CRICKET

CWC2023 | ഇടിവെട്ടടിയുമായി ഫഖർ, പിന്നാലെ മഴ; കിവീസിനെ കീഴടക്കി സെമി പ്രതീക്ഷ കാത്ത് പാകിസ്താന്‍

വെബ് ഡെസ്ക്

ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി സെമി ഫൈനല്‍ പ്രതീക്ഷ നിലനിർത്തി പാകിസ്താന്‍. മഴ മൂലം തടസപ്പെട്ട കളിയില്‍ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് പാകിസ്താന്റെ ജയം. ന്യൂസിലന്‍ഡിന്റെ തുടർച്ചയായ നാലാം തോല്‍വിയാണിത്. ന്യൂസിലന്‍ഡിന്റെ തോല്‍വിയോടെ ദക്ഷിണാഫ്രിക്കയും സെമി ഉറപ്പിച്ചു.

സ്കോർ: ന്യൂസിലന്‍ഡ് 401-6 (50), പാകിസ്താന്‍ 200-1(25.3)

402 എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ രണ്ടാം ഓവറില്‍ തന്നെ അബ്ദുള്ള ഷഫീഖിനെ (4) പാകിസ്താന് നഷ്ടമായി. പിന്നീട് നായകന്‍ ബാബർ അസമും ഫഖർ സമാനും ചേർന്ന് ചിന്നസ്വാമിയില്‍ റണ്ണൊഴുക്കുകയായിരുന്നു. ബാബർ തുടക്കത്തില്‍ ഫഖറിന്റെ മികവിന് മുന്നില്‍ കാഴ്ചക്കാരന്റെ റോളിലായിരുന്നു. ഇടം കയ്യന്‍ ബാറ്റർ അനായാസം ബൗണ്ടറികള്‍ കണ്ടത്തിയതോടെ പാകിസ്താന്റെ സ്കോറും കുതിച്ചു.

63 പന്തില്‍ ഫഖർ മൂന്നക്കം കടന്നു. ഒരു പാകിസ്താന്‍ താരം ലോകകപ്പില്‍ നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചുറിയും സ്വന്തം പേരില്‍ കുറിക്കാന്‍ ഫഖറിനായി. 21.3 ഓവറില്‍ 160-1 എന്ന നിലയില്‍ പാകിസ്താനെത്തിയപ്പോഴായിരുന്നു രസം കൊല്ലിയായി മഴയുടെ വരവ്. ഒരു മണിക്കൂറോളം കളി തടസപ്പെട്ടതോടെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 41 ഓവറാക്കി കളി ചുരുക്കി. പാകിസ്താന്റെ വിജയലക്ഷ്യം 342 റണ്‍സായി പുനഃക്രമീകരിക്കുകയും ചെയ്തു.

കളി പുനരാരംഭിച്ചതിന് ശേഷം നാല് ഓവർ പന്തറിഞ്ഞതിന് പിന്നാലെ വീണ്ടും മഴ. കിട്ടിയ അവസരത്തില്‍ ബാബറും ഫഖറും 40 റണ്‍സുകൂടി ചേർത്ത് സ്കോർ 200 ലെത്തിച്ചു. പിന്നീട് മഴ ശക്തമായി തുടർന്ന സാഹചര്യത്തില്‍ കളി ഉപേക്ഷിക്കുകയായിരുന്നു. മഴനിയമപ്രകാരം ന്യൂസിലന്‍ഡിനേക്കാള്‍ 21 റണ്‍സ് മുന്നിലായിരുന്നതാണ് പാകിസ്താന് തുണയായത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങി ന്യൂസിലന്‍ഡ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സാണെടുത്തത്. രച്ചിന്‍ രവീന്ദ്ര (108), കെയിന്‍ വില്യംസണ്‍ (95) എന്നിവരാണ് നിർണായക മത്സരത്തില് കിവീസിന് വേണ്ടി തിളങ്ങിയത്. പാകിസ്താനായി മുഹമ്മദ് വസീം ജൂനിയർ മൂന്ന് വിക്കറ്റും സ്വന്തമാക്കി.

വരുന്നു അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സ്വാതി മലിവാളിനെ മർദിച്ചെന്ന പരാതി: കെജ്‌രിവാളിന്റെ മുന്‍ പിഎസ് ബൈഭവ് കുമാർ അറസ്റ്റില്‍

സ്വാതി മലിവാളിനെ പുറത്തേക്കുകൊണ്ടുവരുന്ന സുരക്ഷാഉദ്യോഗസ്ഥര്‍; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് ആംആദ്മി

കിർഗിസ്താനിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കുനേരെ ആക്രമണം; പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യയും പാകിസ്താനും

ആര്‍എസ്എസിന്റെ സഹായംവേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ