FOOTBALL

വിടാതെ പിടികൂടി പരുക്ക്; നെയ്മറിന്റെ 'സൗദി അരങ്ങേറ്റം' വൈകും

വെബ് ഡെസ്ക്

അല്‍ ഹിലാലിലും ബ്രസീലിയന്‍ താരം നെയ്മര്‍ ജൂനിയറിന് പരുക്ക് ഭീഷണി. സൗദി പ്രോ ലീഗില്‍ അല്‍ ഹിലാലിന് വേണ്ടിയുള്ള നെയ്മറുടെ അരങ്ങേറ്റം പരുക്കിനെ തുടര്‍ന്ന് ഒരുമാസം വൈകും. താരത്തിന്റെ അരങ്ങേറ്റത്തിനായി സെപ്റ്റംബര്‍ വരെ കാത്തിരിക്കേണ്ടി വരുമെന്ന് അല്‍ ഹിലാല്‍ പരിശീലകന്‍ ജോര്‍ജ് ജീസസ് അറിയിച്ചു. എന്നാല്‍ ബ്രസീലിയന്‍ ദേശീയ ടീം താരത്തെ തിരിച്ചുവിളിച്ചത് എന്തിനാണന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്മര്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്

ഇന്നലെയാണ് അല്‍ ഹിലാല്‍ ആരാധകര്‍ക്കു മുന്നില്‍ നെയ്മറിനെ ഔദ്യോഗികമായി അവതരിപ്പിച്ചത്. എന്നാല്‍ പരുക്ക് പറ്റിയതിനാല്‍ താരത്തിന് ക്ലബ്ബിനായി ബൂട്ടണിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും എന്നതാണ് ആരാധകരെ വിഷമിപ്പിക്കുന്നത്. ''നെയ്മര്‍ ഉള്ളപ്പോള്‍ ഞങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് ഉറപ്പുണ്ട്. എന്നാല്‍ ചെറിയ പരുക്കോടെയാണ് അദ്ദേഹം ഇവിടെയെത്തിയത്. ഇതുവരെ പരിശീലനത്തിന് ഇറങ്ങാന്‍ സാധിച്ചിട്ടില്ല, അദ്ദേഹം എപ്പോള്‍ കളിക്കുമെന്ന് പറയാന്‍ സാധിക്കില്ല'' ജോര്‍ജ് ജീസസ് പറഞ്ഞു. ഒരുപക്ഷേ സെപ്റ്റംബര്‍ പകുതിയോടെ അദ്ദേഹം ഹിലാലിന് വേണ്ടി ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും പരിശീലകന്‍ വ്യക്തമാക്കി.

എന്നാല്‍ സെപ്റ്റംബര്‍ എട്ടിന് ബൊളീവിയയ്ക്കും നാല് ദിവസത്തിന് ശേഷം പെറുവിനെതിരെയുമുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ നെയ്മറിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ലോകകപ്പ് യോഗ്യതയ്ക്കുള്ള ടീമില്‍ നെയ്മറെ തിരഞ്ഞെടുത്തതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണെന്നും ജീസസ് ചൂണ്ടിക്കാട്ടി.

'' എന്തുകൊണ്ടാണ് ബ്രസീല്‍ ടീം അദ്ദേഹത്തെ തിരഞ്ഞെടുത്തതെന്ന് എനിക്ക് അറിയില്ല. അദ്ദേഹത്തിന് പരുക്കുണ്ട്, മാത്രമല്ല പരിശീലനത്തിനിറങ്ങാനും സാധിക്കില്ല, പിന്നെ എങ്ങനെ കളിക്കും?. ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തിയാലും നെയ്മര്‍ മത്സരത്തിനിറങ്ങാന്‍ സാധ്യതയില്ല'' അല്‍ ഹിലാല്‍ പരിശീലകന്‍ പറയുന്നു. നെയ്മര്‍ ഫിറ്റ് അല്ലെന്ന് മെഡിക്കല്‍ വിദഗ്ധരുടെ റിപ്പോര്‍ട്ട് ഉണ്ട്. കളിക്കാന്‍ തുടങ്ങുന്നതിന് മുന്‍പ് അദ്ദേഹം പൂര്‍ണമായും ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ ബ്രസീലില്‍ കളിക്കാന്‍ ഒരു സാധ്യതയുമില്ലെന്നും ജീസസ് കൂട്ടിച്ചേര്‍ത്തു.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ