Qatar World Cup

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബെല്‍ജിയം; പൊരുതാനുറച്ച് ക്രൊയേഷ്യയും കാനഡയും മൊറോക്കോയും

വെബ് ഡെസ്ക്

അവസാന 16 എന്ന കടമ്പ കടക്കാന്‍ ഉറച്ചാണ് ഇന്ന് യൂറോപ്യന്‍ വമ്പന്മാരായ ബെല്‍ജിയവും ക്രൊയേഷ്യയും കളത്തിലിറങ്ങുന്നത്. ബെല്‍ജിയത്തിന് ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയാണ് എതിരാളികളെങ്കില്‍ ക്രൊയേഷ്യയുടെ വഴിമുടക്കാന്‍ കച്ചകെട്ടുന്നത് മൂന്നു പതിറ്റാണ്ടിനു ശേഷം ലോകകപ്പ് കളിക്കാനെത്തുന്ന കാനഡയാണ്.

ഗ്രൂപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ബെല്‍ജിയം കാനഡയ്‌ക്കെതിരേ ഒരു ഗോള്‍ ജയം നേടിയിരുന്നു. എന്നാല്‍ കരുത്തരായ എതിരാളികളെ നന്നായി വിറപ്പിച്ച ശേഷമായിരുന്നു കാനഡ കീഴടങ്ങിയത്. അതേസമയം ക്രൊയേഷ്യ ആദ്യ മത്സരത്തില്‍ മൊറോക്കോയോടു ഗോള്‍രഹിത സമനിലയില്‍ കുരുങ്ങുകയായിരുന്നു.

ഇതോടെ ഗ്രൂപ്പ് എഫില്‍ മൂന്നു പോയിന്റുമായി ബെല്‍ജിയമാണ് ഒന്നാമത്. ഇന്ന് ഒരു ജയം നേടാനായാല്‍ അവര്‍ക്ക് പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഓരോ പോയിന്റുള്ള ക്രൊയേഷ്യയും മൊറോക്കോയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അവര്‍ക്ക് നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്തണമെങ്കില്‍ ഇന്നു ജയിച്ചേ തീരൂ. ആദ്യ മത്സരം തോറ്റ കാനഡയ്ക്കും ജയത്തില്‍ കുറഞ്ഞൊന്നും ആഹ്‌ളാദം പകരില്ല.

സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന്റെ അഭാവമാണ് ബെല്‍ജിയത്തെ വലയ്ക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കെവിന്‍ ഡിബ്രുയ്‌നും തിബൗട്ട് കോര്‍ട്ടുവയുമൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ലുക്കാക്കുവിന്റെ അഭാവം നിഴലിച്ചു കണ്ടിരുന്നു. ഇന്ന് അതിനു പരിഹാരം കാണാനാണ് അവര്‍ ശ്രമിക്കുന്നത്. മറുവശത്ത് ക്രൊയേഷ്യയ്‌ക്കെതിരേ പുറത്തെടുത്ത ശക്തമായ പ്രതിരോധം തന്നെയാണ് മൊറോക്കോയുടെ ശക്തി. ഇന്ന് ബെല്‍ജിയത്തിനെതിരേയും ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്ന് കിട്ടുന്ന അവസരത്തില്‍ പ്രഹരിക്കാനാകും അവര്‍ ശ്രമിക്കുക.

2018 റഷ്യ ലോകകപ്പിന്റെ ഫൈനല്‍ കളിച്ച ക്രൊയേഷ്യയ്ക്ക് ഇക്കുറി അതേ പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ മത്സരത്തില്‍ സൂപ്പര്‍ താരങ്ങളായ ലൂക്കാ മോഡ്രിച്ചും ഇവാന്‍ പെരിസിച്ചും മറ്റേയു കൊവാസിച്ചുമടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ മൊറോക്കന്‍ പ്രതിരോധപ്പൂട്ടില്‍ വീണുപോയിരുന്നു. മൊറോക്കോയുടെ അതേ ശൈലിയില്‍ അല്ലെങ്കില്‍ അവരെക്കാള്‍ ഒരല്‍പം കൂടി പ്രതിരോധ മികവുള്ള കാനഡയ്‌ക്കെതിരേ ഇവര്‍ കെട്ടുപൊട്ടിക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കും ക്രൊയേഷ്യന്‍ കുതിപ്പിന്റെ ഭാവി.

"ഇവിഎമ്മുകൾ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത;" എലോൺ മസ്ക് തുടങ്ങിയ ചർച്ച ഏറ്റുപിടിച്ച് രാജീവ് ചന്ദ്രശേഖറും രാഹുൽ ഗാന്ധിയും

'നീറ്റ് പരീക്ഷയില്‍ രണ്ടിടത്ത് ക്രമക്കേട് നടന്നു'; സമ്മതിച്ച് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

'പാർട്ടിയെന്നാൽ ജനങ്ങളാണ്, അവർ സംസാരിക്കും'; തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി തോമസ് ഐസക്

സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധി കനക്കുന്നു; ഏകാഭിപ്രയത്തില്‍ എത്താതെ സിനഡ്, മെത്രാന്‍മാര്‍ക്ക് അന്ത്യശാസനവുമായി വിമതര്‍

ബാബരി മസ്ജിദ് 'മൂന്ന് മിനാരമുള്ള കെട്ടിടം' മാത്രമായി; അയോധ്യയെ കുറിച്ചുള്ള പാഠഭാഗത്തിന് തിരുത്തുമായി എൻസിഇആർടി