HEALTH

മഴക്കാലത്ത് സ്ത്രീകളിലുണ്ടാകുന്ന മൂത്രനാളിയിലെ അണുബാധ; ലക്ഷണങ്ങളും പ്രതിരോധവും

വെബ് ഡെസ്ക്

ചൂടുകാലത്തേക്കാള്‍ അണുബാധകളും മറ്റ് രോഗങ്ങളും മഴക്കാലത്ത് വർധിക്കും. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ സാന്നിധ്യമുണ്ടാകുന്നത് ശരീരത്തിലും തൊലിപ്പുറത്തും പലതരം അണുബാധകള്‍ക്ക് കാരണമാകും. സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഇതിൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത് മൂത്രാശയത്തിലും മൂത്രനാളിയിലും ഉണ്ടാകുന്ന അണുബാധയാണ്. വർഷത്തിൽ ലക്ഷക്കണക്കിന് സ്ത്രീകളിലാണ് മൂത്രനാളിയില്‍ അണുബാധ (യൂറിനറി ട്രാക്‌ട് ഇൻഫെക്ഷൻ - യുടിഐ ) ഉണ്ടാകുന്നത്.

എന്തുകൊണ്ട് മഴക്കാലത്ത് അണുബാധകൾ വർധിക്കുന്നു?

മൺസൂൺ കാലാവസ്ഥയാണ് ബാക്ടീരിയകൾ വളരാനും പെരുകാനും അനുയോജ്യമായ സമയം. വൃത്തിഹീനമായ പൊതു കുളിമുറികൾ ഉപയോഗിക്കുന്നതും ഈർപ്പമുള്ള കാലാവസ്ഥയിൽ ശുചിത്വം പാലിക്കാതിരിക്കുന്നതും മൂത്രനാളിയില്‍ അണുബാധ (യുടിഐ) ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇറുകിയ വസ്ത്രങ്ങളും സിന്തറ്റിക് അടിവസ്ത്രങ്ങളും ധരിക്കുന്ന സ്ത്രീകൾക്കും അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, മഴക്കാലത്ത് മൂത്രനാളിയിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

എന്തുകൊണ്ടാണ് സ്ത്രീകളെ യുടിഐ കൂടുതൽ ബാധിക്കുന്നത്?

പുരുഷന്മാരിലും യുടിഐ കാണപ്പെടാറുണ്ടെങ്കിലും, സ്ത്രീകളിലാണ് ഇത് മാരകമാകുന്നത്. ശരീരഘടനയാണ് ഇതിന് കാരണം. സ്ത്രീകളുടെ മൂത്രനാളിയും മലദ്വാരവും അടുത്തായതിനാൽ, ശരിയായ ശുചിത്വം പാലിച്ചില്ലെങ്കിൽ അണുക്കൾക്കും മറ്റ് സൂക്ഷ്മജീവികൾക്കും മൂത്രനാളിയിലേക്ക് പ്രവേശിക്കാൻ എളുപ്പമാണ്. ഇത് അണുബാധ വർധിപ്പിക്കും. സ്വകാര്യഭാഗത്തിന് ചുറ്റും സുഗന്ധദ്രവ്യങ്ങളോ ആൽക്കഹോൾ അടങ്ങിയ വസ്തുക്കളോ ഉപയോഗിക്കുന്നതും സ്ത്രീകളിൽ മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകുന്നു. സാനിറ്ററി നാപ്കിനുകളും ടാംപൂണുകളും ഉപയോഗിക്കുന്നതും അണുബാധ സാധ്യത വർധിപ്പിക്കും

മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങള്‍

മഴക്കാലത്ത് മൂത്രനാളിയിലെ അണുബാധയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നത് പല രീതിയിലാണ്. മൂത്രമൊഴിക്കുമ്പോൾ എരിച്ചിൽ അനുഭവപ്പെടുന്നതാണ് ഇതിന്റെ തുടക്കം. തുടർന്ന് വയറുവേദനയും മൂത്രനാളിക്ക് ചുറ്റുമുള്ള വേദനയുമുണ്ടാകാം. ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നതും അണുബാധയുടെ ലക്ഷണമാണ്. പനിയും ജലദോഷവും ചിലരില്‍ ഉണ്ടാകാറുണ്ട്. ഈ ലക്ഷണങ്ങൾ തുടരുകയാണെങ്കിൽ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം, അണുബാധ പടരുന്നതിനും പഴുപ്പ് രൂപപ്പെടാനും വൃക്കയില്‍ അണുബാധയുണ്ടാകുന്നതിനും കാരണമാകും. ആർത്തവവിരാമം സംഭവിച്ചവർ, ഗർഭിണികൾ, പ്രമേഹ രോഗികൾ എന്നിവരിലും യുടിഐ വരാനുള്ള സാധ്യത കൂടുതലാണ്.

മൂത്രനാളിയിലെ അണുബാധ എങ്ങനെ പ്രതിരോധിക്കാം?

* ധാരാളം വെള്ളം കുടിക്കുക. ഇത് അണുക്കളെ മൂത്രത്തിലൂടെ പുറന്തള്ളാൻ സഹായിക്കും

* ജനനേന്ദ്രിയവും ഗുഹ്യഭാഗങ്ങളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഓരോതവണയും ശുചിമുറിയിൽ പോയതിന് ശേഷം വെള്ളമുപയോഗിച്ച് കഴുകാൻ മടിക്കരുത്

* നനഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കരുത്. വസ്ത്രത്തിൽ നനവുണ്ടായാൽ കഴിയുന്നതും വേഗത്തിൽ അത് മാറ്റാൻ ശ്രദ്ധിക്കണം

* സാനിറ്ററി പാഡുകൾ ഉപയോഗിച്ചാൽ എല്ലാ നാല് മണിക്കൂറിലും ഇത് മാറ്റാൻ ശ്രദ്ധിക്കണം. ടാംപൂണ്‍ ആണ് ഉപയോഗിക്കുന്നതെങ്കിൽ, അത് ആറ് മണിക്കൂറിൽ മാറ്റണം

* ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം ഉടൻതന്നെ സ്വകാര്യഭാഗങ്ങൾ കഴുകി വൃത്തിയാക്കി ശേഷം ഉണങ്ങിയ കോട്ടൺ തുണിയോ ടിഷ്യുവോ ഉപയോഗിച്ച് തുടയ്ക്കാനും മറക്കരുത്

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

മണ്‍സൂണ്‍ മാലിദ്വീപിന് സമീപം, തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി; മഴ ശക്തമാക്കുന്നു

ചിന്നസ്വാമിയിലെ ഉയിർപ്പ്; യാഷ് ദയാല്‍ 'ദ ഫിനിഷർ'