന്ന ആശയത്തിലേക്ക് വിനീത് എത്തുന്നതും ഇത്തരമൊരു യാത്രാ പദ്ധതി ആവിഷ്കരിച്ചതും. മറ്റ് സംസ്ഥാനങ്ങളിലുള്ള താരങ്ങള്‍ വഴി ഇത് സാധ്യമാക്കിയെടുക്കാമെന്ന പ്രതീക്ഷയാണ് സംഘത്തിനുള്ളത്. അതിനുള്ള ആദ്യ പടികള്‍ ഇതിനോടകം തന്നെ സംഘം ആസൂത്രണം ചെയ്തുകഴിഞ്ഞു.

ഇതിഹാസം ബൂട്ടഴിക്കുന്നു; അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സുനില്‍ ഛേത്രി

കോവിഷീല്‍ഡിന്‌റെ മറവില്‍ വ്യക്തിഗത വിവരങ്ങള്‍ തേടി തട്ടിപ്പുകാര്‍; മുന്നറിയിപ്പ് നല്‍കി പോലീസ്

ഭക്ഷണവും ഇന്ധനവും തീരുന്നു; റഫായിലെ ഇസ്രയേല്‍ അധിനിവേശം മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്ന് ലോക ഭക്ഷ്യ ഏജന്‍സി

മോദിക്കെതിരായ സ്ഥാനാർഥിത്വം; വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ പത്രിക തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ

മൂന്നായി പിരിഞ്ഞ് 'മുന്നണി' പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം പ്രതിസന്ധിയില്‍