ഇന്ത്യ ,അമേരിക്ക
ഇന്ത്യ ,അമേരിക്ക 
WORLD

'ഇന്ത്യയുമായുളള ഡ്രോൺ കരാർ റദ്ദാക്കിയിട്ടില്ല'; വാർത്തകൾ തള്ളി അമേരിക്ക, വിദേശകാര്യ വകുപ്പിന്റെ അംഗീകാരം

വെബ് ഡെസ്ക്

ഇന്ത്യയുമായുള്ള നിർദിഷ്ട ഡ്രോൺ കരാറിന് അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ അംഗീകാരം. ഖലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിങ് പന്നുവിനെ കൊലപ്പെടുത്താന്‍ ഇന്ത്യ ഗൂഢാലോചന നടത്തിയെന്ന ആരോപണം നിലനിൽക്കെയാണ് കരാറിന് യുഎസ് അംഗീകാരം നൽകിയത്.

പന്നുവിനെ കൊലപ്പെടുത്തിയത് ഇന്ത്യയാണെന്നും കരാർ റദ്ദാക്കണമെന്നും യുഎസ് നിയമനിർമാണ സഭയിലെ അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങൾ മറികടന്നാണ് 3.99 ബില്യൺ ഡോളർ വിലമതിക്കുന്ന 31 MQ-9B ഡ്രോണുകളും അനുബന്ധ സൈനിക ഉപകരണങ്ങളും ഇന്ത്യയ്ക്ക് വിൽക്കുന്നതിനുള്ള അംഗീകാരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് നൽകിയത്.

ഗുർപത്വന്ത് സിങ് പന്നൂനെ കൊല്ലാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യ അന്വേഷിക്കുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി. നേരത്തെ പന്നുവിന്റെ കൊലപാതകം ചൂണ്ടിക്കാട്ടി ഇന്ത്യയുമായുള്ള കരാർ യുഎസ് തടഞ്ഞുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഈ വാർത്തകൾ തള്ളിയാണ് യുഎസ് കരാറിന് അംഗീകാരം നൽകിയത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിലായിരുന്നു യുഎസ് - ഇന്ത്യ ഡ്രോൺ കരാർ ഒപ്പുവച്ചത്. സാങ്കേതിക സഹകരണം മെച്ചപ്പെടുത്തുന്നതിനും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുമാണ് കരാർ.

ജനറൽ അറ്റോമിക്‌സിന്റെ MQ-9B, HALE UAVകൾ വാങ്ങാനാണ് ഇന്ത്യയുടെ പദ്ധതി. ഇന്തോ-പസഫിക്, ദക്ഷിണേഷ്യൻ മേഖലയിലെ രാഷ്ട്രീയ സുസ്ഥിരത, സമാധാനം, സാമ്പത്തിക പുരോഗതി എന്നിവ ഉറപ്പുവരുത്തുന്നതിൽ പ്രധാന ശക്തിയായി തുടരുന്നതിനും പ്രധാന പ്രതിരോധ പങ്കാളികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നതെന്ന് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

'നിർദിഷ്ട വിൽപ്പന, കടൽ പാതകളിൽ ആളില്ലാ നിരീക്ഷണവും നിരീക്ഷണ പട്രോളിങ്ങും പ്രാപ്തമാക്കുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള ഇന്ത്യയുടെ കഴിവ് മെച്ചപ്പെടുത്തും. ഇന്ത്യ അതിന്റെ സൈന്യത്തെ നവീകരിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചുവെന്നും യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്ട്ട്‌മെന്റ് അറിയിച്ചു.

യുഎസ് കോൺഗ്രസിന്റെ അംഗീകരത്തിന് പിന്നാലെ ഒരു മാസത്തിനകം ഇന്ത്യയുമായുള്ള കരാരിന്റെ ഭാഗമായി ബൈഡൻ സർക്കാർ അംഗീകാര കത്ത് നൽകും. സുരക്ഷ സംബന്ധിച്ച ഇന്ത്യൻ കാബിനറ്റ് കമ്മിറ്റിയുടെ ആവശ്യമായ അനുമതിക്ക് ശേഷം യഥാർഥ കരാർ ഒപ്പിടുന്നതിന് മുമ്പ് അന്തിമ ചെലവ് ചർച്ചകൾ നടക്കും. ഇതിന് ശേഷമായിരിക്കും ഡ്രോണുകൾ ഇന്ത്യയ്ക്ക് കൈമാറുക.

യുദ്ധവിമാനത്തിന്റെ വലുപ്പമുള്ള MQ-9B ഡ്രോണുകൾ 40,000 അടിയിൽ കൂടുതൽ ഉയരത്തിൽ 40 മണിക്കൂർ പറക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, ഐഎസ്ആർ (ഇന്റലിജൻസ്, നിരീക്ഷണം, രഹസ്യാന്വേഷണം) ദൗത്യങ്ങൾക്കായി ഹെൽഫയർ എയർ-ടു ഗ്രൗണ്ട് മിസൈലുകളും സ്മാർട്ടും ഡ്രോണുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.

വൈറലായി ഐ ടാറ്റൂയിങ്; കാഴ്ച നഷ്ടപ്പെടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനം; രാഹുലിനെ സഹായിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍