WORLD

'ഭരണഘടനാവിരുദ്ധം'; പാക് രാജ്യദ്രോഹനിയമം റദ്ദാക്കി ലാഹോർ ഹൈക്കോടതി

വെബ് ഡെസ്ക്

പാകിസ്ഥാനിലെ രാജ്യദ്രോഹ നിയമമായ 124 എ വകുപ്പ് റദ്ദാക്കി ലാഹോർ ഹൈക്കോടതി. ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ഉത്തരവെന്ന് പാക് മാധ്യമമായ ദി ഡോൺ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ എതിരാളികൾക്കെതിരെ സർക്കാരുകൾ രാജ്യദ്രോഹ നിയമം ഉപയോഗിക്കുന്നുവെന്നും അസാധുവാക്കണമെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ജസ്റ്റിസ് ഷാഹിദ് കരീമാണു വിധി പ്രസ്താവിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ വർഷം സമർപ്പിച്ച മറ്റൊരു ഹർജി ഇസ്ലാമാബാദ് ഹൈക്കോടതി തള്ളിയിരുന്നു.

ഓരോ പൗരനും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം പാകിസ്ഥാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു

വാക്കുകളിലൂടെയോ (എഴുതിയതോ പറഞ്ഞതോ ആയ) ചിഹ്നങ്ങളിലൂടെയോ, ദൃശ്യങ്ങളിലൂടെയോ, അല്ലെങ്കിൽ മറ്റു മാർഗങ്ങളിലൂടെയോ വിദ്വേഷമോ ശത്രുതയോ സൃഷ്ടിക്കുകയോ അതിനു ശ്രമിക്കുകയോ ചെയ്യൽ തുടങ്ങിയവയാണ് രാജ്യദ്രോഹക്കുറ്റത്തിൽ ഉൾപ്പെടുന്നത്.

ഓരോ പൗരനും അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം പാകിസ്ഥാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, കൊളോണിയൽ കാലത്തെ ഈ നിയമം സർക്കാരുകൾക്കെതിരെ എതിരഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ ജീവപരന്ത്യം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ഭരണഘടനയിലെ അനുച്ഛേദം 9, 14, 15 പ്രകാരം നൽകിയിട്ടുള്ള മൗലികാവകാശങ്ങളുമായി പൊരുത്തപ്പെടാത്തതും അവയെ അവഹേളിക്കുന്നതുമാണ് അനുച്ഛേദം എട്ട് പ്രകാരമുള്ള രാജ്യദ്രോഹ നിയമം. ഇതുപ്രകാരമുള്ള കുറ്റങ്ങൾക്ക് ജീവപരന്ത്യം തടവും പിഴയും വരെ ശിക്ഷ ലഭിക്കാം.

മൗലികാവകാശങ്ങൾ തടഞ്ഞുള്ള ചൂഷണങ്ങൾക്കുള്ള ഉപകരണമായി ഇത് അശ്രദ്ധമായി കൈകാര്യം ചെയ്യുന്നു. കുറച്ച് വർഷങ്ങളായി നിരവധി രാഷ്ട്രീയപ്രവർത്തകർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവർക്കെതിരെ 124 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഹർജിക്കാർ വാദിച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന് സമാനമാണ് പാകിസ്താനിലെ രാജ്യദ്രോഹ നിയമവും. ഇന്ത്യയിൽ ഈ നിയമം സുപ്രീം കോടതി കഴിഞ്ഞ വർഷം മരവിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ പുനഃപരിശോധിക്കുന്നതുവരെയാണ് മരവിപ്പിച്ചത്.

പുനഃപരിശോധന കാലയളവിൽ ഈ വകുപ്പിന് കീഴിൽ എഫ്‌ഐ‌ആറുകൾ രജിസ്റ്റർ ചെയ്യുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. 124 എ വകുപ്പ് പ്രകാരം ചുമത്തിയ കുറ്റങ്ങളുമായി ബന്ധപ്പെട്ട് തീർപ്പുകൽപ്പിക്കാത്ത എല്ലാ വിചാരണകളും അപ്പീലുകളും നടപടികളും നിർത്തിവയ്ക്കാനും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

2019 ൽ പാകിസ്താൻ മുൻ പ്രസിഡന്റും മുൻ പട്ടാള മേധാവിയുമായ ജനറൽ പർവേസ് മുഷറഫിനെ വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയാണ് ജസ്റ്റിസ് ഷാഹിദ് കരീം.

'മുസ്ലിങ്ങള്‍, കാടന്‍ നിയമം, വര്‍ഗീയ ഭരണം'; യെച്ചൂരിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശൻ

സംസ്ഥാനത്ത് മഴ കനക്കുന്നു; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്

'രണ്ട് മാധ്യമപ്രവർത്തകരുടെ ഫോണ്‍ കോളിലൂടെ അവസാനിച്ച സോളാര്‍ സമരം, പാർട്ടിനീക്കം അറിയാത്ത തോമസ് ഐസക്കും'; വെളിപ്പെടുത്തൽ

സംസ്ഥാനത്ത് വരള്‍ച്ച കൊണ്ടുപോയത് 275 കോടിയുടെ കൃഷി; കൂടുതല്‍ നാശനഷ്ടം ഇടുക്കിയില്‍

IPL 2024| ഹാർദിക്കില്‍ 'ബാലന്‍സ്' തെറ്റിയ ഗുജറാത്ത്; സീസണില്‍ പിഴച്ചതെവിടെ?