WORLD

ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിലെ മലയാളി യുവതി തിരിച്ചെത്തി,16 ഇന്ത്യക്കാരെ മോചിപ്പിക്കാനുള്ള ശ്രമം ഊർജിതം

വെബ് ഡെസ്ക്

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ കപ്പൽ എം എസ് സി ഏരീസിലെ ഏക മലയാളി യുവതി ആൻ ടെസ്സ ജോസഫിനെ നാട്ടിലെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ്സ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ടെഹ്‌റാൻ കേന്ദ്രീകരിച്ച് ഇന്ത്യ നടത്തിയ രക്ഷാദൗത്യങ്ങളുടെ ഭാഗമായി 17 അംഗ ക്രൂവിലെ മലയാളി യുവതിയെ സുരക്ഷിതമായി കൊച്ചി എയർപോർട്ടിലെത്തിക്കാൻ സാധിച്ചു എന്നും, ബാക്കിയുള്ള 16 പേർക്കുവേണ്ടിയുമുള്ള ശ്രമങ്ങൾ ഊർജിതമായി നടത്തുകയാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി.

കൊച്ചിയിൽ റീജിയണൽ പാസ്പോർട്ട് ഓഫീസർ ജോസഫ് ആൻ ടെസ്സയെ വിമാനത്താവളത്തിൽ സ്വീകരിച്ചു. ടെഹ്‌റാൻ കേന്ദ്രീകരിച്ചുള്ള രക്ഷാദൗത്യങ്ങൾ തുടരുകയാണെന്നും, ബാക്കിയുള്ള 16 പേരുടെയും ആരോഗ്യാവസ്ഥയിൽ ആശങ്കകളൊന്നുമില്ലെന്നും അവരുമായി സർക്കാരും കുടുംബാംഗങ്ങളും നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഏപ്രിൽ 13നാണ് 17 ഇന്ത്യൻ ക്രൂ അംഗങ്ങൾ ഉൾപ്പെടുന്ന എം എസ് സി ഏരീസ് എന്ന കണ്ടെയ്നർ കപ്പൽ ഇറാനിയൻ കമാൻഡോകൾ പിടിച്ചെടുക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാനിയൻ വിദേശകാര്യ മന്ത്രി ആമിർ അബ്ദൊള്ളാഹിയനുമായി ആശയവിനിമയം നടത്തിയിരുന്നു. ആൻ ടെസയുടെ പേര് മുഖ്യമന്ത്രി കേന്ദ്രസർക്കാരിനയച്ച കത്തിൽ ഉൾപ്പെടുത്തിയിരുന്നില്ല എന്ന് കുടുംബം നേരത്തെ പറഞ്ഞിരുന്നു. കേരളത്തിൽ നിന്നൊരു യുവതി ക്രൂവിലുണ്ടെന്ന് ആദ്യം അറിയില്ലായിരുന്നെന്നും, അത് അറിഞ്ഞതുമുതൽ കൃത്യമായി കേന്ദ്ര സർക്കാരുമായി ആശയവിനിമയം നടത്തിയിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫിസും വിശദീകരിച്ചു. കേരളത്തിൽ നിന്ന് ആൻ ടെസയെ കൂടാതെ മൂന്ന് മലയാളികൾ കൂടി ക്രൂവിലുണ്ട്. സുമേഷ്, പി വി ദിനേശ്, ശ്യാംനാഥ് എന്നിവരാണ് മറ്റു മലയാളികൾ.

പോര്‍ച്ചുഗീസ് പതാകയുള്ള എംഎസ്‌സി ഏരീസ് എന്ന കപ്പൽ ഇറാന്‍ നാവികസേനാ കമാന്‍ഡോകൾ ഹോര്‍മുസ് കടലിടുക്കിനു സമീപത്തുനിന്ന് പിടിച്ചെടുത്ത് തങ്ങളുടെ തീരത്തെത്തിച്ചത്. കമാൻഡോകൾ യുഎഇയിലെ തുറമുഖ നഗരമായ ഫുജൈറയ്ക്കു സമീപം ഹെലികോപ്റ്ററിലെത്തി കപ്പല്‍ പിടിച്ചെടുത്തുവെന്നാണ് ലണ്ടനിലെ മാരിടൈം ട്രേഡ് ഓപ്പറേഷന് ലഭിച്ച റിപ്പോര്‍ട്ട്.

സെപാ നേവി പ്രത്യേകസംഘമാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു. കമാന്‍ഡോകള്‍ കപ്പലിലേക്ക് ഇരച്ചുകയറുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ് പുറത്ത് വിട്ടിരുന്നു.

സിറിയയിലെ തങ്ങളുടെ കോൺസുലേറ്റിനുനേരെ നടത്തിയ ആക്രമണത്തിന് ഇറാൻ 48 മണിക്കൂറിനുള്ളിൽ തിരിച്ചടി നൽകാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണവിഭാഗം കഴിഞ്ഞദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാൻ സൈന്യത്തിന്റെ പ്രധാന കമാൻഡർമാരിൽ ഒരാളായിരുന്ന മുഹമ്മദ് റെസ സഹേരി ഉൾപ്പെടെ ഏഴു പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ