CRICKET

WPL 2024 | സെന്‍സേഷണല്‍ സജന! സമ്മർദത്തെ അതിജീവിച്ച അവിശ്വസനീയ അരങ്ങേറ്റം

ഹരികൃഷ്ണന്‍ എം

'സജന കാരണമാണ് ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത്,' വനിത പ്രീമിയർ ലീഗില്‍ (ഡബ്ല്യുപിഎല്‍) ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി കളിയിലെ താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങവെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ പറഞ്ഞ വാക്കുകളാണിത്. സമ്മർദത്തിന് കീഴ്പ്പെടാതെ കൂളായി അവസാന പന്തില്‍ സിക്സർ പായിച്ച മലയാളി താരം സജന സജീവന്റെ ഫിനിഷിങ് മുംബൈയെ സംബന്ധിച്ച് ഇന്നലെ എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നെന്ന് ആ വാക്കുകളില്‍ വ്യക്തമായിരുന്നു.

മത്സരത്തിലെ അവസാന പന്ത് നേരിടാന്‍ സജന ക്രീസിലേക്ക് എത്തുമ്പോള്‍ ഒന്നും അനുകൂലമായിരുന്നില്ല. ജയിക്കാന്‍ ആവശ്യമായിരുന്നത് ഒരു പന്തില്‍ അഞ്ച് റണ്‍സ്. ഡബ്ല്യുപിഎല്ലിന്റെ ചരിത്രത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ഇതുവരെ പരാജയപ്പെട്ടിട്ടില്ല എന്ന മുംബൈയുടെ റെക്കോർഡ് കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും ഒപ്പമുണ്ടായിരുന്നു. പൂജ വസ്ത്രാക്കറിനേയും ഹർമന്‍പ്രീതിനെയും മടക്കി ആത്മവിശ്വാസത്തിലായിരുന്നു പന്തെറിയുന്ന ആലിസ് ക്യാപ്സി.

സജനയെ 'അറിയാത്ത' ക്യാപ്സിക്ക് പിഴച്ചു. മിഡില്‍ സ്റ്റമ്പ് ലക്ഷ്യമാക്കിയെറിഞ്ഞ പന്ത് ക്രീസിന് പുറത്തേക്കിറങ്ങി സജന ലോഫ്റ്റ് ചെയ്തു. 'Can she get it to clear the ropes, yes she can...' കമന്ററിയില്‍ ശബ്ദമുയർന്നു. ഡബ്ല്യുപിഎല്ലില്‍ താന്‍ നേരിട്ട ആദ്യ 'സമ്മർദ'പന്ത് അനായാസം ലോങ് ഓണിന് മുകളിലൂടെ സജന പായിച്ചപ്പോള്‍, കഴിഞ്ഞ കലാശപ്പോരിലെ കണക്കുതീർക്കാമെന്ന ഡല്‍ഹിയുടെ പ്രതീക്ഷകള്‍കൂടിയായിരുന്നു ചിന്നസ്വാമിയില്‍ തകർന്നത്. ഡബ്ല്യുപിഎല്‍ കരിയറിന് ഒരു അവിശ്വസനീയ തുടക്കം.

ചിന്നസ്വാമിയിലെ മൈതാനത്തിന്റെ ഏറ്റവും ദൂരമേറിയ ഭാഗത്തേക്കായിരുന്നു സജന സിക്സർ പായിച്ചതെന്നതും ശ്രദ്ധേയം. ഈ പ്രകടനം ഫിനിഷറുടെ റോള്‍ സജനയുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന ആത്മവിശ്വാസം ടീം മാനേജ്മെന്റിനും നല്‍കിയേക്കും.

അവസാന പന്ത് നേരിടാനിറങ്ങുമ്പോള്‍ ടീം മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് തനിക്ക് നിർദേശങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് മത്സരശേഷം ദ ഫോർത്തിനോട് പ്രതികരിക്കവെ സജന പറഞ്ഞു. 'നിർദേശങ്ങളൊന്നും തന്നിരുന്നില്ല. ടീമിനെ ജയിപ്പിക്കുക എന്ന ചിന്ത മാത്രമായിരുന്നു മനസിലുണ്ടായിരുന്നത്,' സജന കൂട്ടിച്ചേർത്തു.

മുംബൈ ഇന്ത്യന്‍സ് മാനേജ്മെന്റ് തന്നെ ഒരു ബിഗ് ഹിറ്ററായാണ് കണക്കാക്കുന്നതെന്നും ചെറിയ പന്തുകളില്‍ കൂടുതല്‍ ഇംപാക്ട് ഉണ്ടാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സജന നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സ് ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് ശേഷിക്കെയാണ് മുംബൈ മറികടന്നത്. അർധ സെഞ്ചുറി നേടിയ യസ്തിക ഭാട്ടിയ (57), ഹർമന്‍പ്രീത് (55) എന്നിവരുടെ ഇന്നിങ്സാണ് നിലവിലെ ചാമ്പ്യന്മാരെ വിജയത്തിലേക്ക് അടുപ്പിച്ചത്. അമേലിയ കേർ (24), നാറ്റ് സീവർ ബ്രന്റ് (19) എന്നിവരും തങ്ങളുടെ റോള്‍ ഭംഗിയാക്കി.

അര്‍ധസെഞ്ചുറി നേടിയ മധ്യനിര താരം ആലീസ് ക്യാപ്‌സിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഡല്‍ഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 53 പന്തുകളില്‍ നിന്ന് എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 75 റണ്‍സാണ് ക്യാപ്‌സി അടിച്ചെടുത്തത്. 24 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 42 റണ്‍സ് നേടിയ ഇന്ത്യന്‍ താരം ജമീമ റോഡ്രിഗസും 25 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സ് നേടിയ നായിക മെഗ് ലാന്നിങ്ങും ക്യാപ്‌സിക്ക് മികച്ച പിന്തുണ നല്‍കി.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ