WORLD

വിശ്വസ്തയായ സുവെല്ല ബ്രെവർമാനെ കൈവിട്ട് സുനക്, ഡേവിഡ് കാമറൂണിന്റെ നാടകീയ തിരിച്ചുവരവ്; യുകെയിലെ രാഷ്ട്രീയ നാടകങ്ങള്‍

വെബ് ഡെസ്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തന്റെ വിശ്വസ്തയായ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രെവർമാനെ പുറത്താക്കി. ആഗോള രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ടുള്ള നീക്കത്തില്‍ സുവെല്ലയ്ക്ക് പകരം മുന്‍ പ്രധാനമന്ത്രി കൂടിയായ ഡേവിഡ് കാമറൂണിനാണ് ചുമതല നല്‍കിയിരിക്കുന്നത്. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമാണ് പുതിയ നീക്കമെന്നെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ പലസ്തീന്‍ വിഷയം മുതല്‍ യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വരെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ലണ്ടനിൽ നടന്ന പലസ്തീൻ അനുകൂല റാലിയെ എതിർത്ത് ബ്രെവർമാൻ രംഗത്തെത്തിയത് വലിയ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. റാലിയെ എതിർത്ത വലതുപക്ഷക്കാരെ പോലീസ് കൈകാര്യം ചെയ്തത് ശരിയായിലല്ല എന്നുപറഞ്ഞ് ബ്രെവർമാൻ നവംബർ 8ന് ദി ടൈംസിൽ എഴുതിയ ലേഖനം ആയിരുന്നു പ്രധാന വിഷയം. ലേഖനത്തിനെതിരെ കടുത്ത വിമർശനങ്ങൾ പല ഭാഗത്ത് നിന്നായി ഉയരുകയായിരുന്നു. ബ്രെവർമാനെതിരെ എടുത്ത നടപടിയിൽ കൺസെർവേറ്റിവ് പാർട്ടിയിലെതന്നെ വലതുപക്ഷ അനുഭാവികൾ അതൃപ്തരാണെന്നറിഞ്ഞിട്ടും തീരുമാനവുമായി ഋഷി സുനക് മുന്നോട്ടു പോവുകയായിരുന്നു.

പലസ്തീന്‍ വിഷയം മുതല്‍ യുകെയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വരെ തീരുമാനത്തെ സ്വാധീനിച്ചു

വിവാദ പ്രസ്താവനയെതുടർന്ന് ബ്രെവർമാനെ പുറത്തതാക്കാൻ ഋഷി സുനക്കിനു മുകളിൽ പ്രതിപക്ഷത്തിന്റെ സമ്മർദ്ദമുണ്ടായിരുന്നു. ഇന്ത്യൻ വംശജയായ സുവെല്ല ബ്രെവർമാൻ നിരവധി സന്ദർഭങ്ങളിൽ താൻ സ്വീകരിച്ച നിലപാടുകളിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. പ്രത്യേകിച്ച് കുടിയേറ്റക്കാരെയും, പ്രതിഷേധക്കാരെയും, പോലീസിനെയും കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങളിലൂടെ.

"ബ്രിട്ടീഷ് സർക്കാരിൽ ഹോം സെക്രട്ടറിയായി സേവനമനുഷ്ഠിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, ഇനിയും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്, സമയമാകുമ്പോൾ പറയാം" എന്നുമാണ് മാധ്യമങ്ങളോട് സംസാരിക്കവെ സുവെല്ല ബ്രെവർമാൻ പറഞ്ഞത്.

പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വിമർശിച്ചുകൊണ്ട് ബ്രെവർമാൻ പരസ്യമായി രംഗത്തെത്തുന്നത് നവംബര്‍ 11നാണ്. വലതുപക്ഷ വാദികൾക്കെതിരെ ശക്തമായ നടപടികളും അഭിപ്രായപ്രകടനങ്ങളും നടക്കുന്ന സ്ഥലത്ത്, സമാനമായ രീതിയിൽ നടക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ ആരും പ്രതികരിക്കുന്നില്ല എന്നതായിരുന്നു ബ്രെവർമാന്റെ പ്രസ്താവന. പല പോലീസ് ഉദ്യോഗസ്ഥരുമായി താൻ സംസാരിച്ചിട്ടുണ്ടെന്നും അവരും ഈ ഇരട്ടത്താപ്പ് ശ്രദ്ധിച്ചിട്ടുണ്ടെന്നും ബ്രെവർമാൻ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതിഷേധം സംഘടിപ്പിക്കുന്നവർക്ക് ഹമാസ് പോലുള്ള ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ബ്രെവർമാൻ ആരോപിക്കുന്നു. വലതുപക്ഷവാദികളും പലസ്തീൻ അനുകൂല പ്രതിഷേധക്കാരും തമ്മിൽ സംഘർഷ സാധ്യത ഉണ്ടായ സാഹചര്യത്തിൽ സമരക്കാർക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നും ബെർവർമാൻ പറയുന്നു. മൂന്നു ലക്ഷത്തോളം വരുന്ന പലസ്തീൻ അനുകൂല പ്രതിഷേധക്കാർക്കു നേരെ തിരിഞ്ഞ140ഓളം വരുന്ന വലതുപക്ഷവാദികളെയാണ് അറസ്റ്റ് ചെയ്തു മാറ്റിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

ബ്രെവർമാന്റെ പ്രസ്താവനയെതുടർന്നാണ് പ്രശ്നം വഷളായതെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. ഭരണകക്ഷിയായ കൺസെർവേറ്റിവ് പാർട്ടിയിൽ നിന്നും ബ്രെവർമാനെ പുറത്താക്കണമെന്നുള്ള അഭിപ്രായമുയർന്നതോടെയാണ് ഋഷി സുനക്ക് ഇത്തരത്തിൽ ഒരു നിലപാടിലേക്ക് പോയത്.

ആരാണ് ബ്രെവർമാൻ

2015 ൽ ഫെയർഹാമിൽ നിന്ന് യുകെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടയാളാണ് സുവെല്ല ബ്രെവർമാൻ. 2020, 2022 വർഷങ്ങളിൽ ഇംഗ്ലണ്ടിന്റെയും വെയ്ൽസിന്റെയും അറ്റോർണി ജനറലായിരുന്നു. ബ്രിട്ടൻ യുറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് കടക്കാന്‍ തീരുമാനിച്ച ബ്രെക്സിറ്റ് സമയത്ത് പ്രധാനമന്ത്രി തെരേസ മേയുടെ കീഴിലെ ജൂനിയർ മന്ത്രിയുമായിരുന്നു.

2022ൽ ബോറിസ് ജോൺസണെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ടവരിലും സുവെല്ല ബ്രെവർമാൻ ഉണ്ടായിരുന്നു. പക്ഷെ ഒടുവിൽ പരാജയപ്പെട്ടു. ലിസ് ട്രസ് പ്രധാനമന്ത്രിയായിരുന്ന സമയത്തും ബ്രെവർമാൻ മന്ത്രിയായിരുന്നു എന്നാൽ പിന്നീട് രാജിവെക്കേണ്ടിവന്നു. 1960ൽ ബ്രിട്ടനിലേക്ക് വന്ന ഇന്ത്യൻ വംശജരാണ് ബ്രെവർമാന്റെ മാതാപിതാക്കൾ. ബ്രിട്ടീഷ് അധിനിവേശത്തെ ന്യായീകരിക്കുകയും, അഭയാർത്ഥികളെ തള്ളിപ്പറയുകയും ചെയ്യുന്ന ആളാണ് സുവെല്ല ബ്രെവർമാൻ

'എതിര്‍ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്നു, രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കുന്നു'; മോദിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്, കാലം മാറുമ്പോള്‍ സമീപനങ്ങളും മാറ്റും: രാഹുല്‍ ഗാന്ധി

'ഇത് അവസാനത്തേത്'; രോഹിത് മുംബൈ വിടുന്നു? അഭിഷേക് നായരുമായുള്ള സംഭാഷണം പുറത്ത്

ഹനുമാന്‍ ക്ഷേത്ര ദര്‍ശനത്തിന് പിന്നാലെ കെജ്‌രിവാള്‍ പാര്‍ട്ടി ആസ്ഥാനത്ത്, ആവേശത്തില്‍ എഎപി പ്രവര്‍ത്തകര്‍

പ്രജ്വലിന്റെ ലൈംഗിക വീഡിയോ പ്രചരിപ്പിച്ച കേസ്: ബിജെപി നേതാവ് അറസ്റ്റില്‍