TECHNOLOGY

ഓപ്പൺ എഐ ഭരണസമിതിയിലേക്ക് സാം ആൾട്ട്മാൻ മടങ്ങിയെത്തും; പുറത്താക്കലിനെ സംബന്ധിച്ച ആഭ്യന്തര അന്വേഷണം അവസാനിച്ച് കമ്പനി

വെബ് ഡെസ്ക്

ഓപ്പൺ എഐ ചീഫ് എക്സിക്യൂട്ടീവ് സാം ആൾട്ട്മാൻ ചാറ്റ് ജിപിറ്റി മേക്കേഴ്‌സ് ബോർഡിലേക്ക് മടങ്ങിയെത്തുമെന്ന് കമ്പനി. മൂന്ന് പുതിയ ഡയറക്ടർമാരും സാമിനൊപ്പം ബോർഡിൽ എത്തും. കൂടാതെ കഴിഞ്ഞ നവംബറിൽ സാം ആൾട്ട്മാനെ കമ്പനിയിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ച് യുഎസ് നിയമ സ്ഥാപനമായ വിൽമർഹേൽ നടത്തിയ ഒരു ആഭ്യന്തര അന്വേഷണം അവസാനിപ്പിച്ചതായും കമ്പനി കഴിഞ്ഞ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആൾട്ട്മാനെ കമ്പനിയിൽ നിന്ന് പുറത്താക്കിയ നടപടി തെറ്റായിരുന്നുവെന്ന് ആഭ്യന്തര അന്വേഷണ സമിതി ചൂണ്ടിക്കാട്ടിയതായും കമ്പനി വ്യക്തമാക്കി. ബോർഡും ആൾട്ട്മാനും തമ്മിലുള്ള വിശ്വാസത്തിലുണ്ടായ തകർച്ചയാണ് അദ്ദേഹത്തെ പുറത്താക്കുന്നതിലേക്ക് നയിച്ചതെന്ന് വിൽമർഹെൽ കണ്ടെത്തി. ഓപ്പൺ എഐയുടെ സാമ്പത്തിക സുരക്ഷ, ഉത്പന്ന സുരക്ഷ, മറ്റ് കാരണങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശങ്കകൾ അല്ല ആൾട്ട്മാനെ പിരിച്ച് വിടുന്നതിലേക്ക് കമ്പനിയെ നയിച്ചത്.

നവംബറിൽ നടത്തിയ പെട്ടെന്നുണ്ടായ പിരിച്ച് വിടൽ സംബന്ധിച്ച് കമ്പനിയിൽ വ്യക്തമായ വിശദാംശങ്ങളുടെ അഭാവം കണ്ടെത്തിയ അന്വേഷണ കമ്മിറ്റി ഇത് ആൾട്ട്മാൻ നടത്തിയ തെറ്റായ പെരുമാറ്റത്തെക്കുറിച്ച് സൂചന നൽകുന്നതാണെന്ന് പറഞ്ഞിരുന്നു.എന്നാൽ കമ്പനിയും ആൾട്ട്മാനും അത് നിഷേധിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് കമ്പനി പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും കണ്ടെത്തലുകളുടെ ഒരു സംഗ്രഹം പുറത്തിറക്കിയിട്ടുണ്ട്.

അതേസമയം, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ്റെ മുൻ സിഇഒ സ്യൂ ഡെസ്മണ്ട്-ഹെൽമാൻ, സോണി എൻ്റർടെയ്ൻമെൻ്റിൻ്റെ മുൻ പ്രസിഡൻ്റ് നിക്കോൾ സെലിഗ്മാൻ, ഇൻസ്‌റ്റാകാർട്ടിൻ്റെ സിഇഒ ഫിഡ്ജി സിമോ എന്നിവരാണ് ആൾട്ട്മാനൊപ്പം ബോർഡിൽ എത്തുന്ന മറ്റ് അംഗങ്ങൾ. 2023 നവംബറിലെ അസ്ഥിരകൾക്ക് തൊട്ട് പിന്നാലെ ബോർഡിൽ എത്തിയ എക്സ്-സെയിൽസ്ഫോഴ്സ് കോ-സിഇഒ ബ്രെറ്റ് ടെയ്‌ലർ, മുൻ യുഎസ് ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ് എന്നിവർക്കൊപ്പം പുതിയ അംഗംങ്ങളും ചേരും. ബോർഡ് വിപുലീകരിക്കുന്നത് തുടരുമെന്ന് ഓപ്പൺ എ ഐ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

"ഓപ്പൺ എഐ ഡയറക്ടർ ബോർഡിലേക്ക് സ്യൂ, നിക്കോൾ, ഫിഡ്ജി എന്നിവരെ സ്വാഗതം ചെയ്യുന്നതിൽ ഞാൻ ആവേശഭരിതനാണ്. അവരുടെ അനുഭവപരിചയവും നേതൃത്വവും എല്ലാ മനുഷ്യരാശിക്കും ആർട്ടിഫിഷ്യൽ ജനറൽ ഇൻ്റലിജൻസ് ഗുണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്ന ഓപ്പൺ എഐയുടെ ദൗത്യം ഞങ്ങൾ പിന്തുടരുന്നുവെന്ന് ഉറപ്പാക്കും," ഓപ്പൺ എഐ ബോർഡ് ചെയർ ബ്രെറ്റ് ടെയ്‌ലർ പറഞ്ഞു.

ഓപ്പണ്‍ എഐയെ നയിക്കാനുള്ള കഴിവില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ആള്‍ട്ട്മാനെ പുറത്താക്കിയിരുന്നത്. 'ആശയവിനിമയം നടത്തുമ്പോള്‍ സത്യസന്ധത പുലര്‍ത്തുന്നില്ല' എന്നും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പുറത്താക്കലിന് പിന്നാലെ വലിയ നാടകീയ സംഭവങ്ങളാണ് ഓപ്പൺ എ ഐയിൽ ഉണ്ടായത്. ആള്‍ട്ട്മാനെ പുറത്താക്കിയതിനെത്തുടര്‍ന്ന് ഗ്രെഗ് ബ്രോക്ക്മാനെ കൂടാതെ, മുതിര്‍ന്ന ഗവേഷകരായ ജേക്കബ് പച്ചോകി, അലക്സാണ്ടര്‍ മാണ്ട്രി, സൈമണ്‍ സിദോര്‍ എന്നിവർ കമ്പനിയിൽ നിന്ന് രാജി വെച്ചു. സഹസ്ഥാപകനും മുന്‍ പ്രസിഡന്റുമായ ഗ്രെഗ് ബ്രോക്ക്മാനൊപ്പം ആള്‍ട്ട്മാനെ തിരിച്ചെടുക്കുകയൊ അല്ലെങ്കില്‍ ബോര്‍ഡ് രാജിവയ്ക്കുകയോ ചെയ്തില്ലെങ്കില്‍ കമ്പനി വിടുമെന്ന് ചൂണ്ടിക്കാണിച്ച് അഞ്ഞൂറിലധികം ജീവനക്കാരുള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് ആൾട്ട്മാനെ തിരിച്ചെടുക്കാൻ കമ്പനി തീരുമാനിച്ചത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ