IPL 2023

സോറി കോഹ്ലി! ഗില്ലാട്ടത്തില്‍ ബാംഗ്ലൂര്‍ പുറത്ത്, മുംബൈ പ്ലേ ഓഫില്‍

വെബ് ഡെസ്ക്

റെക്കോഡ് സെഞ്ചുറി നേടി വിരാട് കോഹ്ലി നടത്തിയ പോരാട്ടം വിഫലം. കോഹ്ലിക്കു മറുപടിയുമായി ശുഭ്മാന്‍ ഗില്‍ തകര്‍ത്താടിയപ്പോള്‍ ഗുജറാത്തിനു മുന്നില്‍ തലകുനിച്ച് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പുറത്ത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍-16ന്റെ പ്ലേ ഓഫില്‍ കടക്കാന്‍ ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ആറു വിക്കറ്റിനാണ് ബാംഗ്ലൂര്‍ പരാജയം രുചിച്ചത്. ബാംഗ്ലൂരിന്റെ തോല്‍വിയോടെ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ കടന്നു.

മഴയെത്തുടര്‍ന്നു വൈകി ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ കോഹ്ലിയുടെ ഒറ്റയാള്‍ പോരാട്ടമികവില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിങ്ങിയ ഗുജറാത്ത് അഞ്ചു പന്ത് ബാക്കിനില്‍ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

തകര്‍പ്പന്‍ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഗില്ലും അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറുമാണ് ഗുജറാത്തിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. ഗില്‍ 52 പന്തുകളില്‍ നിന്ന് അഞ്ചു ബൗണ്ടറികളും എട്ടു സിക്‌സറുകളും സഹിതം 104 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 35 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുകളും സഹിതം 53 റണ്‍സാണ് ശങ്കര്‍ നേടിയത്.

രണ്ടാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്ത 123 റണ്‍സാണ് ഗുജറാത്ത് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. ഇവര്‍ക്കു പുറമേ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ(12)യ്ക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളു. ദസുന്‍ ഷനക(0), ഡേവിഡ് മില്ലര്‍(6) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. ബാംഗ്ലൂരിനു വേണ്ടി മുഹമ്മദ് സിറാജ് രണ്ടും വിജയകുമാര്‍ വൈശാഖ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

നേരത്തെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയ കോഹ്ലിയായിരുന്നു ബാംഗ്ലൂര്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. 61 പന്തുകളില്‍ നിന്ന് 13 ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 101 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു. ഇതോടെ ഐ.പി.എല്ലില്‍. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡും കോഹ്ലി സ്വന്തം പേരിലാക്കി.

തന്റെ ഏഴാം ഐ.പി.എല്‍ സെഞ്ചുറിയാണ് കിങ് ഇന്നു കുറിച്ചത്. ആറു സെഞ്ചുറി നേടിയ വെസ്റ്റിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. കോഹ്ലിക്കു പുറമേ മറ്റാര്‍ക്കും ഇന്നു ബാംഗ്ലൂര്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല.

19 പന്തില്‍ 28 റണ്‍സ് നേടിയ ഫാഫ് ഡുപ്ലീസിസാണ് മികച്ച രണ്ടാമത്തെ ടോപ്‌സ്‌കോറര്‍. ഇവര്‍ക്കു പുറമേ മൈക്കല്‍ ബ്രേസ്‌വെല്‍(26), അനുജ് റാവത്ത്(23) എന്നിവരും സംഭാവനകള്‍ നല്‍കി. ഗുജറാത്ത് നിരയില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ നൂര്‍ അഹമ്മദാണ് ബൗളിങ്ങില്‍ മികച്ചു നിന്നത്. പേര്‍മാരായ മുഹമ്മദ് ഷമി, യാഷ് ദയാല്‍, സ്പിന്നര്‍ റാഷിദ് ഖാന്‍ എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

IPL 2024| ബെംഗളൂരുവിന് 'ഫാബുലസ് ഫോർ'; ചെന്നൈക്ക് 219 റണ്‍സ് വിജയലക്ഷ്യം

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ