WORLD

പലസ്തീന് അംഗത്വം നല്‍കാനുള്ള യുഎൻ പ്രമേയം: വീറ്റോ ചെയ്ത് അമേരിക്ക, വിട്ടുനിന്ന് യുകെയും സ്വിറ്റ്സർലൻഡും

വെബ് ഡെസ്ക്

പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്ന ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പില്‍ സുരക്ഷാ സമിതിയിലെ 15 അംഗ രാജ്യങ്ങളില്‍ 12 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയും യുകെയും സ്വിറ്റ്‌സര്‍ലന്‍ഡും വിട്ടുനില്‍ക്കുകയുമായിരുന്നു.

അമേരിക്കയുടെ വീറ്റോയെ വിമര്‍ശിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് രംഗത്തെത്തി. ''ഇത് അന്യായവും അധാര്‍മികവും നീതിരഹിതവും ഐക്യരാഷ്ട്രസഭയില്‍ പലസ്തീന് പൂര്‍ണ അംഗത്വം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ഇഷ്ടത്തെ ധിക്കരിക്കുന്നതുമാണ്,'' അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പ്രമേയത്തെ ചരിത്രനിമിഷമെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ മേഖലയിലെ ഐക്യരാഷ്ട്ര സഭ അംബാസഡര്‍ റിയാദ് മന്‍സൂര്‍ പലസ്തീനെ മുഴുവന്‍ അംഗത്വമുള്ള രാജ്യമായി അംഗീകരിച്ചുകൊണ്ട് ദ്വിരാഷ്ട്ര പരിഹാരത്തില്‍ ആഗോള സമവായം സ്ഥാപിക്കുന്നതിലേക്ക് സുരക്ഷാ സമിതി സ്വയം ഉയരുമെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രമേയത്തെ ലജ്ജാകരമായ നിര്‍ദേശമെന്ന് വിളിച്ച ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഇസ്രയേല്‍ കാട്‌സ് വീറ്റോ ചെയ്ത അമേരിക്കയുടെ നടപടിയെ പ്രശംസിച്ചു. ''ആറ് മാസം നീണ്ടുനില്‍ക്കുന്ന ഹോളോകാസ്റ്റിനുശേഷമുള്ള ജൂതന്മാരുടെ ഏറ്റവും വലിയ കൂട്ടക്കൊലയ്ക്കും ഹമാസ് തീവ്രവാദികള്‍ നടത്തുന്ന ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും മറ്റ് ക്രൂരതകള്‍ക്കും തീവ്രവാദത്തിനുള്ള പ്രതിഫലമാണ് ഈ പ്രമേയം,'' അദ്ദേഹം എക്‌സില്‍ കുറിച്ചു.

സുരക്ഷാ സമിതിയുടെ പ്രമേയത്തിനെതിരെ വോട്ട് ചെയ്യുമെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പിലെ ഉപ വക്താവ് വേദാന്ത് പട്ടേല്‍ അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയിലെ രാഷ്ട്രമാകാനുള്ള മാനദണ്ഡങ്ങള്‍ പലസ്തീനികള്‍ പാലിക്കുന്നുണ്ടോയെന്ന കാര്യത്തില്‍ ഏകാഭിപ്രായമില്ല. ഇസ്രയേലും പലസ്തീനികളും തമ്മിലുള്ള ചര്‍ച്ചകള്‍ മുന്‍നിര്‍ത്തിയായിരിക്കും ഭാവിയിലെ രാഷ്ട്ര പദവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സഭയില്‍ പൂര്‍ണ അംഗരാജ്യമായി അംഗീകരിക്കാനുള്ള ശ്രമങ്ങള്‍ 2011 മുതലാണ് പലസ്തീന്‍ ആരംഭിക്കുന്നത്. നിലവില്‍ നിരീക്ഷണ പദവിയുള്ള അംഗമല്ലാത്ത സ്ഥാനമാണ് പലസ്തീനിന്റേത്. 2012 നവംബറിലാണ് ഈ പദവി പലസ്തീന് ലഭിക്കുന്നത്.

ആര്‍എസ്എസിന്റെ സഹായം വേണ്ട കാലം കഴിഞ്ഞു; ബിജെപി വളര്‍ന്നു, ശക്തി പ്രാപിച്ചു: ജെ പി നദ്ദ

വിദ്വേഷ പ്രസംഗം: പ്രധാനമന്ത്രിക്കെതിരെയുള്ള പരാതിയിൽ എന്ത് നടപടി സ്വീകരിച്ചെന്ന് പോലീസിനോട് ഡൽഹി കോടതി

വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി തിരികെയെത്തി; ചോദ്യങ്ങളോട് പ്രതികരിച്ചില്ല, മന്ത്രി റിയാസ് നാളെയെത്തും

ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

പ്രചാരണത്തിനിടെ കനയ്യ കുമാറിന് നേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്